മോക്ഷം: കവിത , സുരേഷ് നാരായണൻ

മോക്ഷം: കവിത , സുരേഷ് നാരായണൻ

ട്ടുമണിയായി എന്നറിയിച്ചുകൊണ്ട്

വെയിൽ അക്ഷമ  കാണിക്കുമ്പോഴും

അയാളുടെ ബലിതർപ്പണം

അവസാനിച്ചിരുന്നില്ല.

 

മറ്റുള്ളവരെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു.

തീരം ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു.

 

കൈകൾ വിറക്കുന്നുണ്ട്.

കടൽ അടുത്തേക്കു വരുന്നുണ്ട് .

 

തിരത്തിരക്കുകൾക്കിടയിൽ 

ഒരു മുഖം തെളിഞ്ഞു.

 

അതെന്തോ പറയാൻ ശ്രമിക്കവേ

കേൾക്കാനായി 

അയാളടുത്തേക്കു ചെന്നു.

 

'ബലി പൂർണമായതുകൊണ്ടാവണം

അശാന്തരായലയടിച്ചുകൊണ്ടിരുന്ന 

കുറേ തിരകളിന്നു

മോക്ഷത്തിൻറെ പടവുകളിറങ്ങി- 

യൊഴുകിപ്പോയിരിക്കുന്നു.

 

പകരം ഒരു തിരയായ് 

എന്നിലേക്കു വരുന്നുവോ?'