കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കെനിയയിൽ നിന്നു കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിവേഗ ഇടപെടലിനെത്തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.
കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു.
കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. ഇതെത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.