ബഞ്ജാര: കഥ, ശ്രീരാജ് വി എസ്

ബഞ്ജാര: കഥ,  ശ്രീരാജ് വി എസ്

 

ശ്രീരാജ്. വി.എസ്

 

രാജസ്ഥാന്റെ വിരിമാറിലൂടെ അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിൽ പുറത്തെ കാഴ്ചളിലേക്ക് കണ്ണ് നട്ട് ഇരിക്കുകയാണ് സലീഷ്‌. അവ്യക്തമായ കാഴ്ചകളിൽ നിന്ന് തന്നെ രാജസ്ഥാന്റെ നിറ ഭേദങ്ങൾ അയാൾക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ബാഗേപള്ളി സ്റ്റേഷനിലേക്ക് അടുത്ത് കൊണ്ടിരുന്ന ട്രെയിനിന്റെ വേഗം പതിയെ കുറഞ്ഞ് വന്നു. രാജസ്ഥാന്റെ വർണ്ണങ്ങൾ എന്നാണ് തന്റെ മനസ്സിൽ കയറിക്കൂടിയതെന്ന് അറിയില്ല അയാൾക്ക്. ഒരു മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് ഒരുപാട് നാടുകൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അവിടെയെങ്ങും കാണാത്ത എന്തൊക്കെയോ പ്രത്യേകകതകൾ ആ നാടിന് ഉണ്ടെന്ന ഒരു തോന്നലിൽ യാത്ര തിരിച്ചതാണ് അവിടേയ്ക്ക്.

ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് സലീഷ്‌ ആ കാഴ്ച കാണുന്നത്, പ്ലാറ്റ്ഫോമിൽ നിന്ന് നൃത്തം ചെയ്യുന്ന ഒരു യുവതിയെ. രാജസ്ഥാന്റെ നിറമാർന്ന വേഷ വിധാനങ്ങളിൽ നൃത്തം ചെയ്യുന്ന അവളുടെ തിളക്കമാർന്ന കണ്ണുകൾക്ക് എന്തോ പറയാനുള്ളത് പോലെ തോന്നി അയാൾക്ക്. അവൾ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ. മറ്റൊന്നും ആലോചിക്കാതെ അയാൾ ട്രെയിനിൽ നിന്നും ഇറങ്ങി. ട്രെയിൻ സ്റ്റേഷൻ വിട്ട്‌ പോയ ശേഷമാണ് അയാൾ ആ സത്യം മനസ്സിലാക്കിയത്. അവളും പോയ്‌ മറഞ്ഞിരിക്കുന്നു. പക്ഷെ, തന്നെത്തേടി വന്ന ആ പെൺകുട്ടിയെ വിട്ടുകളയാൻ സലീഷ്‌ ഒരുക്കമായിരുന്നില്ല. സ്റ്റേഷനിലെ ഒരു കൂലിയോട് സലീഷ്‌ അവളെക്കുറിച്ച് ചോദിച്ചു.

'അവളാണ് രേണു റാത്തോഡ്. ബഞ്ജാര ഗോത്രത്തിന്റെ വിപ്ലവകാരിയെന്ന് സ്വയം നടിക്കുന്നവൾ' അയാൾ ഒരു പുച്ഛത്തോടെ മറുപടി പറഞ്ഞു. 

രേണു റാത്തോഡ് എന്ന പേര് സലീഷിനെ വല്ലാതെ ആകർഷിച്ചു. ഒരുപക്ഷേ തന്നെ ഈ നാട്ടിലേക്ക് ഒരു നിയോഗം പോലെ ആരോ എത്തിച്ചത് ആയിരിക്കുമോ, ആ നിയോഗത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയാകുമോ അവൾ? ചിന്തകൾ അയാളെ ആ പെൺകുട്ടിയെ തേടിപോകാൻ പ്രേരിപ്പിച്ചു. 

സ്റ്റേഷൻ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയ സലീഷ്‌ ചെന്നെത്തിയത് കച്ചവടക്കാരുടെ ഇടയിലേക്കാണ്. നാനാ വർണ്ണങ്ങളിലുള്ള ചമയ സാമഗ്രികൾ വിൽക്കുന്ന കച്ചവടക്കാരാണ് ഏറെയും. കച്ചവടക്കാരായ സ്ത്രീകളെല്ലാം അണിഞ്ഞ് ഒരുങ്ങിയാണ് ഇരിക്കുന്നത്. ആളുകളെ ആകർഷിക്കാനുള്ള അവരുടെ ആ തന്ത്രം അയാൾക്ക് വളരെ വിസ്മയമായി തോന്നി.

വഴിയരികിൽ കണ്ട ഒരു റിക്ഷക്കാരനോട് സലീഷ്‌ രേണുവിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. പെട്ടെന്നാണ് റിക്ഷക്കാരന്റെ മുഖം മാറിയത്. ലമ്പാടി ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അയാൾ സലീഷിനെ ഇറക്കി വിട്ടു. രേണുവിനെ തിരക്കിയ സലീഷ്‌ പിന്നീടങ്ങോട്ട് അനുഭവിച്ചത് മുഴുവൻ ആട്ടും തുപ്പും ആയിരുന്നു. ബഞ്ജാര ഗോത്രത്തിന്റെ വിപ്ലവകാരിയോട് ജനങ്ങൾക്കുള്ള മനോഭാവം ഏകദേശം അയാൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു. ഒടുവിൽ തേടിപിടിച്ച് അയാൾ രേണുവിന്റെ അടുക്കൽ എത്തി. 

രാജസ്ഥാന്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമല്ലാതെ ചെറിയൊരു ഒറ്റമുറി വീട്ടിലാണ് അവരും താമസിക്കുന്നത്. ചുവരുകൾ ഒക്കെ നാനാ നിറങ്ങൾ കൊണ്ട് സമൃദ്ധം. മുൻവശത്തെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലുള്ള സുന്ദരിയായ യുവതിയെ കണ്ട് ഒരു നിമിഷം അയാൾ നിന്നു പോയി. തനി രാജസ്ഥാനി രീതിയിലുള്ള വേഷ വിധാനങ്ങളിൽ ഒരുങ്ങി നിൽക്കുന്ന ഒരു യുവതി. തിളങ്ങുന്ന ആഭരണങ്ങൾക്കിടയിൽ അതിലേറെ തിളക്കമുള്ള കണ്ണുകളുമായി ഒരു യുവതി. അയാളുടെ ചിന്തകൾക്ക് അറുതി വരുത്തിക്കൊണ്ട് ഒരു യുവതി ആ കുടിലിൽ നിന്ന് ഇറങ്ങി വന്നു. സാക്ഷാൽ രേണു റാത്തോഡ്.

സലീഷ്‌ സ്വയം പരിചയപ്പെടുത്തി. അവിടേയ്ക്ക് എത്താനുണ്ടായ സാഹചര്യം അയാൾ പറഞ്ഞു. മറുപടിയായി രേണു സംസാരിച്ചു തുടങ്ങി.

'എന്നെപ്പറ്റിയുള്ള അന്വേഷണത്തിൽ നിന്ന് താങ്കൾക്ക് ഏകദേശ ചിത്രം കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതേ ബഞ്ജാരയുടെ വിപ്ലവകാരിയെന്ന് പുരുഷന്മാർ പുച്ഛത്തോടെ പറയുന്ന രേണുമാ എന്ന് സ്ത്രീകൾ സ്നേഹത്തോടെ വിളിക്കുന്ന ആ രേണു റാത്തോഡ് ഞാൻ തന്നെയാണ്. എന്നെയാണ് സ്റ്റേഷനിൽ നിങ്ങൾ കണ്ടത്. താങ്കളെപ്പോലെ ഒരാൾ എന്നെങ്കിലും എന്നെത്തേടി വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.' അവർ പറഞ്ഞു നിർത്തി.

'ചുമരിലെ ചിത്രത്തിൽ കാണുന്ന രേണുവിൽ നിന്ന് ഇപ്പോൾ എന്റെ മുൻപിൽ ഇരിക്കുന്ന  ബഞ്ജാരയുടെ വിപ്ലവകാരിയായി മാറിയ രേണുവിലേക്കുള്ള യാത്ര എങ്ങനെ?' സലീഷ്‌ ആദ്യത്തെ ചോദ്യം തൊടുത്തു.

ചോദ്യം പ്രതീക്ഷിച്ചത് പോലെ രേണു സംസാരിച്ചു തുടങ്ങി.

'വലിയൊരു പാരമ്പര്യമുള്ള ഒന്നാണ് ബഞ്ജാര ഗോത്രം. എന്നാൽ ബഞ്ജാരയുടെ നിറങ്ങൾ ചാർത്തിയ പെണ്ണുങ്ങളെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ. അവരെ വരിഞ്ഞു മുറുക്കുന്ന നിറം കെട്ട ചില ആചാരങ്ങളെ നിങ്ങൾക്ക് പരിചയമുണ്ടാവില്ല. അവയെ തിരുത്തിയെഴുതുവാൻ നടത്തിയ ശ്രമങ്ങളിൽ നിന്നാണ് ഇന്ന് നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന രേണു ജനിക്കുന്നത്'.

രേണുവിന്റെ വാക്കുകൾക്ക് കൈവന്നിരിക്കുന്ന ദൃഡത സലീഷിനെ അമ്പരപ്പിച്ചു. അവർ സംസാരം തുടർന്നു.

'ബഞ്ജാരകൾ സഞ്ചാരികൾ ആയിരുന്നു ഒരിക്കൽ, ലോകം മുഴുവൻ സഞ്ചരിച്ച് കച്ചവടം ചെയ്ത് ജീവിച്ചു പോന്നവർ. എന്നാൽ ഇന്ന് അതിന് മാറ്റം വന്നു. ഒരിടത്ത് സ്ഥിരമായി താമസിച്ച് കൃഷികളും കച്ചവടങ്ങളുമായി അവർ ജീവിക്കുന്നു. പല നാടുകളിൽ സഞ്ചരിച്ചവർ ആയതിനാൽ തന്നെ അവിടങ്ങളിലെയെല്ലാം സംസ്കാരങ്ങൾ കൂടി കലർന്ന ഒരു മിശ്രിതസംസ്കാരമാണ് അവർ ഇന്നും തുടരുന്നത്. അത് തന്നെയാണ് ഈ ഗോത്രത്തിന്റെ ന്യൂനതയും.

ആ ചെറിയ വീട്ടിൽ നിന്നും സലീഷിനെ പുറത്തേയ്ക്ക് നടക്കാൻ ക്ഷണിച്ചുകൊണ്ട് അവർ തുടർന്നു.

'അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഒരു കൂമ്പാരമാണ് ബഞ്ജാരകളെ നയിക്കുന്നത്. വീട്ടിലെ ആണുങ്ങൾ ഇരിക്കുന്നതിന് മുൻപിലൂടെ നടക്കുവാൻ പാടില്ല, അവരുടെ മുൻപിൽ മുടിയഴിച്ച് നടക്കുവാൻ പാടില്ല, പരമ്പരാഗത വസ്ത്രങ്ങൾ അല്ലാതെ മറ്റൊന്നും സ്ത്രീകൾ ധരിക്കാൻ പാടില്ല, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിയമങ്ങളുടെ ഇടയിലാണ് ഞങ്ങൾ ജീവിക്കുന്നത്. വിദ്യാഭ്യാസം നേടിയ, അവിവാഹിതയായ ഒരു പെൺകുട്ടി പുറം നാടുകളിലേക്ക് പോകാനോ അപരിചിതരുമായിട്ട് സംസാരിക്കാനോ പാടില്ല എന്നത് ഇത്രയും പുരോഗമിച്ച ഒരു ലോകത്ത് ആർക്കാണ് അംഗീകരിക്കാൻ കഴിയുക?' അവർ ചോദിച്ചു നിർത്തി.

'വിദ്യാഭ്യാസത്തിന് ശേഷം ജോലിക്കായി പുറത്ത് പോയ എന്നെ അവർ തിരികെ ഗ്രാമത്തിലേക്ക് കയറ്റാതെയായി. ജോലിയുടെ ഭാഗമായുള്ള വസ്ത്രം ധരിച്ച് വന്ന എന്റെ വസ്ത്രങ്ങൾ ഇവിടത്തെ പുരുഷന്മാർ വലിച്ച് കീറി. കാലത്തിന് ഇണങ്ങാത്ത ജീവിത രീതികൾ പിന്തുടർന്നിരുന്ന ഞങ്ങളെ ഒരിക്കൽ സമൂഹം മാറ്റി നിർത്തിയിരുന്നു. ഞങ്ങളുടെ ഭാഷാ പരമായ പോരായ്മയെ അവർ മുതലെടുത്തിരുന്നു. പുറം ലോകത്ത് സഞ്ചരിച്ച് അവയെ ഒക്കെ ധൈര്യപൂർവ്വം എതിർത്ത് തോൽപ്പിച്ച എനിക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇത്തരം അനാചാരങ്ങളെ എതിർക്കാൻ ഞാൻ ഈ സമൂഹത്തിലെ സ്ത്രീകളെ കൂടെ കൂട്ടി. അങ്ങനെയാണ് ഞാൻ അവർക്ക് ഞാൻ രേണുമാ ആയിതീർന്നത്. അതോട് കൂടിയാണ് എന്നെ പുരുഷന്മാർ പുച്ഛത്തോടെ, 'ബഞ്ജാര ഗോത്രത്തിന്റെ വിപ്ലവകാരിയെന്ന് സ്വയം നടിക്കുന്നവൾ' എന്ന് കളിയാക്കുന്നത്.'

സ്റ്റേഷനിൽ താൻ കണ്ട കണ്ണുകളുടെ തിളക്കം വർധിച്ചു വരുന്നത് സലീഷ്‌ അടുത്തറിഞ്ഞു. പ്രതിഷേധത്തിന്റെ അഗ്നിയാണ് ആ കണ്ണുകൾക്ക് തിളക്കമേകുന്നതെന്ന് അയാൾ മനസിലാക്കി. 

 

ഖ്വാജാ മേരേ ഖ്വാജാ..

ദിൽ മെയ്ൻ സമാജാ..

ഷാഹോ കാ ഷാ തൂ..

അലി കാ ദുലാരാ..

ഖ്വാജാ മേരേ ഖ്വാജാ..

ദിൽ മെയ്ൻ സമാജാ..

എവിടെനിന്നോ അന്തരീക്ഷത്തിൽ ഒഴുകി വന്ന ആ സൂഫി സംഗീതത്തിന്റെ അകമ്പടിയോടെ രേണു സംസാരം തുടർന്നു.

'ഞങ്ങളുടെ രക്തത്തിൽ കലർന്നതാണ് നൃത്തം. പക്ഷെ, ഒരു പൊതുവേദിയിൽ ഞങ്ങൾക്ക് നൃത്തം ചെയ്യാൻ ഇന്നും അവകാശമില്ല. ഞങ്ങളുടെ പുരുഷന്മാർക്ക് മുൻപിൽ മാത്രമേ അത് പാടുള്ളൂ. അതിനെതിരെയാണ് ഞാൻ ആദ്യം പ്രതികരിച്ചത്. ഞങ്ങൾ പൊതുവേദികളിൽ നൃത്തം ചെയ്ത് തുടങ്ങി. കൂകി വിളികൾ വക വെച്ചില്ല. ഞങ്ങൾക്ക് തോന്നുന്ന ഇടങ്ങളിൽ എല്ലാം നൃത്തം ചെയ്ത് തുടങ്ങി. അത്തരത്തിലൊരു രംഗമാണ് താങ്കളെ ഇവിടെ വരെ എത്തിച്ചത്.'

ഒരു ദീർഘ നിശ്വാസത്തിന് ശേഷം അവർ തുടർന്നു. 

'നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനല്ലേ..നിങ്ങൾക്ക് ഈ കാര്യങ്ങളൊക്കെ ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കും. നിങ്ങളെപ്പോലെ ഒരാളുടെ വരവ് ഞാൻ എന്നും പ്രതീക്ഷിച്ചിരുന്നു. ബഞ്ജാരയും വളരട്ടെ, അവരെ ലോകം അറിയട്ടെ, അവർ വെളിച്ചം കാണട്ടെ. അതാണ് എനിക്ക് വേണ്ടത്. ഞങ്ങൾ പരിശ്രമിക്കുന്നതും അതിനാണ്.'

ദൃഢതയാർന്ന അവരുടെ വാക്കുകൾക്ക് മുൻപിൽ സലീഷ്‌ മിണ്ടാനാവാതെ നിന്ന് പോയി. അവിടെനിന്നും തിരികെ നാട്ടിലേക്കുള്ള ട്രെയിനിൽ ഇരുന്ന് സലീഷ്‌ എഴുതുവാൻ ആരംഭിച്ചു. 'രേണു റാത്തോഡ്..ബഞ്ജാരയുടെ അലിഖിത നിയമങ്ങളിൽ നിന്നും മോചനം നേടാൻ പട വെട്ടുന്നവൾ'.

അപ്പോഴും അന്തരീക്ഷത്തിൽ ആ സൂഫി ഗാനം ഒഴുകി നടന്നിരുന്നു.

 

ഖ്വാജാ മേരേ ഖ്വാജാ..

ദിൽ മെയ്ൻ സമാജാ..

ഷാഹോ കാ ഷാ തൂ..

അലി കാ ദുലാരാ..