ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസ്: പ്രതികള്‍ അന്വേഷണ സംഘത്തിന് മുൻപില്‍ ഹാജരാകും

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസ്: പ്രതികള്‍ അന്വേഷണ സംഘത്തിന് മുൻപില്‍ ഹാജരാകും

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന് മുൻപില്‍ 19ന് ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപില്‍ ഹാജരാവുക.കേസില്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്ബനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ കേസില്‍ പ്രതിചേർത്തു. ക്രിപ്റ്റോ കറൻസി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നു.

ഹൈറിച്ച്‌ കമ്ബനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശൂർ അഡിഷണല്‍ സെഷൻസ് കോടതിയില്‍ ചേർപ്പ് എസ്‌ഐ റിപ്പോർട്ട് സമർപ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോർട്ടില്‍ പരാമർശമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജൻസികള്‍ക്കോ കൈമാറാനാണ് നിർദേശം. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്.

ഓണ്‍ലൈൻ വ്യാപാരത്തിന്റെ പേരില്‍ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. മണി ചെയിൻ തട്ടിപ്പ് ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.