മെസി വിവാദം; അഗസ്റ്റിൻ സഹോദരൻമാരുടെ തറവാട് വീട്ടിലും സ്ഥാപനങ്ങളിലും എസ്.ഐ.ടി റെയ്ഡ്
കൊച്ചി: സൂപ്പർ താരം ലയണൽ മെസിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ കേസ് എടുത്തതിന് പിന്നാലെ റെയ്ഡുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എസ്ഐടി പരിശോധന തുടരുന്നു. പുലർച്ചെ മുതൽ അഞ്ചോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്
വയനാട് വാഴവറ്റ കാരാപ്പുഴ ഡാമിന് സമീപമുള്ള ഇവരുടെ തറവാട് വീട്ടിൽ പുലർച്ചെ മുതൽ പോലീസ് പരിശോധന ആരംഭിച്ചിരുന്നു. മൂന്ന് പോലീസ് വാഹനങ്ങളിലായെത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. ഗേറ്റ് പുറത്തുനിന്ന് പൂട്ടി പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയാണ് സെർച്ച് നടപടികൾ പുരോഗമിക്കുന്നത്.
റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ താമസിക്കുന്ന വയനാട്ടിലെ തറവാട് വീടിന് പുറമേ കൊച്ചിയിലെ ഫ്ലാറ്റിലും, ഓഫീസിലും, റിപ്പോർട്ടിംഗ് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയുടെ സ്ഥാപനങ്ങളിലും ഒരേ സമയമാണ് പരിശോധന നടത്തുന്നത്. കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും രാവിലെ തന്നെ ആരംഭിച്ച പരിശോധന തുടരുകയാണ്.
മെസിയെ കൊണ്ടുവരാമെന്ന പേരിൽ നടന്നത് വലിയ തട്ടിപ്പാണെന്ന് കായിക സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടിയും ജി.എസ്.ടിയുടെ പ്രത്യേക സംഘവും അന്വേഷണം ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങിയാണ് സംഘം റെയ്ഡിനെത്തിയത്.