അവനും കരയാറുണ്ട്: കവിത, മിനി സുരേഷ്

അവനും കരയാറുണ്ട്: കവിത, മിനി സുരേഷ്
നേരിന്റെ നൊമ്പരക്കെട്ടുകൾ
നെഞ്ചിൽ തറക്കുമ്പോൾ
നിശ്വാസങ്ങൾ ഗ്രീഷ്മങ്ങളായുറങ്ങുമ്പോൾ
മോഹശൃംഗങ്ങളിൽ മൂർച്ഛിച്ചു വീഴുമ്പോൾ
അവനും കരയാറുണ്ട്
തീ തിന്ന പകലുകൾ
സന്ധ്യകളെ ചുമക്കുമ്പോൾ
സ്വപ്നക്കുരുന്നുകൾ കരിന്തിരിക്കെട്ടായണയുമ്പോൾ
അന്തരാത്മാവിൻ തേങ്ങലായ്
മിഴികൾ നനയാറുണ്ട്.
രാവിലുറങ്ങാതെ അർബുദം പേറും
ഓർമ്മക്കുരുക്കുകളിൽ പിടയുമ്പോൾ
ജനിമൃതികൾക്കിടയിലൂടെ
കാതങ്ങൾ നടന്നു തളരുമ്പോൾ
ജീവിതത്തിനിരുഭാഗവും
ചേർത്തു വയ്ക്കാതുഴറുമ്പോൾ
ആരോടും പറയാതെ
ആരുമറിയാതെയവനും കരയാറുണ്ട്.
കണ്ണടച്ചിടുക മെല്ലെ.
കാലങ്ങളായുത്തരം കിട്ടാത്ത
ചോദ്യമായുഴറുന്നു.
കണ്ണീരവൾക്ക് മാത്രം സ്വന്തമോ?

ഇന്ന്  ലോക പുരുഷദിനം