മിനി സുരേഷിൻ്റെ 'മാജിക് ക്യാമറ' എന്ന ബാലകഥാസമാഹാരം , ഒരു കൂട്ടം പ്രിയമോലുന്ന
കഥാപാത്രങ്ങളെ തുന്നിച്ചേർത്തു നിറച്ച കൗതുകങ്ങളുടെ കഥപ്പെട്ടിയാണ്. കുട്ടികൾക്ക്
മുന്നിൽ തുറന്ന് വയ്ക്കുന്നത്. നവ സാങ്കേതിക വിദ്യകളുടെ കാലത്ത് വളരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വായിച്ചും അറിഞ്ഞും മനസ്സിലാക്കിയും വളരാൻ അപ്ഡേറ്റഡ് ആയി നിൽക്കുന്ന വിധം കഥ പറഞ്ഞിരിക്കുന്നു എന്നത്
തന്നെയാണ് ഈ മാജിക് ക്യാമറയുടെ പ്രത്യേകത.
കഥകളുടെ ലോകം എന്നും കുട്ടികൾക്ക് പ്രിയങ്കരമാണ്. ഈസോപ്പു കഥകളുടെ കാലം മുതലേ മുതിർന്നവർക്കൊപ്പം കുട്ടികളും കഥകളെയും വായനയെയും ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. ആലീസ് ഇൻ വണ്ടർലാൻഡ് ഒക്കെ ലോകമെങ്ങുമുള്ള കുട്ടികളെ ഭാവനയുടെ അത്ഭുതലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോയത് . തുടർന്നിങ്ങോട്ട് എത്രയെത്ര കഥക്കൂട്ടുകൾ കൊച്ചു കൂട്ടുകാർക്കായി പിറന്നു.
കഥകളും കവിതകളും ലേഖനങ്ങളുമടക്കം മിഴിവാർന്ന 20 പുസ്തകങ്ങൾ എഴുതി എഴുത്തു വഴിയിലും ഒപ്പം സംഘാടന രംഗത്തും തിളങ്ങി നിൽക്കുന്ന മിനി സുരേഷ് കുട്ടികൾക്കായി ഇതിനു മുൻപ് 5 ബാലകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രകൃതിയും കാടും ,കാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പും ,എ . ഐ ഡോഗും , പഹൽഗാം ഭീകരാക്രമണവും , വെബ് സീരീസുകളോടുള്ള കുട്ടികളുടെ അഡിക്ഷനും പരിസ്ഥിതി മലിനീകരണവും , തെരുവു നായ ശല്യവും , ബോഡി ഷെയിമിങ്ങും
വരെ രസകരമായി ഇതിവൃത്തമാക്കുന്ന കുട്ടിക്കഥകളുടെ സമാഹാരമാണ് മാജിക് ക്യാമറ.
മാജിക് ക്യാമറയിൽ പ്രകൃതിയെ കുറിച്ചുള്ള വേവലാതികളുണ്ട്. ലഹരി വിരുദ്ധ സന്ദേശമുണ്ട്. ദേശസ്നേഹത്തിൻ്റെ പാഠങ്ങളിലൂടെ ഭീകര വിരുദ്ധ സന്ദേശം നൽകുന്ന കാശ്മീർ താഴ്‌വരയിലെ ഹേനയെന്ന പെൺകുട്ടിയുണ്ട്.
വൈകല്യങ്ങളെ അതിജീവിച്ച് വിജയിച്ച ബാലൻ്റെ കഥയുണ്ട്. കാട്ടിനുള്ളിൽ വീണു കിടക്കുന്ന മാജിക് ക്യാമറ
കണ്ട് അത്ദുതം കൂറുന്ന അജു എന്ന കുട്ടിയും റോബോട്ട് സുഹൃത്ത് പാറ്റിക്കൊപ്പം തൻ്റെ കൊച്ചു ലബോറട്ടറിയിൽ കുട്ടനാട്ടിലെ പ്രളയ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന കൊച്ചു ശാസ്ത്രജ്ഞൻ ധ്യാനും , ജല യോദ്ധാക്കളിലെ ചിമ്പുവും ചിങ്കുവുമെല്ലാം കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും മനസ്സ് കീഴടക്കുന്ന കഥാപാത്രങ്ങളാണ്. അതു കൊണ്ട്
തന്നെ കേട്ടു പതിഞ്ഞ പതിവ് മുത്തശ്ശിക്കഥകളിൽ നിന്നു വ്യത്യസ്തമായി ഭാവനയുടെ പുതിയ വിതാനങ്ങളിലേക്ക് ഈ കഥകൾ ഓരോന്നും കുട്ടികളെ കൂട്ടിക്കൊണ്ടു പോകും.
മൊബൈൽ ഫോണും ലാപ് ടോപ്പുമൊക്കെ ചങ്ങാതികളായ ഇന്നത്തെ
കുട്ടികളുടെ ചിന്തയും ഭാവനയും എത്ര മുന്നേറിയിരിക്കുന്നു. അവർക്ക് മനസ്സിലാകുന്ന
രീതിയിൽ കഥകൾ പറയാൻ കഥാകാരിയുടെ ചിന്തകളും പുതുമാനങ്ങളിലൂടെ സഞ്ചരിക്കുന്നത്
ഓരോ കഥയിലും നമുക്ക് കാണാം. ലളിതമായ ശൈലിയിൽ പ്രചോദനാത്മക സന്ദേശങ്ങൾ ഉൾച്ചേർത്ത് ഇന്നത്തെ തലമുറയ്ക്ക് വേണ്ട നന്മയും മൂല്യബോധവും , സദുപദേശങ്ങളുമൊക്കെ കഥാകാരി കഥകളിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ കഥകൾക്കും വലിയൊരു പങ്കുണ്ടെന്ന ബോധ്യത്തിൽ കുഞ്ഞു മനസ്സുകളിൽ സ്നേഹവും മൂല്യങ്ങളും വരച്ചിടുവാൻ മിനി സുരേഷ് ശ്രമിക്കുന്നു.
എന്തു കൊണ്ടും കുട്ടികൾക്ക് സമ്മാനിക്കാവുന്ന മികച്ച ഒരു പുസ്തകമായ മാജിക് ക്യാമറ പ്രസിദ്ധീകരിച്ചത്
കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ലൈബ്രറി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കോട്ടയം കവിയരങ്ങാണ് .