മൈന: കഥ, ടോബി തലയല്‍

മൈന: കഥ, ടോബി തലയല്‍

ക്ലാ ... ക്ലാ ... ക്‌ളീ.....
ക്ലൂവിനായി അയാള്‍ തിരിഞ്ഞു നോക്കി.
അത്ഭുതം! അതാ ഇരിക്കുന്നു മുറ്റത്ത്‌, പഴയ മലയാളപാഠാവലിയിലെ മൈന.


മഞ്ഞള്‍പ്രസാദമണിഞ്ഞ, കുറച്ച്‌ ഇരുണ്ടുരുണ്ടതെങ്കിലും സുന്ദരിയായവള്‍.


''എത്ര കാലമായി നിന്നെ കണ്ടിട്ട്‌, സുഖമാണോ?''


അയാളുടെ സ്‌നേഹാന്വേഷണം കേട്ട്‌, എന്തോ ഓര്‍മയില്‍
ചികയുകയായിരുന്ന അവള്‍ തലചരിച്ചു നോക്കി.


ശില്‌പഭംഗിയൊന്നും അവകാശപ്പെടാനില്ലാത്ത കഴുത്ത്‌. ആരുടേയും ശ്രദ്ധ തന്നില്‍ പതിയില്ലെന്ന അലസഭാവം.


പെട്ടെന്ന്‌, ഉത്സാഹവും സന്തോഷവും അവളില്‍ ചിറകുവിടര്‍ത്തി. ഒരു
ചെറിയ പറക്കലില്‍ അയാളുടെ അരികിലെത്തി.


''അന്ന്‌ സ്‌കൂളില്‍, മുന്‍ഷി സാറിന്റെ ക്‌ളാസില്‍ കണ്ടതില്‍ പിന്നെ ...


ഇയാളിതെവിടെയായിരുന്നു? '


അവളുടെ ചോദ്യത്തില്‍ പരിഭവവും സങ്കടവും കലര്‍ന്നതുപോലെ.


''ഞാന്‍ വിദേശത്തായിരുന്നു. ഇനി ഇവിടെ ഉണ്ടാവും. ജോലിയില്‍ നിന്ന്‌
വിരമിച്ചു. '


'ഇതാരോടാ ഈ കിന്നാരം? രാവിലെ ഒന്ന്‌ നടക്കാനെങ്കിലും പോയാലെന്താ? ഷുഗര്‍ എത്രയെന്നാ വിചാരം?'' അകത്തു നിന്ന്‌ ഭാര്യ ശബ്ദമുയര്‍ത്തി. വാക്കുകളുടെ കുത്തേറ്റ്‌ അയാളൊന്ന്‌ പുളഞ്ഞു.


''ഷുഗര്‍ എത്രയാ.......?'' ക്ലാ ... ക്ലാ ... ക്‌ളീ.... ഉത്‌കണ്‌ഠപ്പെട്ടു. സഹതാപപൂര്‍വം അയാളെ നോക്കി. വാലിട്ടെഴുതിയ കണ്ണില്‍ത്തിളങ്ങിയ കുസൃതി ഒരു നിമിഷം മങ്ങിയോ? വൃത്തിയായി ചീകിയൊതുക്കിയ തൂവലുകള്‍ മനസ്സിലൊന്നുരുമ്മിയോ?


മുഖത്തൊരളിഞ്ഞ ചിരി വരുത്തി അയാള്‍ പുറത്തേക്കിറങ്ങി നടന്നു.


പണ്ട്‌ സ്‌കൂളില്‍ പോയിരുന്ന ഇടവഴി ടാര്‍ചെയ്‌ത റോഡായിരിക്കുന്നു .
മുള്ളുവേലിയുടെ സ്ഥാനത്ത്‌, വെള്ളപൂശിയ മതില്‍. അതില്‍ ഇലക്ഷന്‌
മത്സരിക്കുന്ന ഏതോ സ്ഥാനാര്‍ത്ഥിയുടെ ചിരി വലിച്ചുകെട്ടിയിരിക്കുന്നു.
മതിലിനുള്ളില്‍, പഴയ ഓടിട്ട വീടില്ല, പകരം, ഒരു ഇരുനില മാളിക.


ഏതോ ഗള്‍ഫുകാരനാണത്രെ ഇപ്പോള്‍ താമസം.


മഞ്ഞള്‍പ്രസാദമണിഞ്ഞ, കുറച്ച്‌ ഇരുണ്ടതെങ്കിലും ചിരിയുടെ മഴവില്ല്‌ വിടര്‍ന്ന ആ മുഖം അതിനുള്ളില്‍ ഉണ്ടാവുമോ?

നെഞ്ചില്‍ നിന്നൊരു തിടുക്കം കണ്ണുകളിലേക്കു പടര്‍ന്നു.


കാലുകള്‍ നടത്തം മറന്ന്‌ ഒരു നിമിഷം നിശ്ചലമായി.


ക്ലാ ... ക്ലാ ... ക്‌ളീ.....


എന്താ നിന്നുകളഞ്ഞത്‌?


പിന്തുടര്‍ന്നു വന്ന മൈന ചോദിച്ചു.


''വെറുതെ'', അയാള്‍ തോളുയര്‍ത്തി സ്വാഭാവികത നടിച്ചു.


മറന്നിട്ടില്ല അല്ലേ? എന്നവള്‍ ചോദ്യഭാവത്തില്‍ നോക്കി. അയാള്‍ നിശ്ശബ്ദനായി സ്വയം മറന്ന്‌ നിന്നു. പഴുത്തുകൊഴിഞ്ഞ ഇലകള്‍ ചവിട്ടടിയില്‍ പിടഞ്ഞു. സ്‌കൂളിലേയ്‌ക്ക്‌ തിടുക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ പാവാട ഉലയുന്നശബ്ദം കേട്ടുവോ? മുല്ലപ്പൂമണം കാറ്റില്‍ നിറഞ്ഞുവോ? പാദസരം കാതില്‍ കളിവാക്കെന്തോ പറഞ്ഞുവോ?


ഒരു ചിറകടി കേട്ട്‌ അയാള്‍ പരിസരത്തെക്കുറിച്ച്‌ ബോധവാനായി.


ക്ലാ ... ക്ലാ ... ക്‌ളീ.....

ആകാശത്തിന്റെ വിശാലതയിലെവിടെയോ ആ ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത്‌
അലിഞ്ഞില്ലാതായി.