ഓണപ്പതിപ്പ് : നർമ്മം , ഡോ.ജേക്കബ് സാംസൺ

ഓണപ്പതിപ്പ്  : നർമ്മം , ഡോ.ജേക്കബ് സാംസൺ
"മനോഹരമായ ആ രാത്രിയിൽ പൂക്കൾ വിടരുന്നതും പൂമ്പാറ്റകൾ
പാടുന്നതും സ്വപ്നം കണ്ടുകൊണ്ട്
അയാൾ കിടന്നു."
"എന്തോന്ന്...സാറേ.. പൂമ്പാറ്റകൾ പാടുമോ?"
"സ്വപ്നത്തിലല്ലേ? സ്വപ്നത്തിൽ പാടാം.നീ ഞാൻ പറയുന്നതുപോലെ
എഴുതിയാൽ മതി."
ശരി.... പൂമ്പാറ്റ പാടിക്കോട്ടെ..ബാക്കി കൂടി പറ. ആ ഉണക്ക പത്രാധിപർ വരാന്തയിൽ കാത്തിരിക്കുന്നു.
"എഴുതിക്കോ :
'ഇരുട്ടിന്റെ ചിറകിലേറി അവൾ വന്നു.'
"ആര്?"
"ആരായാൽ തനിക്കെന്ത്? എനിക്കെന്ത്? അത് നിരൂപകന്മാർ ചർച്ചചെയ്തു കണ്ടുപിടിക്കട്ടെ"
"ആയിക്കോട്ടെ.പക്ഷെ സാറേ ഓണം വിശേഷാൽപ്രതിക്കാണ്എഴുതാൻ പറഞ്ഞത്.ഇരുട്ടിൻ്റെ ചിറകിൽ കേറി
വന്നാൽ ശരിയാകുമോ?"'
"ഓണപ്പതിപ്പാണോ? എന്നാൽ അടുത്ത വരി ഇങ്ങനെ എഴുതി
ക്കോ? -
   'കാതരമായ സ്വരത്തിൽ അവൾ ചോദിച്ചു:
"മഹാബലി വരുമോ?"  
" വന്നുകഴിഞ്ഞല്ലോ?"അയാൾ പറഞ്ഞു.
" എന്നിട്ടെന്തു പറഞ്ഞു ?"  
" സുഖമാണോ? എന്ന് ചോദിച്ചു"
" എന്നിട്ടയാൾ എന്തുപറഞ്ഞു ?"
" മഹാബലിയുടെ മുഖത്ത് നോക്കി അയാൾ പറഞ്ഞു:
- താങ്കളുടെ ഭരണം പോയ ശേഷം ഞങ്ങൾ ഇവിടെ ജാളിയായി കഴിയുന്നു.വാസ്തവത്തിൽ അന്ന് മുതലാണ് ഭരണനേട്ടം എന്താണെന്ന് ഞങ്ങളറിഞ്ഞത് . കണ്ടില്ലേ?
ഊഞ്ഞാലും പൂക്കളവും ഓണസദ്യയു മെല്ലാം. ഭരണം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിൽ ഇനി ഇങ്ങോട്ട് 
വരണമെന്നില്ല.ഞങ്ങൾ വിട്ടുതരില്ല.ഭരിക്കുന്നതിൻ്റെഗുണം ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലായി.
സദ്യയുമുണ്ട് വന്നവഴിക്ക് തിരിച്ചു പൊയ്ക്കോളൂ.ആഘോഷമായി തന്നെപറഞ്ഞുവിട്ടേക്കാം. ആണ്ടുതോറു മുളള ഈ വരവുകൊണ്ട് താങ്കൾക്ക്
ഗുണമൊന്നും വരാനില്ല " 
"ഇത്രയേയുള്ളോ കഥ" 
"ഇല്ല. മാവേലിയുടെ മറുപടി കൂടിയുണ്ട്."
" എന്നാൽപ്പിന്നെ അതും കൂടി പറയൂ.പത്രാധിപർ പിടച്ചോണ്ട് നില്ക്കുന്നു."
"എഴുതിക്കോ..
- മഹാബലി പുഞ്ചിരിയോടെ പറഞ്ഞു"അഭിപ്രായങ്ങളൊക്കെ മാറും.മാറാതിരിക്കില്ല. ഞാൻ അടുത്ത വർഷവും വരും."
"ഇത്രയും പോരേ?"
" മതി. പരസ്യത്തിന്റെ ഇടയ്ക്ക് കൊടുക്കാൻ മാറ്റർ എന്തെങ്കിലുമൊക്കെ വേണമെന്നേയുള്ളൂ.ആരും ഇതൊന്നും വായിക്കുകയില്ലെന്നാണ് പത്രാധിപർ 
പറഞ്ഞത്."