താങ്ക്സ് ഗിവിങ് ഡേ : കഥ, ഡോ.ആനിയമ്മ ജോസഫ്

താങ്ക്സ് ഗിവിങ് ഡേ : കഥ, ഡോ.ആനിയമ്മ ജോസഫ്

മാർദവമായ കിടക്ക. വിശാലമായ മുറി. ജനാലകൾ അടഞ്ഞു കിടക്കുന്നു. വിലകൂടിയ കർട്ടനുകൾ ജനാലകളെ അലങ്കരിച്ചിരിക്കുന്നു.  മനോഹരമായ, മൃദുവായ കാർപ്പെറ്റു പതിപ്പിച്ച മുറി. നവംബർ മാസത്തിന്റെ തണുപ്പ് ഉണ്ട്. ശൈത്യം കൂടി വരുന്നു.

   കൈ എത്തുന്നിടത്തു ഒരു ബെൽ ഉണ്ട്. അത്‌ അമർത്തിയാൽ വെളുപ്പും കറുപ്പും തവിട്ടും നിറമുള്ള നേഴ്‌സുമാർ ഓടിയെത്തും-- "What do you want? What can I do for you?" എന്നെല്ലാമുള്ള ചോദ്യങ്ങളുമായി നിറഞ്ഞ പ്രസരിപ്പോടെ, വിരിഞ്ഞ പുഞ്ചിരിയോടെ...

    സമയാസമയങ്ങളിൽ ഭക്ഷണം,പാനീയം. സായാഹ്നങ്ങളിൽ വീൽ ചെയറിൽ ഇരുത്തി സീനിയർ ലിവിങ്ങിന്റെ വിശാലമായ ഹോൾ വേയിൽ കൊണ്ടു പോയി ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കും. ആ സമയം എല്ലാ മുറികളിൽ നിന്നും സാധിക്കുന്നവർ ഒക്കെ അവിടെ എത്തും. നടക്കാൻ പറ്റുന്നവർ നടക്കും; വീൽ ചെയറിൽ നിന്നും എഴുന്നേൽക്കാനാവാത്തവർ അങ്ങനെയും. ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാണാം ചില കിടപ്പു രോഗികളെ. എല്ലാം നല്ലതു തന്നെ.ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തിലെ ഏറ്റവും മേന്മയേറിയ സൗകര്യങ്ങൾ അനുഭവിക്കുകയാണ്. എന്നെപ്പോലെ എത്രയോ പേരുണ്ടിവിടെ!

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഭാരപ്പെടുന്നവർ, ചലനശേഷി ഇല്ലാത്തവർ...    ഞാനെന്തിന് ദുഃഖിക്കണം? എന്റെ നാലു മക്കളും ഈ സമ്പന്നരാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നു. ജോലിയും, വീട്ടുകാര്യങ്ങളും, മക്കളുടെ വിദ്യാഭ്യാസവുമൊക്കെയായി അവർ എല്ലാവരും തിരക്കിലാണ്. 

മാസത്തിലൊന്ന് മോനും കുടുംബവും വരും. വർഷത്തിൽ രണ്ടോ മൂന്നോ തവണ പെണ്മക്കൾ  അവരുടെ കുടുംബങ്ങളുമായി വരും. മേയ് മാസം 9നു Mothers Day ക്കും, നവംബർ 26നു  Thanks-giving Day ക്കും വരും. ഈ രണ്ടു ദിവസവും സീനിയർ ലിവിങ്ങിൽ വലിയ ആഘോഷമാണ്. അലങ്കരിക്കപ്പെട്ട  വിശാലമായ ഡൈനിങ്ങ് ഹോളിൽ ഇഷ്ടവിഭവങ്ങളും ഇഷ്ടവിനോദങ്ങളുമായി രണ്ടു ദിവസം! ഒരു വർഷം മുഴുവൻ മനസ്സിൽ തലോടിയുറക്കുവാനുള്ള ഓർമകളുടെ താരാട്ട്!

   മക്കൾക്ക് അത്രയൊക്കെയേ ചെയ്യാനാവൂ! തിരക്കിനു മേൽ തിരക്കായി  മഹാനഗരങ്ങളിൽ രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോൾ, അവർക്ക്  ഇത്രയൊക്കെചെയ്യുവാൻ   ഒക്കുന്നത് മഹാഭാഗ്യം എന്നല്ലേ പറയേണ്ടത്?

   ശരിയാണ്. എല്ലാം ശരിയാണ്. എങ്കിലും എന്റെ നാടിന്റെ നിറവും ഗന്ധവും എനിക്ക് അന്യമാകുന്നു. ഞാൻ പിച്ചവെച്ചു നടന്ന എന്റെ വീട്ടുമുറ്റം! അതെനിക്ക് എന്നേ അന്യമായതാണ്! എന്റെ അപ്പച്ചനും അമ്മച്ചിയും! വിവാഹത്തോടെ ഞാൻ തങ്കച്ചായന്റെ  ഭാര്യയായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെന്നതോടുകൂടി കഷ്ടപ്പാടിന്റെ ഒരു നീണ്ടയാത്രയുടെ തുടക്കമായിരുന്നു. മക്കൾ പഠിക്കുന്ന കാലം...തങ്കച്ചായന്റെ ചെറിയ  ശമ്പളവും അൽപ്പം കൃഷിയുമൊക്കെയായി കഷ്ടപ്പെട്ട ആ നാളുകൾ! മക്കൾ നല്ല നിലയിൽ എത്തുന്നത് കാണുവാൻ തങ്കച്ചായന് ഭാഗ്യം ഉണ്ടായില്ല. മൂത്തമകൾ 'ഏഴാം കടലിനക്കരെ' നേഴ്സ് ആയി ജോലിക്കു പോയപ്പോൾ ജീവിതം തളിർത്തു തുടങ്ങി.ഇളയതുങ്ങളുടെ വിദ്യാഭ്യാസവും ജീവിതവും മെച്ചപ്പെട്ടു. ഒടുവിൽ എല്ലാവരും കുടുംബമായി ഇവിടെ ആയി. ഞാനും!

   രണ്ടു മൂന്നു തവണ നാട്ടിൽ പോയി വന്നു. സഹോദരങ്ങളെയും കൂട്ടരെയും ഒക്കെ കണ്ടു. സ്വന്തം നാട്ടിൽ കാലു കുത്തിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു! തങ്കച്ചായനും ഞാനും മക്കളോടൊത്തു  ജീവിച്ച വീട്, പഴമയുടെ കേടു പാടുകളൊഴിച്ചാൽ അതേ പോലെ ഉണ്ട്.മക്കൾ പലവട്ടം പറഞ്ഞതാണ്, "നമ്മളെല്ലാം ഇവിടെയല്ലേ? എന്തിനാണ് ആ വീടങ്ങനെ ഇട്ടേക്കുന്നത്?നമുക്കത് വിൽക്കാം.""അയ്യോ, വേണ്ട, വേണ്ട..." ഞാൻ തടഞ്ഞു. ആ വീട്  അവിടെ അങ്ങനെ തന്നെ വേണമെന്ന് ഞാനാഗ്രഹിച്ചു. എനിക്കതു കാണാമല്ലോ--ഓർമകൾ ഉറങ്ങുന്ന, തങ്കച്ചായനും  ഞാനും ഒന്നായി കണ്ട,  സ്വപ്നങ്ങൾ മയങ്ങുന്ന ആ വീട് മറ്റൊരാളുടേതാകുന്നത് എനിക്ക് ചിന്തിക്കുവാൻ പോലും കഴിഞ്ഞില്ല.

   ഇനി എനിക്കെങ്ങനെ പോകുവാനാകും? അവിടുത്തെ പള്ളിയിൽ കുർബാന കൂടുവാൻ ഇനി സാധിക്കുമോ? ആ സെമിത്തേരിയിൽ  തങ്കച്ചായനോടൊപ്പം അന്ത്യ വിശ്രമം കൊള്ളുവാൻ എനിക്ക് കഴിയുമോ?

   ക്രിസ്തുമസ് ഗാന ശുശ്രുഷയും, ഓശാനയും, ഉയിർപ്പ് ഞായറും ഒക്കെ പ്രധാനപ്പെട്ട അവസരങ്ങളായിരുന്നു. അന്നൊക്കെ പള്ളിയിൽ പോകുന്നത് വലിയൊരു ഹരമായിരുന്നു. പള്ളിയിൽ ചില കൂട്ടുകാരുണ്ടായിരുന്നു. ശോശാമ്മയും മറിയാമ്മയും.പിന്നെ, അയൽപക്കത്തുള്ള മേരിക്കുട്ടിയും ചിന്നമ്മയും. ചിലപ്പോളൊക്കെ അവരുടെ  എഴുത്തുകൾ വരുമായിരുന്നു. ആ എഴുത്തുകൾ എത്രയാവർത്തി വയിച്ചിരിക്കുന്നു!"സാറാമ്മേ! നീ ഇനി എന്നാണ് വരുന്നത്? നിന്നെ കാണാൻ കൊതിയാകുന്നു." നാട്ടിൽ പോയപ്പോഴൊക്കെ അവരെ കണ്ടിരുന്നു.എന്തൊരു സന്തോഷമായിരുന്നു ആ കൂടിക്കാഴ്ചകളിൽ!

   ഇപ്പോൾ അവരുടെയൊന്നും എഴുത്തുകൾ വരാറില്ല.അവർക്കും പ്രായമായില്ലേ.എഴുതുവാനൊന്നും വയ്യായിരിക്കും.ഞാനും ഒരു കാലത്തു വടിവൊത്ത അക്ഷരങ്ങളിൽ എഴുതുമായിരുന്നു. ഇന്നെനിക്കതാവതില്ലല്ലോ! കഴിഞ്ഞപ്രാവശ്യം മോളിക്കുട്ടി  വന്നപ്പോൾ പറഞ്ഞു മറിയാമ്മ രോഗാവസ്ഥയിലാണെന്നു. ആരൊക്കെ ജീവനോടെയുണ്ടോ? ഒരിക്കൽ കൂടി അവരെയെല്ലാം കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ...!

   എന്റെ സ്വന്തം ചേടത്തി സുഖമില്ലാതെ കിടക്കുകയാണ് എന്നാണ് അറിഞ്ഞത്. ഇളയ സഹോദരനും നല്ല ആരോഗ്യം ഒന്നുമില്ല. അവരുടെ അടുത്ത് പറന്നെത്തുവാൻ ആഗ്രഹമുണ്ട്.ഞാനൊരു പക്ഷിയായിരുന്നുവെങ്കിൽ...

   മക്കൾ എവിടെയാണോ അവിടെയാണ് നമ്മൾ ആയിരിക്കേണ്ടത്--എന്നാണ് എല്ലാവരും പറയുന്നത്. ശരിയുമാണ്. ഞാൻ മക്കളുടെ അടുത്തേക്ക് പോന്നു. "അമ്മച്ചി ഇനി തന്നെ അവിടെ താമസിക്കേണ്ട" എന്നു പറഞ്ഞാണ് വീട് പൂട്ടി താക്കോൽ അയൽപക്കത്തെ വീട്ടിൽ ഏൽപ്പിച്ചു അവർ എന്നെയും കൊണ്ടുപോന്നത്.

   മക്കളുടെ ആവശ്യങ്ങളിലെല്ലാം എന്നെ കഴിയുന്ന വിധത്തിലൊക്കെ ഞാൻ ചെയ്തുവെന്നാണ് എന്റെ വിശ്വാസം. തിരക്കേറിയ അവരുടെ ജീവിതത്തിൽ അവർക്ക് ഞാനൊരു ആശ്വാസം ആയിരുന്നിരിക്കണം. കൊച്ചുമക്കളെ നോക്കുവാനും ശുശ്രൂഷിക്കുവാനും കഴിഞ്ഞു.

   ആദ്യമൊക്കെ വലിയ പാടായിരുന്നു. നാട്ടിലെ കാലാവസ്ഥ ശീലിച്ച എനിക്ക് ന്യൂയോർക്കിലെ കൊടുംതണുപ്പു ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. സ്വെറ്ററും കോട്ടുമൊക്കെ ദേഹത്തും, സോക്‌സും ഷൂസും ഒക്കെ കാലുകളിലും ധരിച്ച് വിറച്ചു നടക്കുമ്പോൾ മക്കൾ പറയുമായിരുന്നു, "അമ്മച്ചിയെ ഇപ്പോൾ കണ്ടാൽ ഒരു മദാമ്മയെ പോലെ ഇരിക്കുന്നു"എന്നു. വീട്ടിനുള്ളിൽ ഹീറ്റർ ഉണ്ടെങ്കിലും തണുപ്പ് അരിച്ചെറങ്ങും.

   കറുത്തവർഗ്ഗക്കാരും വെളുത്തവർഗ്ഗക്കാരും കാണുമ്പോൾ, പരിചയമില്ലെങ്കിൽ പോലും ഭവ്യതയോടെ അഭിവാദനം ചെയ്യും. കുശലാന്വേഷണം നടത്തും. നാട്ടിൽ കാണത്തില്ല ഇതുപോലൊരു മര്യാദയോടുള്ള പെരുമാറ്റം! യാതൊരു അഹംഭാവവുമില്ലാത്ത പ്രകൃതം!

   പണ്ടുകാലത്ത് നമ്മുടെ നാട്ടിലും അങ്ങനെയൊക്കെ ആയിരുന്നു. ഒരു വർഷം കൂടി, എന്റെ വീട്ടിൽ, മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ,  അവരെയും കൊണ്ടു  പോകുമ്പോൾ--(ബസ്സിൽ ചെന്നിറങ്ങി, നടന്നാണ് പോകുന്നത്, കാളവണ്ടിക്കു മാത്രം പോകാവുന്ന മണ്പാതയിലൂടെ) ഓരോ വീട്ടിൽ നിന്നും ആൾക്കാർ ഇറങ്ങി വന്ന്‌ "വരുന്ന വഴിയാണോ" എന്നു സന്തോഷത്തോടെ ചോദിച്ചിരുന്ന കാര്യം ഓർക്കുന്നു. അവസാന തവണ നാട്ടിൽ പോയപ്പോൾ സങ്കടത്തോടെ കണ്ടു--പലതും മാറിയിരിക്കുന്നു--മനുഷ്യരുടെ സ്വഭാവവും പ്രകൃതവും എല്ലാം!

   നാട്ടിലും വൃദ്ധസദനങ്ങൾ  പെരുകുന്നു എന്നു മോളിക്കുട്ടി പറയുന്നത് കേട്ടു. അവിടെയും കലഹങ്ങൾ ഉണ്ടെന്നാണ് അറിഞ്ഞത്.മക്കൾക്ക് ഭാരമായത് കൊണ്ട് അവിടെ അവരെ ആക്കിയിരിക്കുന്നതാണ് പോലും! അവിടെ ആക്കുവാൻ പണമില്ലാത്ത വീടുകളിൽ വൃദ്ധർ നരകിച്ചു ജീവിക്കുന്നു എന്നും, അമ്പലനടകളിലും മറ്റും അവരെ  ഉപേക്ഷിക്കുന്നു എന്നും കേട്ടു.  എന്തൊരു കാലം, കർത്താവേ!

   എനിക്കിത്രയും സൗകര്യങ്ങൾ ഉള്ള സ്ഥലത്തായിരിക്കുവാൻ എന്റെ മക്കൾ സഹായിച്ചുവല്ലോ. അല്ലാതെ അവരെന്തു ചെയ്യും! വീട്ടിൽ പ്രായമായവരെയും കുട്ടികളെയും തനിയെ ആക്കിയിട്ടു പോയാൽ നല്ല  ശിക്ഷ കിട്ടും. നാട്ടിലാരോ അമ്മയെയോ അച്ഛനെയോ കട്ടിലിൽ കെട്ടിയിട്ടിട്ടു പോയെന്നോ മറ്റോ കേട്ടു. കഷ്ടം!
   സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകുവാൻ പഠിക്കണം.യാഥാർഥ്യം തിരിച്ചറിയണം.ഇവിടെ നടക്കുന്ന ക്ലാസ്സുകളിൽ വലിയ പഠിപ്പുള്ളവർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

   എല്ലാം എനിക്കറിയാം. എന്നാലും എന്റെ നാടും വീടും എനിക്ക് മറക്കാനാവില്ലല്ലോ. എന്റെ സഹോദരങ്ങളും കൂട്ടുകാരും എന്നെ കാത്തിരിക്കുന്നു. അവർക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്റെ അപ്പച്ചനും അമ്മച്ചിയും--അവരെവിടെയാണ്?ഞാൻ വീണ്ടും അവരുടെ പുന്നാരമകളായിരുന്നുവെങ്കിൽ...

   "മോളേ! നിന്റെ അമ്മച്ചി എനിക്ക് സ്വന്തം ജേഷ്ഠസഹോദരിയെപ്പോലെ ആയിരുന്നു. നീ എന്നെ തേടിപ്പിടിച്ചു ഇവിടെ എത്തിയല്ലോ. നീ നാട്ടിൽ ചെല്ലുമ്പോൾ എന്റെ സഹോദരങ്ങളെ കാണണം. കൂട്ടുകാരെ കാണണം. അവരോടൊക്കെ എന്റെ സ്നേഹാന്വേഷണം അറിയിക്കണം. ഞാൻ നിന്റെ കൈയിൽ അല്പം പണം തരാം. നീ കുറച്ചു പൂക്കൾ വാങ്ങി--മുല്ലപ്പൂക്കൾ മതി-- അതായിരുന്നു തങ്കച്ചായന്  ഏറ്റവും ഇഷ്ടം-- ആ പൂക്കൾ എന്റെ തങ്കച്ചായന്റെ ശവക്കല്ലറയുടെ മേൽ വെക്കണം. എന്നിട്ട് പറയണം, തങ്കച്ചായന്റെ സാറാക്കുട്ടി തന്നു വിട്ടതാണ് എന്നു. ഇതിലും മനോഹരമായ സ്ഥലത്തു നിന്ന്‌  തങ്കച്ചായൻ അതു കാണും--അതാണെന്റെ വിശ്വാസം!"

    ഇന്ന് നവംബർ 26--   അവൾ കൊണ്ടു വന്ന Thanks-giving Dayയുടെ ഓറഞ്ചു നിറത്തിലുള്ള റോസാപുഷ്പങ്ങൾ ഒരേപോലെ പുഞ്ചിരിക്കുകയും കരയുകയും ചെയ്തു.


 

ഡോ.ആനിയമ്മ ജോസഫ്