ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

Jan 9, 2025 - 15:29
Jan 27, 2025 - 08:38
 0  63
ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു അദ്ദേഹത്തിന്. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ആറു പതിറ്റാണ്ടോളം മലയാള ചലച്ചിത്രഗാനശാഖയിലെ നിറസാനിധ്യമായിരുന്നു പി ജയചന്ദ്രൻ. പ്രണയവും വിരഹവും ഭക്തിയും നിറഞ്ഞെഴുകിയ നിരവധി ​ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട് . ‌മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

കളിത്തോഴൻ എന്ന ചിത്രത്തിലെ  ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം.

കേരനിരകളാടും ഒരു ഹരിത ചാരുതീരം, മറന്നിട്ടുമെന്തിനോ, നീയൊരു പുഴയായ് തഴുകുമ്പോൾ,  ആരാരും കാണാതെ ആരോമൽ തൈമുല്ല,പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേവലമർത്യഭാഷ കേൾക്കാത്ത, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം,   അഷ്ടപദിയിലെ നായികേ,   രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, യദുകുല രതിദേവനെവിടെ,  വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേതുടങ്ങി നിരവധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു

എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിനു ജനനം. കൊച്ചി രാജകുടുംബാഗമായിരുന്ന രവിവർമ കൊച്ചനിയൻ തമ്പുരാന്‍റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ. പിന്നീട്, കുടുംബം തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്കു താമസം മാറി. ലളിതയാണ് ജയചന്ദ്രന്‍റെ ഭാര്യ. മക്കൾ: ലക്ഷ്മി, ദിനാനാഥ്.