മോരുംവെള്ളം: തനി നാടൻ , പോൾ ചാക്കോ തീമ്പലങ്ങാട്ട്

''അമ്മേ വല്ലതും തരണേ...വിശന്നിട്ട് വയ്യേ...ഈ കൈയും കാലും ഇല്ലാത്തവന് വല്ലതും തന്നിട്ട് പോണേ അമ്മാ...അച്ഛാ...ചേട്ടന്മാരെ...''
''ഈത്തപ്പഴം...ഓറഞ്ച്...മുന്തിരി....ആ...ഇനി ആര്‍ക്കാ...''
ഒരു കതിന വെടി! കൂടെ കുറെ മാലപ്പടക്കങ്ങളും.പരിശുദ്ധ കുര്‍ബ്ബാനയുടെ എഴുന്നള്ളിപ്പ് ആവണം.
''വിലക്കിഴിവില്‍ മുണ്ടുകള്‍...ഷര്‍ട്ടുകള്‍...സാരികള്‍...സമീപിക്കുക കമാല്‍ സ്റ്റോഴ്‌സ് മണിമല..''
''ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി...ആലുവാപ്പുഴ പിന്നെയും ഒഴുകി...'' കോളാമ്പിയില്‍ കൂടി മനം കവരുന്ന ഗാനങ്ങള്‍...
കൊല്ലത്തറ ബേബിയുടെ കടയില്‍ വറക്കലും പൊരിക്കലും കെങ്കേമമായി പൊടി പൊടിക്കുന്നു...നല്ല മണം. പരിപ്പുവട...ബോളി...പപ്പട വട...ഉള്ളിവട...
മണം പിടിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ജന്മം...എന്‍റെ ജന്മം! വെറും മൂന്ന് രൂപയുമായി മണിമലപ്പള്ളി പെരുനാള്‍ ആഘോഷിക്കാന്‍ ഒരുങ്ങി പുറപ്പെട്ട എന്‍റെ കഥ.
ചെണ്ടമേളം തുടങ്ങി. കൂടെ കടയനിക്കാട് വി.സെ.മേരീസ് പള്ളീലെ കുട്ടികളുടെ ബാന്‍ഡ് മേളോം.
''മോരുംവെള്ളം...മോരും വെള്ളം...'' കാലായില്‍ വറീതിന്‍റെ ഭാര്യ അമ്മിണിയാണ് ഈ തിരക്കിനിടെ മോരുംവെള്ളം വില്‍ക്കുന്നത്...
മണിമല പൂജരാജാക്കന്മാരുടെ പള്ളിയില്‍ പെരുന്നാളാണ്.രാവിലെ പത്തരക്ക് പെരുനാള്‍ കുര്‍ബ്ബാന. ഒരു ഡസ്സനോളം അച്ചന്മാര്‍ നിരന്നു നിന്നുള്ള വിശുദ്ധ കുര്‍ബ്ബാന. പള്ളിയില്‍ നേരത്തേ പ്രവേശിച്ചവര്‍ക്ക് പുറത്തേക്കോ പള്ളിയില്‍ പ്രവേശിക്കാന്‍ പറ്റാത്തവര്‍ക്ക് ഉള്ളിലേക്കോ കടക്കാന്‍ പറ്റാത്തത്ര തിരക്ക്. ഭക്തജന പ്രവാഹം. വിശുദ്ധ പൂജരാജാക്കന്മാരെ വണങ്ങി അനുഗ്രഹം മേടിക്കാന്‍ വന്ന ജനാവലി.
ജനുവരി മാസ്സത്തിലെ രണ്ടാം വെള്ളിയാഴ്‌ച കൊടിയേറും. പിന്നെ ഒരാഴ്‌ച പൊടിപൂരം. പെരുനാള്‍ നടത്തുന്നവന്‍റെ മിടുക്കും താല്‍പര്യവും പണക്കൊഴുപ്പും അനുസ്സരിച്ച് ശനിയാഴ്‌ച രാത്രി ഒന്നുകില്‍ ഒരു ഗാനമേള. അല്ലെങ്കില്‍ ഒരു നാടകം. അതൊന്നും ഇല്ലെങ്കില്‍ ഒരു കരിമരുന്ന് കലാപ്രകടനം. പെരുനാള്‍ കൂടാന്‍ വന്നവരുടെ പ്രകടനം വേറെ. ഇലക്ട്രിസിറ്റി ബോര്‍ഡിലെ തൊഴിലാളികളെ കണ്ട് പോലീസുകാര്‍ എന്ന് തെറ്റിദ്ധരിച്ച് പ്രകടനം മതിയാക്കുന്ന പാവം മദ്യപാനികള്‍.
അടുത്ത ഇടവകകളിലേയും സമീപപ്രദേശങ്ങളിളേയും ആബാലവൃദ്ധം ജനങ്ങള്‍ ജാതിമതഭേദമന്യേ പങ്കെടുക്കുന്ന തിരുനാള്‍ മഹാമഹം. പള്ളിയുടെ അകത്തും പുറത്തും പെരുനാള്. സൂചി കുത്താന്‍ ഇടമില്ലാത്ത ജനപ്രവാഹം...
ഏകദേശം പന്ത്രണ്ടര ആയപ്പോ തിരുനാള്‍ കുര്‍ബ്ബാന കഴിഞ്ഞു. ഇനിയാണ് ശരിക്കുള്ള പെരുനാള്‍ കച്ചവടം തുടങ്ങുന്നത്.
വളയും ചാന്തും പൊട്ടും ക്യൂട്ടക്‌സും വില്‍ക്കുന്ന പാണ്ടികളുടെ കൊയ്‌ത്ത്.
ഈച്ച ആര്‍ക്കുന്ന ഈത്തപ്പഴ കച്ചവടക്കാരന് ചാകര.
മരണക്കിണറില്‍ അഭ്യാസ്സങ്ങള്‍ കാണിച്ച് കാണികളുടെ കൈയടിയും പണവും തട്ടുന്ന സര്‍ക്കസ്സ് മുതലാളിയുടെ അച്ഛാ ദിന്‍.
ഒരു മാസ്‌മരിക ലോകം. ഒരിടത്തും എത്താത്ത ഒരു നിക്കറും കൂടെ ബട്ടന്‍സ് സഹകരിക്കാത്ത ഒരു ഷര്‍ട്ടും ഇട്ട് ചേട്ടന്‍ കുഞ്ഞച്ചന്‍റെ കൂടെ ഞാനുമുണ്ട് ഈ മായാപ്രപഞ്ചം ആസ്വദിക്കാന്‍. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് അച്ചാച്ചന്‍ സമ്മതപത്രം ഒപ്പിട്ടത്. അഫ്‌ഗാനിസ്ഥാനില്‍ യുദ്ധത്തിന് പറഞ്ഞുവിടുന്ന പോലെ?
പോകാന്‍ നേരം മൂന്ന് രൂപ കൈയില്‍ വച്ചുതന്നിട്ട് അച്ചാച്ചന്‍ പറഞ്ഞു
''കണ്ടമാനം കളയരുത്, ബാക്കി ഇങ്ങു കൊണ്ടുവന്നേക്കണം''.
മൂന്നു രൂപക്ക് പെരുനാള് കൂടീട്ട് ബാക്കിയോ! മണ്ണൂക്കര കുഞ്ഞച്ചന്‍ ചേട്ടന്‍റെ മകന്‍ ജോജോക്ക് കുഞ്ഞച്ചന്‍ ചേട്ടന്‍ കൊടുത്തത് പത്ത് രൂപയാ. അവനാണെങ്കില്‍ പെരുനാള്‍ സ്ഥലത്തൂടെ ഐസ് ക്രീമും ഉഴുന്നാടയും ആസ്വദിച്ച് പൊട്ടാസ് വച്ച് വെടി വയ്‌ക്കുന്ന തോക്കും ഒക്കെ പിടിച്ചങ്ങനെ അറുമാദിച്ച് വിലസ്സുവാ. ഞാനാണെങ്കില്‍ മൂന്ന് രൂപക്ക് പെരുനാള്‍ കൂടി ബാക്കി പൈസ്സയുമായി വേണം വീട്ടില്‍ പോകാന്‍....എനിക്കും മണ്ണൂക്കര കുഞ്ഞച്ചന്‍ ചേട്ടന്‍റെ മകനായി ജനിച്ചാ മതിയാരുന്നു.
എന്‍റെ കൂടെയുള്ള ചേട്ടന്‍ കയ്യില്‍ പൈസ്സേം വച്ചോണ്ട് ഹോട്ടല്‍ അലമാരയില്‍ നോക്കി വെള്ളമിറക്കി വയറു നിറക്കുന്ന കക്ഷിയാ. എന്തെങ്കിലും ചോദിച്ചിട്ട് യാതൊരു കാര്യോമില്ല.
പൊരിവെയിലത്ത് ചേട്ടന്‍റെ വാലേല്‍ തൂങ്ങി ഞാനും നടന്നു...കൌതുകങ്ങള്‍ ദൂരെ മാറി കാണാനുള്ള ഭാഗ്യമേ എനിക്കുള്ളൂ. ലാവിഷായി പെരുനാള്‍ കൂടാന്‍ അച്ചാച്ചന്‍ തന്നുവിട്ട മൂന്ന് രൂപ എപ്പഴേ ഗോപി. ഇപ്പൊ എന്‍റെ അവസ്ഥ എ. കെ. ആന്‍റണി കേരള മുഖ്യമന്ത്രി ആയിരുന്നപ്പോ കേരളത്തിനുണ്ടായ അവസ്ഥയാണ്...കോപ്പി എടുക്കാന്‍ പോലും അഞ്ച് പൈസ കൈയില്‍ ഇല്ലാത്ത അവസ്ഥ.
ഞങ്ങള്‍ നടന്നു...ഓരോരോ കാഴ്‌ചകള്‍ കണ്ടും കേട്ടും അനുഭവിച്ചും ആസ്വദിച്ചും. ആദ്യമൊക്കെ ചേട്ടന്‍ എന്‍റെ കൈയില്‍ പിടിച്ചിട്ടുണ്ടായിരുന്നു പക്ഷെ കുറെ കഴിഞ്ഞപ്പോ ആ പിടി വിട്ടു.
പള്ളിയുടെ നട ഇറങ്ങി ഞങ്ങള്‍ മണിമല കവല ലക്ഷ്യമാക്കി നടന്നു.
''മോരുംവെള്ളം...മോരും വെള്ളം...''...കാലായില്‍ വറീതിന്‍റെ ഭാര്യ!
ഞാന്‍ നിന്നു. അതറിയാത് ചേട്ടന്‍ മുന്‍പോട്ട് നടന്നു.
ഉച്ച സമയം. പൊരി വെയില്‍. നല്ല . വിദാഹംശപ്പ്. അമ്മിണി ചേടത്തി ഇതാ മോരുംവെള്ളം വച്ച് നീട്ടുന്നു.
പച്ചമുളകും ഇഞ്ചീം ഉള്ളീം കറിവേപ്പിലേം ചതച്ചിട്ട മോരുംവെള്ളം. മണ്‍കലത്തില്‍!
കാലായില്‍ ചേടത്തിയെ എനിക്കറിയാം...നാട്ടുകാര്‍ക്കെല്ലാം അറിയാം. ചേടത്തി മോരുംവെള്ളം വച്ച് നീട്ടുമ്പോ എങ്ങനാ വേണ്ടാന്ന് പറയുക. ഞാനത് മേടിച്ച് ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുത്തു. ദാഹം മാറിയ എന്‍റെ മുഖത്തുള്ളതിനേക്കാള്‍ സന്തോഷം ഒരു മോരുംവെള്ളം ചിലവായ ചേടത്തിയുടെ മുഖത്ത്.
ഞാന്‍ മുന്നോട്ട് നടക്കാന്‍ ഭാവിച്ചപ്പോ ചേടത്തി വിളിച്ചു...''പൈസ തന്നിട്ട് പോ മോനെ''.
കാലില്‍ തളയിട്ട പോലെ ഞാന്‍ നിന്നു.
ങ്ങേ...പൈസയോ? ദയനീയമായി ഞാന്‍ അമ്മിണിചേടത്തിയെ നോക്കി.
മോരുംവെള്ളം തന്നപ്പോ പൈസയുടെ കാര്യമൊന്നും ചേടത്തി പറഞ്ഞില്ലല്ലോ.
''പൈസ...ഇല്ല''...ഞാന്‍ മടിച്ചു മടിച്ച് സത്യം പറഞ്ഞു.
ചേടത്തി ക്രുദ്ധയായി എന്നെ ഒന്ന് നോക്കി. അത്രേം നേരോം പ്രസ്സാദിച്ചിരുന്ന ചേടത്തിയുടെ മുഖം കറുത്തു. ഒരു കള്ളനെ നോക്കുന്ന പോലെ ചേടത്തി എന്നെ നോക്കി.
''പൈസ ഇല്ലേ? പിന്നെ എന്തിനാ മേടിച്ചു കുടിച്ചേ?''
അതിന് എനിക്ക് മറുപടി ഇല്ലാരുന്നു...എന്ത് ചെയ്യണമെന്നറിയാത് വിഷണ്ണനായി ഞാന്‍ നിന്നു. നിന്നിടത്ത് നിന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ.
മുന്നോട്ട് നടന്ന കൊച്ചായന്‍ എന്നെ കാണാതായപ്പൊ തിരിഞ്ഞു നിന്നു. കരച്ചിലിന്‍റെ വക്കോളമെത്തിയ എന്നെ കണ്ട് കൊച്ചായന്‍ തിരികെ വന്നു.
''എടാ തങ്കച്ചാ, നീ വരുന്നുണ്ടോ?''
''മോനെ...എന്‍റെ പൈസ തന്നിട്ട് പോ മോനെ.....?'' ചേടത്തി എന്‍റെ ചേട്ടന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു.
''എന്ത് പൈസ?
''മോരും വെള്ളത്തിന്‍റെ...ഈ മോന്‍ മേടിച്ചു കുടിച്ച മോരും വെള്ളത്തിന്‍റെ...''
കൊച്ചായന്‍ എന്‍റെ നേരെ തിരിഞ്ഞു. കുറ്റവാളിയായ ഞാന്‍ മുഖം കൊടുക്കാത് നിലത്ത് നോക്കി നിന്നു.
പൊരിവെയിലില്‍ നേര്‍ക്ക് നേരെ നീട്ടിയ മോരുംവെള്ളത്തിന് കാലായില്‍ അമ്മിണി ചേടത്തി ഒരു വിലയിട്ടുണ്ടാവുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയില്ല.
ഒടുവില്‍ ഗത്യന്തരമില്ലാത് മോരുംവെള്ളത്തിന്‍റെ പത്ത് പൈസ തന്‍റെ അമൂല്യനിധിയില്‍ നിന്നും കൊച്ചായന്‍ കൊടുത്തു. മണിമല മുതല്‍ പുലിക്കല്ല് വരെ ഞാന്‍ കേട്ട വഴക്കില്‍ ഞാന്‍ കുടിച്ച മോരുംവെള്ളം എപ്പഴോ ആവിയായി പോയത് ഞാന്‍ അറിഞ്ഞില്ല.
******************************************
അമ്മിണി ചേടത്തി ഇപ്പൊ ഉണ്ടാവാന്‍ വഴിയില്ല. നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണിത്. അന്ന് തന്നെ ചേടത്തിക്ക് അറുപതോളം വയസ്സുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടി പത്ത് പൈസയുടെ മോരുംവെള്ളം വിറ്റിരുന്ന അമ്മിണി ചേടത്തിയെ ബഹുമാനത്തോടെ അല്ലാത് എനിക്ക് സ്‌മരിക്കാന്‍ പറ്റുന്നില്ല. സ്വര്‍ഗ്ഗരാജ്യം എന്നൊന്ന് ഉണ്ടെങ്കില്‍ അത് അമ്മിണി ചേടത്തിയേ പോലുള്ളവര്‍ക്കായി ദൈവം എന്നന്നേക്കുമായി ഒരുക്കി വച്ചിരുക്കുന്ന വാസ്സസ്ഥലമാണ്.
പോൾ ചാക്കോ തീമ്പലങ്ങാട്ട്