'വാട്ട് ഈസ് എ വുമൺ?': ലാലി രംഗനാഥിന്‍റെ 'നീലിമ'- നോവൽ ആസ്വാദനം; മോഹൻദാസ്

Dec 30, 2024 - 11:40
Dec 30, 2024 - 13:39
 0  33
'വാട്ട് ഈസ് എ വുമൺ?': ലാലി രംഗനാഥിന്‍റെ 'നീലിമ'- നോവൽ  ആസ്വാദനം; മോഹൻദാസ്

'വാട്ട് ഈസ് എ വുമൺ?'. 

ലാലിരംഗനാഥിന്‍റെ ആദ്യ നോവലായ 'നീലിമ'യുടെ താളുകള്‍ മറിക്കുമ്പോള്‍  എന്‍റെ മനസ്സിലൂടെ മിന്നല്‍പ്പിണര്‍പോലെ കടന്നുപോയ ഒരു ചോദ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്നും പുരുഷവായനകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്. 

 'സിമോൻ ദി ബുവ്വ' തൻ്റെ "ദി നേച്ചർ ഓഫ് സെക്കൻ്റ് സെക്സ്' എന്ന പുസ്തകം ആരംഭിക്കുന്നത് ഈ കഠിന ചോദ്യത്തോടെയാണ് - 

"വാട്ട് ഈസ് എ വുമൺ?''. 

എന്നിട്ട് ആ ചോദ്യത്തെ അഡ്രസ് ചെയ്യാൻ മറ്റാരും മുതിരാത്തതിനാൽ എഴുത്തുകാരി തന്നെ അതിൻ്റെ ഉത്തരം പറയുന്നുണ്ട്- 

"woman is a womb''.

' സ്ത്രീ അനേകം ഭാവങ്ങളുടെ സമാഹാരവും തടവറയു മാണെന്നതിന്‍റെ ആദ്യ ഫെമിനിസ്റ്റ് വായന ആയിരുന്നു അത്.

ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നിലനിൽക്കുന്നതു
കൊണ്ടു തന്നെ ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവലിലെ നീലിമയും ശാരിയും
രണ്ടു സ്ത്രീകൾ എന്നതിനേക്കാൾ ഒരേ സ്ത്രീയുടെ രണ്ടു ഭാവങ്ങളായാണ് വായിക്കപ്പെടേണ്ടത്.

ഒരു സ്ത്രീയുടെ അബോധ മനസ്സിലെ അടിച്ചമർത്തപ്പെട്ട വൈകാരിക തലങ്ങളെ  നിർവ്വചിക്കാനുള്ള ശ്രമമാണ് ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവൽ.

നീലിമ വായിക്കാനെടുക്കുമ്പോൾ സ്ത്രീ , പുരുഷൻ എന്ന രണ്ട് ഭാഷകൾ കൂടി ആഴത്തിൽ വായിക്കുക എന്ന കഠിനമായ കർമ്മം കൂടി ഈ നോവൽ അനുവാചകനെ ഏൽപ്പിക്കുന്നുണ്ട്. നീലിമ , ശാരി , സന്ദീപ് , സൂര്യ എന്നീ മുഖ്യ കഥാപാത്രങ്ങളിലൂടെ സ്ത്രീ - പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണമായ സംഘർഷങ്ങളാണ് ഈ നോവൽ ആവിഷ്ക്കരിക്കുന്നത്. നീലിമയുടെ സൂര്യയുമായുള്ള പൂർണ്ണതയിലെത്താതെ പോയ പ്രണയവും അവളുടെ ജീവിതത്തിലേക്ക് സന്ദീപിൻ്റെ കടന്നുവരവും അയാളെ ചേർത്തുപിടിക്കാനുള്ള നീലിമയുടെ വൈമുഖ്യവും മന:ശാസ്ത്രപരമായ ആംഗിളിലൂടെ വീക്ഷിക്കേണ്ടതാണ്. അങ്ങനെ വീക്ഷിക്കാനുള്ള ശ്രമമാണ് ഈ നോവൽ. സ്ത്രീ -പുരുഷ ബന്ധത്തിൻ്റെ ചാരുത കൂടിചേരലിലാണ് , വേർപിരിയലിലല്ല എന്ന തൻ്റെ ഉൾക്കാഴ്ചയെ ശക്തമായി അടയാളപ്പെടുത്തിക്കൊണ്ടാണ് നോവൽ സമാപിക്കുന്നത്. സന്ദീപിനെ ഹൃദയത്തോടു ചേർത്തുപിടിക്കാൻ നീലിമ പൂർണ്ണ മനസ്സോടെ തയ്യാറാകുന്നത് അതീവ ചാരുതയോടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു, ഒരു നല്ല ചങ്ങാതി എങ്ങനെയാവണം എന്നതിൻ്റെ ഉത്തരവുമാണ് നീലിമയുടെ സഖിയായ ശാരി.

സൗഹൃദങ്ങളുടെ ആഴവും, സത്യസന്ധത നിറഞ്ഞപ്രണയത്തിൻ്റെ തീവ്രതയും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും തുടിക്കുന്ന ഈ നോവൽ സമകാലിക ജീവിതങ്ങളെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ നോക്കി കാണുന്നതിലും നന്നായി വിജയിച്ചിരിക്കുന്നു. മനുഷ്യമനസ്സുകളുടെ നിർവചിക്കാൻ കഴി യാത്ത നിഗൂഢതകൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ഈ എഴുത്തുകാരി വിജയിച്ചീട്ടുമുണ്ട് എന്ന് നിസ്സംശയം പറയാം.