മഞ്ചാടി: കവിത, ഷുക്കൂര്‍ ഉഗ്രപുരം

മഞ്ചാടി: കവിത, ഷുക്കൂര്‍ ഉഗ്രപുരം

ഠത്തൊടിയില്‍
നിന്നും
മൃതിയടഞ്ഞ
അപ്പൂപ്പന്‍റെ
വെള്ളത്താടി
ചിരിതൂകി
ഇപ്പോഴുംപറന്ന്‌
വരാറുണ്ടോ?
രക്തവര്‍ണ്ണ
മഞ്ചാടിപെറുക്കി
നീയിപ്പോഴും
ചില്ല്‌ഗ്ലാസില്‍
സ്വരുക്കൂട്ടി
ചുവന്നലോകം
നിര്‍മിക്കാറുണ്ടോ?
ഇലമുളച്ചി
അരുമയിലയും
വെള്ളത്തണ്ടും
അതിരിലെ
നായിക്കരിമ്പും
ചുവന്ന
മുരിക്കിന്‍പൂവും
കായയും
റോസ്‌
ചീമക്കൊന്നപൂവും
ഇപ്പോഴും
നിന്‍റെബാഗില്‍
കൊണ്ട്‌നടക്കാറുണ്ടോ?
പാലമരത്തിലെ
ഓന്ത്‌
ഇപ്പോഴുംനിന്‍റെ
ആപ്പിള്‍ക്കുഴിയുള്ള
പൊക്കിളില്‍നിന്നും
രക്തം
കുടിക്കാറുണ്ടോ?
കമ്മ്യൂണിസ്റ്റപ്പക്കിടയിലേക്ക്‌
മൂവന്തിയില്‍
വലിഞ്ഞുകയറുന്ന
ചേരയും
സന്ധ്യയില്‍
വയര്‍വേദനിച്ച്‌
കരയുന്ന
കാടാമ്പൂച്ചയും
ഇപ്പോഴും
അവിടെയുണ്ടോ?
നമ്മുടെ
ഗ്രാമത്തിലെ
പീടികച്ചുമരിലെ
ചുവന്ന
കത്ത്‌പെട്ടി
ഇപ്പോഴും
അവിടെയുണ്ടോ?
നിന്‍റെയച്ഛന്‍റെ
കറുത്തമഷി
ഹീറോപെന്‍
ഇപ്പോഴുമദ്ധേഹം
പോക്കറ്റില്‍
കുത്താറുണ്ടോ?
രണ്ട്വരിക്കോപ്പിയും
നാല്വരിക്കോപ്പിയും
എഴുതാത്തപേജുകള്‍
പറിച്ച്‌
തുന്നിക്കൂട്ടിയ
നോട്ട്‌ബുക്കും
തലമുറകളുടെ
നോവിന്‍ഗന്ധം
വമിക്കുന്ന
അഞ്ചുംആറും
വര്‍ഷംഉപയോഗിച്ച്‌
കൈമാറിക്കിട്ടിയ
പഴയ
ടെക്‌സ്റ്റ്‌ബുക്ക്‌
നാട്ടിലിപ്പോഴും
കുട്ടികള്‍
ഉപയോഗിക്കാറുണ്ടോ?

 

ഷുക്കൂര്‍ ഉഗ്രപുരം