മകളെ കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

മകളെ കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

തിരുവനന്തപുരം: മാവേലിക്കരയില്‍ ആറ് വയസ്സുകാരിയായ സ്വന്തം മകളെ മഴു കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു.

ആറ് വയസുള്ള മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ശ്രീമഹേഷ്. കേസിലെ വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രല്‍ ജയിലേക്ക് തിരികെ കൊണ്ട് പോകുന്നതിനിടെയാണ് സംഭവം.

ശാസ്‌താംകോട്ട റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്‌ ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. മെമു ട്രെയിനില്‍ നിന്നാണ് ശ്രീമഹേഷ് പുറത്തേക്ക് ചാടിയത്.മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രമൊഴിക്കാൻ വേണ്ടിയെന്ന് കള്ളം പറഞ്ഞായിരുന്നു ഇയാള്‍ പോയത്. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാരെ തള്ളി മാറ്റിയ മഹേഷ് ട്രാക്കിലേക്ക് ചാടുകയായിരുന്നു.

ഈ വര്‍ഷം ജൂണിലായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു കൊണ്ട് ശ്രീമഹേഷ് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ കുട്ടി മരിച്ചു.

ശ്രീമഹേഷിന്റെ ഭാര്യ മൂന്ന് വര്‍ഷം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ട്രെയിൻ തട്ടിമരിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് വന്നത്. മുൻ സൈനികനായ അച്ഛന്റേയും റിട്ട. നഴ്സിംഗ് സൂപ്രണ്ടായ അമ്മയുടേയും പെൻഷൻ തുക കൊണ്ടാണ് കഴിഞ്ഞിരുന്നത്. സാമ്ബത്തികമായ പ്രശ്നങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല.

അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്ത ആളായിരുന്നു മഹേഷ്. മുള്ളിക്കുളങ്ങര എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെടുമ്ബോള്‍ നക്ഷത്ര.