നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി
ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ദുരുപയോഗം ചെയ്ത് നടത്തുന്ന സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്ന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസനം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേ എന്ന പേരില്‍ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സര്‍വേക്ക് വേണ്ടി പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു.
സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞത്. നവകേരള സൃഷ്ടിയാണ് ഫോക്കസ് എന്ന് പറയുമ്പൊഴും മുഖ്യമന്ത്രിയുടെ ആമുഖ കത്തും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്റിയര്‍മാര്‍ സര്‍വേയ്ക്ക് എത്തുന്നത്. അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.
2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെ സര്‍വ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോര്‍ട്ടല്‍ തയാറാക്കുകയും ചെയ്തു. ആ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വോളന്റിയര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം