ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വ്യാജ വാര്‍ത്തകള്‍ നിര്‍ത്തൂ, യഥാര്‍ഥ പ്രതികളെ പിടികൂടൂ; ജാസ്മിൻഷാ

ആറ്  വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വ്യാജ വാര്‍ത്തകള്‍ നിര്‍ത്തൂ, യഥാര്‍ഥ പ്രതികളെ പിടികൂടൂ;  ജാസ്മിൻഷാ
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് നഴ്സിങ് സംഘടനാ നേതാവ് ജാസ്മിൻഷാ.
ഇത്തരം വ്യാജവാര്‍ത്തകള്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാൻ മാത്രമെ സഹായിക്കുകയുള്ളുവെന്ന് ജാസ്മിൻ ഷാ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് ജാസ്മിൻ ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയിലെ നഴ്സിങ് സംഘടനയുടെ ശക്തനായ നേതാവാണെന്ന് ജാസ്മിൻ ഷാ പറഞ്ഞു. സംഘടനയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടക്കുന്ന കാര്യം നേരത്തെ തന്നെ യുഎൻഎ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.

നഴ്സിങ് റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ ക്രമക്കേട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി എടുത്തിരുന്നില്ലെന്ന് ജാസ്മിൻ ഷാ പറഞ്ഞു. ഇപ്പോള്‍ ഇത്തരമൊരു ആരോപണവുമായി വരുന്നത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാൻ മാത്രമെ സഹായിക്കുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് ജാസ്മിൻ ഷാ പറഞ്ഞു. എന്നാല്‍ പൊലീസില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, പ്രതികളെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ റെജിക്കും കുടുംബത്തിനുമൊപ്പം നഴ്സിങ് സമൂഹം ഒന്നാകെ ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ഥ പ്രതികളെ പിടികൂടാതെ സംഘടനയെ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചാല്‍ നിലപാട് വ്യക്തമാക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞു.

യുഎൻഎ നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുന്നില്ലെന്ന് ജാസ്മിൻ ഷാ പറഞ്ഞു. ലോകത്താകെയുള്ള മലയാളി നഴ്സുമാരുടെ സംഘടനയാണ് യുഎൻഎ. എന്നാല്‍ നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുന്നതിന് ലൈസൻസ് ആവശ്യമാണ്. അത്തരം ലൈസൻസ് യുഎൻഎയ്ക്കില്ല. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്ന നഴ്സുമാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ജാസ്മിൻ ഷാ പറഞ്ഞു.