പത്രാധിപരുടെ പണിപ്പുര: കവിത, ടോബി തലയല്‍

പത്രാധിപരുടെ പണിപ്പുര: കവിത, ടോബി തലയല്‍

 

''കൂട്ടുകൃഷി''മാസികയുടെ പത്രാധിപര്‍
പുതിയലക്കം ചെത്തിമിനുക്കുന്ന തിരക്കിലാണ്‌
അദ്ദേഹത്തിന്റെ സാന്നിധ്യം
കാടും പടലും പിടിച്ച കൃഷിയിടത്തെ
ഓര്‍മ്മിപ്പിക്കുമെങ്കിലും
ജനസമ്മതിയില്‍ വിളഞ്ഞുകതിരായ
സാഹിത്യകാരനാണ്‌.

ലേഖനങ്ങളുടെകുത്തകപ്പാട്ടം എടുത്തിട്ടുള്ളവരുടെ
രചനകള്‍ തിരഞ്ഞെടുക്കണം,
ചെറുകിടക്കാരുടെ കഷ്ടതയും കണ്ണീരും പുരണ്ടവ
ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കണം,
അത്രയേ ചെയ്യാനുള്ളൂ.

കരിവണ്ടിന്റെ കരുണാര്‍ദ്രമായ മുഖം,
കൊമ്പന്‍ചെല്ലി കേരകര്‍ഷകന്റെ മിത്രം,
തണ്ടുതുരപ്പന്റെ സാന്ത്വനചികിത്സ,
പൊന്നാര്യന്‍ നെല്ലിന്‌ചാഴികൂട്ട്‌,
പയറിന്റെ വളര്‍ച്ചക്ക്‌ മുഞ്ഞയുടെതാരാട്ട്‌,
അന്തകനെതിരെ കുരുക്കാത്ത കള്ളം...
പ്രഗത്ഭരുടെപഠനങ്ങള്‍ക്ക്‌ 
തലക്കെട്ടുകള്‍ കൊടുത്തുകഴിഞ്ഞു.

ഇനിചില കാര്‍ഷിക വാര്‍ത്തകളും
വിശേഷങ്ങളും കൊടുക്കാതെ വയ്യല്ലോ:
തേന്‍ കുടിക്കാനുള്ള അവകാശം
തന്റെ കുട്ടികള്‍ക്കാണെന്നു വാദിച്ച
തേനീച്ചയുടെ കേസ്‌ അകത്തെ പേജില്‍
എവിടെയെങ്കിലും ഒരു മൂലയ്‌ക്ക്‌തള്ളണം;
അവന്റെ ചാവേറാക്രമണങ്ങളുടെ മുള്ളുകള്‍
താനേ മുറിഞ്ഞുപോയ്ക്കൊള്ളും!
അവകാശസമരങ്ങളെ പരസ്യങ്ങളുടെ
പരിസരത്ത് നിര്‍ത്താന്‍ പാടില്ല
പിന്നാമ്പുറത്തെ പുകമറയില്‍
തനിയേ കെട്ടടങ്ങിക്കൊള്ളും.
 
മികച്ചകര്‍ഷകന്‍ ആത്മഹത്യചെയ്‌ത വാര്‍ത്ത
ചരമക്കോളത്തില്‍ കുഴിച്ചിട്ടാല്‍ മതി;
തുള്ളിപ്പാല് കിട്ടാതെചത്ത
പശുക്കിടാവിന്റെ ജഡംപോലെ.

വായ്‌പകുടിശിഖയുള്ള കര്‍ഷകരെ
`സൗജന്യ ശവക്കോടി'പദ്ധതിയില്‍
ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം,
സംശയമില്ല,ഒന്നാംപേജില്‍തന്നെ!