അതിനുംമുൻപേ: കവിത, ഹരിലാൽ പുത്തൻ പറമ്പിൽ

അതിനുംമുൻപേ: കവിത, ഹരിലാൽ പുത്തൻ പറമ്പിൽ

രാവിൽ എന്നിലെ കവിയും

കാമുകനും ഒരുപോലെ മരണപ്പെടുന്നു...

അല്ല നീയാൽ കൊല്ലപ്പെടുന്നു...

 

പ്രണയത്തിൻ്റെ 'ആൽക്കെമിയിൽ'

തെറ്റിക്കറുത്ത എൻ്റെ

ആകാശനീലങ്ങൾ എന്നുമിനി

കാപട്യങ്ങളുടെ പെയ്യാമേഘങ്ങളായി

നിന്നിലേക്കുള്ള എൻ്റെ സൂര്യ

വർണ്ണങ്ങളെ മറച്ചിരുൾ പരത്തട്ടെ...

 

ഇനിയൊരാൾക്കു വേണ്ടിയും

പ്രണയത്തിൽ വിഷം ചേർത്തെഴുതാൻ

ഞാനസ്വസ്ഥനാവുന്നു...

നെഞ്ചിലുയിരേറ്റി നനഞ്ഞതൊന്നും

മഴയായിരുന്നില്ല എന്ന തിരിച്ചറിവിൽ

ഉള്ളിലൊരഗ്നിയാളുന്നുണ്ട്...

 

അക്ഷരങ്ങളെ വ്യഭിചരിക്കാൻ മാത്രം 

പ്രണയമെഴുതുന്ന കാമുകൻ്റെ

മേലങ്കിയണിയാൻ,

നിൻ്റെ വഴികളിലെ 

ചുവന്ന പൂക്കളെ ആസ്ക്തിയോടെ

ചുംബിക്കാൻ ഇനിയും നൂറ്റി

ഒന്നാം വട്ടവും ഞാൻ 

പഠിക്കേണ്ടിയിരിക്കണമെന്നതിൽ

ഉയിരിലിലുറപൊട്ടുന്ന

രക്തഗന്ധമെന്നെ തളർത്തുന്നു...

 

നീ നിൻ്റെ സന്തോഷങ്ങളുടെ

താരാപഥങ്ങളിലേക്ക് മടങ്ങുക...

ഞാനെൻ്റെ പ്രണയത്തെ നിന്നിൽ

നിന്നുമറുത്തെടുത്ത്

വിഷാദങ്ങളുടെ ഉപ്പളങ്ങളിൽ

നോവുതീണ്ടട്ടെ...

 

മറക്കാൻ പഠിക്കുന്നവന്

മരണമില്ലത്രേ...,

 

പക്ഷേ വേദനകളുടെ

ഉന്മാദങ്ങളിലേയ്ക്ക്

അവന് വാതിലടയ്ക്കപ്പെടുമെന്നതിൽ

സംശയമില്ല...

 

ആൺപൂവിൻ്റെ പരാഗരേണുകൾ

കാത്തിരിക്കുന്ന പെൺപൂവിലേക്ക്

ശലഭച്ചിറകുകൾ

പൂമ്പൊടിയേന്തിയെത്തുന്ന

സമയമത്രയും ഒരു

കവിതയുടെ പിറവിക്കാലമായി

കണക്കാക്കപ്പെട്ടേക്കാം...

 

പക്ഷേ നിന്നിലേക്കൊഴുകുന്ന

പ്രണയത്തിൻ്റെ നീരുറവകൾ

കവിതകളായി പരിണാമം ചെയ്യപ്പെടുന്ന

കാലയളവിനെ എങ്ങനെ ഹരിച്ചും

ഗുണിച്ചും കണക്കെടുക്കാനാവും...?

 

ഓരോ വാക്കിലും നിന്നിലേക്ക് പായുന്ന

എൻ്റെ വസന്ത വേഗങ്ങളെ ഞാൻ

ചേർത്തു കെട്ടിയിരുന്നു...

 

ഓരോ വരിയിലും നിനക്കായി

മാത്രമൊരു കടലാഴം ഞാൻ കാത്തു വച്ചിരുന്നു...

 

ഓരോ കവിതയ്ക്കുള്ളിലും

നിനക്കായൊരു സ്വപ്നകാലം  ഞാൻ

കടം കൊണ്ടിരുന്നു...

 

എഴുതാനാവാതെ പോകുന്നതൊക്കെ

വേദനകൾ മാത്രമെന്നാരാണ് പറഞ്ഞത്..?

 

അതിലൊരു നഷ്ടസ്വപ്നത്തിൻ്റെ

അസ്ഥിപഞ്ചരമുണ്ടെന്ന് ഞാൻ പറയട്ടെ...

 

നിഷേധിക്കരുത്...

 

അതു മാത്രമെങ്കിലുമെൻ്റെ

തകർക്കപ്പെടാത്ത വിശ്വാസമായി

വെളുത്ത് പൂക്കട്ടെ...

 

ഇനി നിനക്കുവേണ്ടി എഴുതാനാവാതെ

ശൂന്യമാകുന്ന  കടലാസ്സിലെൻ്റെ

ഉടലറുത്തു ചുവന്നൊഴുകി ഞാൻ ബലിയാവുന്നു...

 

അതിനും മുൻപേ, 

 

നീയെൻ്റെ പ്രണയത്തെ

ഏറ്റവുമാഴത്തിൽ വായിച്ചതെന്നും

ഏറ്റവും ശ്രദ്ധയോടെ കേട്ടുവെന്നും

ഞാനെന്നിൽ മായ്ക്കാനാവാത്ത

മുറിവുകളോടെ എഴുതി

ചേർത്തുവയ്ക്കട്ടെ...

 

ഹരിലാൽ പുത്തൻ പറമ്പിൽ