നെഗറ്റീവ് എനെർജി: കവിത , മേരി അലക്സ് (മണിയ)

നെഗറ്റീവ് എനെർജി: കവിത , മേരി അലക്സ് (മണിയ)

 

 

"നീ ഒരു നെഗറ്റീവ് എനർജിയാണ്,"

"നിന്നോട് സംസാരിക്കാൻ ഞാനില്ല "

പല തവണ കേട്ടു. പിന്നെയും പലത് 

"ആരും വരില്ല നിന്നോട് മിണ്ടാൻ."

"വെറുതെയല്ല നിനക്ക്

ആരുമില്ലാത്തത് "

"വെറുതെയാണോ നിനക്ക് കൂട്ടുകാരില്ലാത്തത് "

ശരിയോ?

ആരും വരില്ലേ,എന്നോടൊന്നു മിണ്ടാൻ?

എവിടെ എനിക്കുണ്ടായിരുന്ന കൂട്ടുകാരൊക്കെ?

ആരാണവരെ എനിക്കു നഷ്ടപ്പെടുത്തിയത്?

ആരാണവരെ എന്നിൽ നിന്നകറ്റിയത്?

പല പല ചോദ്യങ്ങൾ.

ഉള്ളിലിരുന്നാരോ മുരണ്ടു ,

ഞാനൊരു നെഗറ്റീവ് എനെർജിയോ ?

ഞാനെന്നോടു തന്നെ ചോദിച്ചു

ആണോ?

എങ്ങനെ അറിയാൻ?

ഞാൻ എന്നെത്തന്നെ അപഗ്രഥിച്ചു. 

അപ്പോൾ ഒന്നു ഞാൻ കണ്ടെത്തി,

വേണ്ട ആരും വരണ്ട.

ആരും മിണ്ടിയില്ലെങ്കിലെന്ത്?

ആരും കൂട്ടില്ലെങ്കിലെന്ത്?

അതിനുള്ള മറുപടി !

എനിക്കെഴുതണം,

എന്റെ ഹൃദയവിചാരങ്ങൾ,

ഉള്ളു തുറന്ന്‌.

എനിക്കു ശാന്തമായി ഉറങ്ങണം,

മതി വരുവോളം.

എനിക്കു ചിരിക്കണം,

പൊട്ടിപ്പൊട്ടി.

എനിക്കു കരയണം,

തല തല്ലി.

ചിരിച്ചും കരഞ്ഞും

ഉണ്ടും ഉറങ്ങിയും 

ജീവിച്ച് ജീവിച്ച്

ഒരു നാൾ മരിക്കണം

ചിലരെങ്കിലും ചോദിക്കും 

അവൾക്കു ഭ്രാന്തായിരുന്നോ?

 ആരെങ്കിലുമൊക്കെ പറയും.

 'പാവം ! അവൾ പാവമായിരുന്നെന്ന് '