ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് രാത്രിയായിരുന്നു, കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന മോദിയുടെ അന്ത്യം. മുന്‍ രാജ്യസഭാംഗമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു മോദി. കോട്ടയം പൊന്‍കുന്നം സ്വദേശിയായ ജെസി ജോര്‍ജാണ് ഭാര്യ. ഭൗതിക ശരീരം നാളെ പാറ്റ്‌നയിലെ രാജേന്ദ്ര നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിക്കും. വൈകിട്ട് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ബിഹാര്‍ ഉപ മുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ തുടങ്ങി നിരവധി ബി ജെ പി നേതാക്കള്‍ സുശീല്‍ കുമാര്‍ മോദിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. മൂന്ന് പതിറ്റാണ് നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ എം എല്‍ എ, എം എല്‍ സി, ലോക്‌സഭാ, രാജ്യസഭാ അംഗം എന്നിവയുള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചു. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2020 വരെയും ബിഹാര്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. 1990ല്‍ പാറ്റ്‌ന സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.