അട്ടപ്പാടി മധു വധ കേസ്: ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി, 12 പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: കേരള മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി. വിചാരണ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി വർധിപ്പിച്ചത്. ഇതോടെ 12 പ്രതികൾക്ക് ജീവപര്യന്തമായി. കോടതി പ്രതികളുടെ 7 വർഷം തടവ് ജീവപര്യന്തമാക്കി ഉയർത്തുകയായിരുന്നു. മധുവിന്റെ അമ്മയ്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
നേരത്തെ, ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. മറ്റു പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് ശിക്ഷ ശരിവെച്ചു. 4, 11 പ്രതികളെ വെറുതെ വിട്ടതും കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
നേരത്തെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്നു പിടിച്ചുകൊണ്ടു വന്നവരുടെ കൂട്ടത്തിൽ ഹുസൈൻ ഇല്ലെന്ന കാരണത്താലാണു ജാമ്യം അനുവദിച്ചത്.
2018 ഫെബ്രുവരിയിലാണ് പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. തലയ്ക്കേറ്റ പരുക്ക്, വാരിയെല്ലുകൾ തകരൽ, ആന്തരിക രക്തസ്രാവം എന്നിവയാണ് മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. മർദനത്തിന് ശേഷം പോലീസിന് കൈമാറിയ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.