മധുരിക്കുന്ന ചവർപ്പുകൾ; കവിത , ആൻസി സാജൻ

Sep 27, 2020 - 17:51
Mar 10, 2023 - 08:17
 0  293
മധുരിക്കുന്ന  ചവർപ്പുകൾ;  കവിത , ആൻസി സാജൻ

ഞാനീ ചവർപ്പുകളെല്ലാം

അതിരാവിലെ

കുടിച്ചിറക്കുന്നത്

എനിക്കു വേണ്ടിത്തന്നെയാണ്

ഒന്നും 

പറയാനില്ലാത്തപ്പോൾ

നമുക്ക്

പരസ്പരം

പുണർന്നുനിൽക്കുന്ന

രണ്ട്

മരങ്ങളാകാം...

നീണ്ടു പോകുന്ന മൗനങ്ങളിൽ

നമുക്ക് നാമൊരു

തുണയായ് തുഴയാം..

എന്റെ

കവിതയ്ക്ക് കാരണമായവളേ

എന്ന് ഹൃദയം

അലമുറയിടുന്നത്

കേട്ടു നിൽക്കാം

ശ്വാസനിശ്വാസങ്ങളിൽ

ആർത്തു ചെയ്യുന്ന

കാറ്റുകളാവാം

കടമെടുത്ത വാക്കുകളാൽ

കാഴ്ച മങ്ങുന്ന നോക്കുകളാൽ

നർത്തകരായിടാം നമുക്കിനി

കാടുകൾ പുഷ്പിക്കുന്ന

നേരമാണിത്

ആറുകൾ 

കര കവിയുന്ന കാലവും

എങ്ങോട്ട് പോകണം

നമുക്കിനി

മുകിൽ പടർപ്പുകൾ

മേഞ്ഞു നടക്കുന്ന

ആകാശ

മാർഗ്ഗങ്ങളിലേക്കോ

അന്തിമാനത്തിന്നിരുട്ടാണ്

കുഞ്ഞു താരകൾ

ഒളിഞ്ഞു നോക്കാൻ മടിക്കുന്നു

രാവിലത്തെ ചവർപ്പുകൾക്കിപ്പോൾ

മധുരം വച്ചു തുടങ്ങി

കവിതയുടെ കനികൾ

വിളഞ്ഞു പാകമായി

എന്തെല്ലാമാണ് പറയുന്നത്

ഒന്നിനുമൊരർത്ഥവുമില്ലല്ലോ..

വായന മുറിയുടെ

ജനലിലൂടെ

കാണാം

നിന്റെ  സൗഭാഗ്യങ്ങൾ

കാടുകേറുന്ന

ചിന്തകൾ

കാറ്റിലടർന്നു വീഴുമ്പോൾ

നീ

പറയുന്നു

ഞാനുമൊരു കവിതയെഴുതട്ടെ..