നോര്‍ക്കയുടെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കോഴിക്കോടും

നോര്‍ക്കയുടെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കോഴിക്കോടും

കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുള്ള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) പുതിയ കേന്ദ്രം കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി.

ക്ലാസുകള്‍ തിങ്കളാഴ്ച്ച തുടങ്ങും. ചിന്താവളപ്പില്‍ സി.എം മാത്യൂ സണ്‍സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ശിലാഫലകം അനച്ഛാദനവും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഇംഗ്ലീഷ് ഭാഷയില്‍ ഒഇടി (ഒക്യുപേഷനല്‍ ഇംഗ്ലീഷ് ടെസ്റ്റ്), ഐ.ഇ.എല്‍.ടി.എസ് (ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം), ജര്‍മന്‍ ഭാഷയില്‍ സി.ഇ.എഫ്.ആര്‍ (കോമണ്‍ യൂറോപ്യന്‍ ഫ്രെയിം വര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ്) എ1, എ21, ബി1 ലെവല്‍ വരെയുള്ള കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കേന്ദ്രത്തില്‍ ഉണ്ടാവുക. രാവിലെ ഒമ്ബത് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെയും രണ്ട് ബാച്ചുകളായാണുള്ളത്. ഒരു ബാച്ചില്‍ 100 വിദ്യാര്‍ഥികള്‍ ഉണ്ടാവും.

മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്ററായും കേന്ദ്രം പ്രവര്‍ത്തിക്കും. പഠനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക വഴിയുള്ള വിദേശ റിക്രൂട്ട്‌മെന്റില്‍ പരിഗണന ലഭിക്കും. വിദേശ തൊഴില്‍ദാതാവുമായി നേരിട്ടുള്ള അഭിമുഖം. അന്താരാഷ്ട്ര തലത്തിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കാനുള്ള പരിശീലനം, ആധുനിക സൗകര്യങ്ങളുള്ള നാല് സൗണ്ട് പ്രൂഫ് ക്ലാസ് റൂമുകള്‍ എന്നിവയാണ് നോര്‍ക്കയുടെ രണ്ടാമത്തെ എന്‍.ഐ.എഫ്.എല്‍ കേന്ദ്രമായ കോഴിക്കോട് ഒരുക്കിയിട്ടുള്ളത്.

ഓഫ്‌ലൈന്‍ കോഴ്‌സുകളില്‍ ബിപിഎല്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമാണ്. എപിഎല്‍, ജനറല്‍ വിഭാഗക്കാര്‍ക്ക് 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും.

നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ നാസര്‍, ഹോം ഓതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി എന്നിവര്‍ സംസാരിച്ചു.