ചുവന്ന റോസാപ്പൂ, ഷീല ജഗധരൻ, തൊടിയൂർ

നിനക്കും എനിക്കും എല്ലാവർക്കുമായി
നെഞ്ചോടടുക്കുന്ന പ്രണയത്തിൽ
തെരുവിൽ പൊഴിഞ്ഞ
മഞ്ചാടികളുടെ ചോരയുണ്ട്
എത്ര പൊള്ളിച്ചാലും
ചുവന്നു പൊഴിക്കുന്ന രക്തമുണ്ട്
വെളുത്ത പാത്രത്തിൽ എനിക്ക് നൽകിയ
ചുവന്ന റോസാപ്പൂവിൽ
നമുക്ക് പറക്കാനുള്ള
ഒരു കുഞ്ഞ് ആകാശവും കൂടി
നിന്റെ ചുവപ്പും എന്റെ വെളുപ്പും
ഇപ്പോൾ നമ്മുടേതല്ല
ഇതിൽ മറ്റാരോ കരി ഒഴുക്കുന്നു
നമുക്ക് പറക്കാം
ആകാശത്തിനപ്പുറത്തേക്ക്
അവിടെ നക്ഷത്രങ്ങൾ
നമുക്ക് വെളിച്ചം തരുമോ
ആകാശവും നക്ഷത്രവും
ആരെങ്കിലും കൊണ്ടു പോയിട്ടുണ്ടാവുമോ
നമുക്ക് പ്രണയതല്പമൊരുക്കാൻ
അല്പം പച്ച മതിയാകും
ഒരു കുഞ്ഞിക്കറുക
മുത്തുന്ന തുഷാര ബിന്ദുവായ് ഞാനും
എന്നിലലിഞ്ഞു നീയും
എടുത്തോളൂ ചുവന്നൊലിക്കുന്ന
എന്റെ ഹൃദയം
ഷീല ജഗധരൻ
തൊടിയൂർ