കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം ; സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു

Aug 2, 2025 - 20:06
 0  3
കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം ; സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു

 കൊച്ചി : കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. രാവിലെ കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിന് മുമ്ബും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.


 ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് കിടന്നിരുന്നത്. വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല. നെഞ്ച് വേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടേയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണ് നിഗമനം. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുമുണ്ടായിട്ടുണ്ട്. 


 ഷൂട്ടിങ്ങിനിടെ സെറ്റില്‍വെച്ച്‌ നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടന്‍ വിനോദ് കോവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പില്‍ പറയുന്നു.  
 നടന്റെ ഖബറടക്കം പൂർത്തിയായി. പ്രകമ്ബനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ വിയോഗം ഉണ്ടായത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്ബനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.