അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു; ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതി
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായും ഇവര്‍ പറയുന്നു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.
ലളിതാംബിക എന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഗുരുതരമായ ആരോപണമുണ്ട്.
വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.
കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് മുന്നിൽ നാളെ മുതൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.