പെങ്കുട്ട്യോൾടെ ദിനം: കവിത , ശ്രീജ വിധു

പെങ്കുട്ട്യോൾടെ ദിനം: കവിത , ശ്രീജ വിധു

ആങ്കുട്ടിയാവും
എന്നെല്ലാവരും
ലക്ഷണം കൊണ്ട് 
ഉറപ്പിച്ചിട്ട്
പെങ്കുട്ടിയായി
പുറത്തെത്തിയ
 തല മൂത്തവളാണ് 
അവൾ,
എന്റെ മകൾ.
അവൾക്കതിന്റെ ചില
അസ്കിതകൾ
ഉണ്ടെന്നത് സത്യം.
ഇടയ്ക്കിടെ
അവളുടെ ഉള്ളിലെ
പിറക്കാതെ പോയ 
അവനുണരും
പിന്നെ പൊടിപൂരമാണ്
കുറ്റങ്ങൾ കണ്ടെത്തി
പരാതി നിരത്തും
വാദിച്ചു തോല്പിക്കും.
ചിലപ്പോൾ 
അവളിലെ
മൂത്ത സന്താന
പ്രേതമുണരും 
അപ്പോൾ സ്ഥിതി
വേറെ ലെവലാണ് 
ഉപദേശം, മെരട്ടൽ
അങ്ങനെ പോകും
കാര്യങ്ങൾ.
ചിലപ്പോൾ അവളിലെ
പെങ്കുട്ടിയുണരും
പിന്നെ
ജൻഡർ ഇക്വാളിറ്റിയെ
കുറിച്ച് മാത്രേ മിണ്ടൂ.
തുല്യതയ്ക്കായി
മുറവിളി കൂട്ടും.
പെങ്കുട്ടികളെന്നും
അങ്ങനെയാ
തന്റെ ലോകം താൻ തന്നെ
 സൃഷ്ടിക്കുവാനായി
സ്വൈര്യം നൽകാതെ 
 പിറുപിറുത്തു കൊണ്ടേയിരിക്കും.
ആര് കേൾക്കാൻ?
അവൾ ചെയ്യേണ്ടത്
അവളും,
ഞാൻ ചെയ്യേണ്ടത്
ഞാനും
 ചെയ്ത്കൊണ്ടേയിരിക്കും.
ഇവൾ എന്റെ മാത്രം മകളല്ല
നമ്മുടെയെല്ലാം  മകൾ.
ഒരിക്കൽ
 പെങ്കുട്ട്യോൾടെ ദിനം വരും
അന്നവർ വായ പൂട്ടും