പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ  അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ നിരവധി സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും ഈണം നല്‍കി. ജയ-വിജയ എന്ന പേരില്‍ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെയും സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം.  .

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. 

ക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് പത്മശ്രീ കെ.ജി ജയന്‍. 

ആറാം വയസില്‍ സംഗീത പഠനം ആരംഭിച്ച ജയന്‍, തന്റെ 10ാം വയസ്സില്‍ കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇരുവരേയും കൂടുതല്‍ സംഗീതം പഠിപ്പിക്കണമെന്ന് വീട്ടുകാരോട് പറയുന്നത്.

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു ഉപരിപഠനം. ആലത്തൂര്‍ ബ്രദേഴ്‌സിന്റെ അടുത്ത് പാട്ട് പഠിക്കാനുള്ള ഏര്‍പ്പാടും അദ്ദേഹം നേരിട്ട് ചെയ്ത് കൊടുക്കുകയായിരുന്നു.

അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയ-വിജയന്മാര്‍ മലയാളികള്‍ക്ക് സുപരിചിതരാകുന്നത്.  മണ്ഡലകാലത്ത് ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലുമെല്ലാം കേള്‍ക്കുന്ന ഭൂരിഭാഗം പാട്ടുകളും ജയവിജയന്മാരുടെ മികവില്‍ ഒരുങ്ങിയവയാണ്. സംഗീത യാത്രയില്‍ ചെമ്ബൈ വൈദ്യനാഥ ഭാഗവതരുടേയും, ഡോ.ബാലമുരളീകൃഷ്ണയുടേയും ശിഷ്യത്വം ലഭിച്ചത് വലിയൊരു അനുഗ്രഹമായിട്ടാണ് ജയന്‍ പലപ്പോഴും കണ്ടിരുന്നത്.

ബാലമുരളീ കൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന സമയത്താണ് ജയവിജയന്മാര്‍ എച്ച്‌എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് ഇവര്‍ സംഗീതം കൊടുക്കുന്നത്. എം.പി.ശിവം രചിച്ച ഈ പാട്ടുകള്‍ പാടുന്നത് പി.ലീലയാണ്. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ, ഹരിഹരസുതനേ എന്ന രണ്ട് പാട്ടുകളാണ് അന്ന് ഇരുവരും ചേര്‍ന്ന് ചിട്ടപ്പെടുത്തിയത്. യേശുദാസിനേയും ജയചന്ദ്രനേയും ആദ്യമായി അയ്യപ്പഭക്തിഗാനം പാടിപ്പിക്കുന്നതും ജയവിജയന്മാരാണ്. ശ്രീശബരിശാ ദീനദയാലാ എന്ന ഗാനം ജയചന്ദ്രനും ദര്‍ശനം പുണ്യദര്‍ശനം എന്ന ഗാനം യേശുദാസും ആലപിച്ചു.

ശ്രീകോവില്‍ നട തുറന്നു, നക്ഷത്ര ദീപങ്ങള്‍ തിളങ്ങി തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. 1988ല്‍ ഇരട്ടസഹോദരനായ വിജയന്റെ വിയോഗം ഇദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. വിജയന്റെ മരണശേഷം ഇനി പാടേണ്ട എന്ന് പോലും തീരുമാനിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. 'നക്ഷത്രദീപങ്ങള്‍ തിളങ്ങി...', 'ഹൃദയം ദേവാലയം...' തുടങ്ങിയവ ഏറെ ഹിറ്റായി.

കോട്ടയം നാഗമ്ബടം കടമ്ബൂത്ര മഠത്തില്‍ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കള്‍: ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.

2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ല്‍ സംഗീതനാടക അക്കാദമി, 2013-ല്‍ ഹരിവരാസനം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.