യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടി അധ്യക്ഷനായി ചുമതലയേറ്റു

യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടി അധ്യക്ഷനായി ചുമതലയേറ്റു
 വര്‍ഷത്തെ യുഎൻ കാലാവസ്ഥാ (COP28) സമ്മേളനത്തിന് ദുബായില്‍ തുടക്കമായി. സമ്മേളനത്തിന്റെ അധ്യക്ഷനായി യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റു.
സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്.

''സിഒപി അധ്യക്ഷനായുള്ള എന്റെ അവസാനദിനമാണിന്ന്. ഈ ഉത്തരവാദിത്വം ഈജിപ്ത് യുഎഇക്ക് കൈമാറുകയാണ്. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ അടുത്ത അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍ ജാബറും സംഘവും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' ഷമേഹ് ഷൗക്രി പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തിനെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് സുല്‍ത്താന്‍ അല്‍ ജാബര്‍ മറ്റ് അംഗരാജ്യങ്ങളോട് പറഞ്ഞു. ഇതിനായുള്ള അജണ്ടകള്‍ നടപ്പാക്കുന്നതിനായി നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവുമായി സുല്‍ത്താന്‍ അല്‍ ജാബര്‍ കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്, ഭൂപേന്ദര്‍ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുല്‍ത്താന്‍ അല്‍ ജാബര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

രണ്ടാഴ്ചയോളം നീളുന്ന 2023-ലെ യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ (സിഒപി28) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്റെ ഉപയോഗം മൂന്നിരട്ടിയാക്കാൻ കഴിയുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.

167 ലോകനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.