അതേ  മുഖം :കവിത, രമ പിഷാരടി

അതേ  മുഖം :കവിത, രമ പിഷാരടി

നിലാവിൻ  കണ്ണാടിയിൽ 

ഞാനൊന്ന്  നോക്കിപ്പോയി 

പതിയെ  അതിൻ  പിന്നിൽ  

ഇരുളിൻ    കാൽപ്പാടുകൾ

 

എന്റെയി  മുഖത്തിന്റെ-

മൂടിയിൽ മറഞ്ഞുള്ള 

പുഞ്ചിരി  മങ്ങിപ്പോയ-

തറിഞ്ഞു  മേഘക്കൂട്ടം 

 

മഴനീർപ്പൂവിനുള്ളിൽ 

ഞാനൊളിപ്പിച്ചു  എന്റെ 

മിഴികൾ  അതിൽ  രണ്ട് 

മിന്നാമിന്നുകൾ  പാറി 

 

പാതി  ചാരിയ  വാതിൽ 

തുറന്നു  ചൊല്ലി  പാതി-

രാവിന്റെ  കിളി  ഇന്ന് 

വനിതാദിനമെന്ന് 

 

നാഴികമണിക്കുള്ളി-

ലന്നത്തെ ദു:ഖത്തിന്റെ പാതിരാക്കനൽ മൂടി- 

നക്ഷത്രമോടിപ്പോകെ! 

 

ദർപ്പണച്ചില്ലിൽ  എന്നും 

കണ്ടൊരു  മുഖം

ദു:ഖമെത്രമേലുണ്ടെങ്കിലും 

ചിരിക്കും  അതേ  മുഖം 

 

രമ പിഷാരടി