നവ കേരള സദസിന് പണം പിരിക്കരുത്: ഹൈക്കോടതി

നവ കേരള സദസിന് പണം പിരിക്കരുത്: ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാരിന് പണം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നവകേരള സദസിനായി പണം പിരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനിസിപ്പാലിറ്റി നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യാഖ്യാനം അനുസരിച്ച്‌ കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവുകളുടെ നീക്കിയിരിപ്പിന്റെ നിശ്ചിത ശതമാനം തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൗണ്‍സിലിനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നവ കേരള സദസിന് നിശ്ചിത തുക നല്‍കണം എന്ന് സര്‍ക്കാരിന് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

അത്തരത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തന്നെ ഒരു തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നവ കേരള സദസ്സിനെ നിശ്ചയിത തുക നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് കൗണ്‍സില്‍ ആണെന്ന് കോടതി ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു.

മുനിസിപ്പാലിറ്റി നിയമത്തിന്റെ പരിധിയില്‍ ആണ് ഈ വിഷയം എന്നതുകൊണ്ടുതന്നെ ഇന്നത്തെ ഇടക്കാല ഉത്തരവിലൂടെയുള്ള ഈ സ്റ്റേ പഞ്ചായത്തുകള്‍ക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാധകം ആയിരിക്കില്ല.