മോഹൻലാൽ എന്ന അഭിനയവിസ്മയം; സപ്ന അനു ബി ജോർജ്

പുരസ്കാരങ്ങൾക്ക് മുകളിൽ പുരസ്കാരങ്ങൾ വന്ന് നിറയുമ്പോൾ ഉയരുന്നത് ലാലേട്ടനൊപ്പം മലയാളസിനിമയും കേരളവും കൂടിയാണ്.ഇത്തവണ മോഹൻലാലിന് ഇൻഡ്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽകെ അവാർഡ് ലഭിച്ചു എന്ന് ശനിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അറിയിച്ചത്. മോഹൻലാൽ തനിക്ക് കിട്ടിയ ഈ അവാർഡ് മലയാള സിനിമക്കും കേരളത്തിനും സമർപ്പിക്കുകയാണെന്നും അറിയിച്ചു.വിവരം അറിഞ്ഞ ഉടനെ ആദ്യം അദ്ദേഹം കൊച്ചിയിൽ അമ്മയെ കാണാൻ എത്തുകയായിരുന്നു. നമ്മുടെ കേരള ഗവർണർ ബഹുമാനപ്പെട്ട രാജേന്ദ്ര അർലേക്കർ വിവരം അറിഞ്ഞ ഉടനെ യാത്രക്കിടയിൽ ട്രെയിനിൽ നിന്ന് ഫോണിൽ മോഹൻ ലാലിനെ വിളിച്ച് അനുമോദിച്ചു, കൂടെ തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും ഗവർണർ ഹൗസിൽ വരാനും ക്ഷണിക്കയുണ്ടായി.
സംസാരത്തിലും പെരുമാറ്റത്തിലുമുള്ള ലാളിത്യം, താഴ്മ എന്നിവയാണ് മോഹൻലാൽ എന്ന ലാലേട്ടനെക്കുറിച്ച് എവിടെയും ആരും ഏതു ഭാഷാ അഭിനേതാക്കളും പരിചയമുള്ളവരും ഒരുപോലെ സമ്മതിക്കുന്നത്.അത് ഒന്നുകൂടെ അദ്ദേഹം ഊട്ടിയുറപ്പിച്ചു,ഈ അവാർഡ് അറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ സംസാരത്തിലും!”ഈ നേട്ടം ഞാൻ തനിച്ചല്ല നേടിയെടുത്തത് നിങ്ങളോരോരുത്തരും എനിക്കൊപ്പമുണ്ടായിരുന്നു. പ്രേംനസീർ,ശിവാജി ഗണേശൻ,നാഗേശ്വർ റാവു,അമിതാഭ് ബച്ചൻ,രാജ്കുമാർ, തിക്കുറിശ്ശി,അടൂർ ഭാസി എന്നീ ഗുരുകാരണവന്മാരുമായി നല്ലൊരു ബന്ധം എന്നും നിലനിർത്തിയിരുന്നു.ഈ അവാർഡ് അവരുടെയൊക്കെ അനുഗ്രഹം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്”.ഇവിടെ അദ്ദേഹം കൂട്ടിച്ചേർത്തു, ’തനിക്ക് പ്രത്യേക റോളുകൾക്കായി ആഗ്രഹങ്ങളില്ല എന്നും ഏതു റോളും കിട്ടുന്നത് ഭാഗ്യമാണ്,തന്നെ സംബന്ധിച്ച് അത്തരമൊരു ഭാഗ്യം എന്നുമുണ്ടായിരുന്നു.”നാം സ്വയം മുകളിലേക്ക് കയറുമ്പോൾ കൂടെനിൽക്കുന്നവരെ നോക്കുക,താഴേയ്ക്ക് ഇറങ്ങുമ്പോഴും അവരുണ്ടാകും,പിന്തുണക്കാൻ“ എന്ന് തീർത്തും വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ലാലേട്ടൻ ഉറപ്പിച്ചു പറഞ്ഞു.
മോഹൻലാലിന്റെ ഓരോ കഥാപാത്രങ്ങളും നമ്മൾ ഓരോരുത്തരുടെയും ഓർമ്മപ്പുസ്തകത്തിലുണ്ട്,അത് തീർച്ച. അതിൽ എന്നും തെളിഞ്ഞു നിൽക്കുന്നവ,മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായ നരേന്ദ്രൻ,മദ്രാസിലെ മോനിലെ ലാൽ,പൂച്ചക്കൊരു മൂക്കുത്തിയിലെ ഗോപാലകൃഷ്ണൻ,ബോയിംഗ് ബോയിംഗിലെ ശ്യാം,സുഖമോ ദേവിയിലെ സണ്ണി, താളവട്ടത്തിലെ വൊനോദ്,രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ്,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ,ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി,ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവൻ ,എയ് ഓട്ടൊയിലെ സുധി,കമലദളത്തിലെ നന്ദ ഗോപൻ,യോദ്ധായിലെ തൈപ്പറമ്പിൽ അശോകൻ,സ്പടികത്തിലെ ആടുതോമ,ആറാം തമ്പുരാനിലെ ജഗന്നാഥൻ,തന്മാത്രയിലെ രമേശൻനായർ,ചന്ത്രോത്സവത്തിലെ ചിറക്കൽ ഹരി,സ്നേഹവീട്ടിലെ അശോകൻ,ഒടിയനിലെ ഒടിയൻ മാണിക്യൻ,ദൃശ്യത്തിലെ ജോർജ്ജ്കുട്ടി,ബറോസ് എന്ന വ്യത്യസ്ഥമായ ചിത്രം,തുടരും എന്ന ചിത്രത്തിലെ ബെൻസ് ഷണ്മുഖം,എംബുരാനിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്രാം ഖുറേഷി. ഈ കഥാപാത്രങ്ങളെല്ലാം പറയുന്ന ഡയലോഗുകൾ കണ്ണിലെ ഒരു നോട്ടം ഒരു ചിരി,പിന്നെ ആ നടത്തത്തിലെ ചെരിവ് എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും എന്നെന്നും.
ഡയലോഗുകൾ കഥാകൃത്ത് എഴുതി,ഡയറക്ടർ പറഞ്ഞു കൊടുത്ത് മോഹൻലാൽ അഭിനയിക്കുമെങ്കിലും അദ്ദേഹത്തിന്റെ മറക്കാൻ പറ്റാത്ത,മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്തോ ഒന്ന് എവിടെയും ഒരു നോട്ടത്തിൽ പോലും നിറഞ്ഞു നിൽക്കുന്നു.കിരീടത്തിൽ അഛനായ തിലകൻ ‘കത്തി താഴെയിടടാ’ എന്ന പറയുമ്പോൾ ആ അലർച്ചയേക്കാൾ നിസ്സഹായനായ സേതുമാധവന്റെ മുഖമാണ് നെഞ്ചിടിപ്പോടെ പ്രേക്ഷകൾ നോക്കിയത്..
കേരളത്തിന്റ് സംവിധായകർ ഒന്നടങ്കം പലവാക്കുകളിൽ മോഹൻലാലിനെക്കുറിച്ച് ഒരുപോലെ ഏറ്റുപറയുന്ന കാര്യമാണ് അനുഗ്രഹീതനടൻ എന്നത്.പ്രിയദർശനുപോലും അതിശയോക്തി നൽകുന്ന ഒരു വ്യക്തിത്വം. അദ്ദേഹത്തിന്റെ വാക്കുകൾ മോഹൻലാലിനെക്കുറിച്ച് ഇങ്ങനെ പറയുന്നു,”പ്രേക്ഷകരെ ഒരോ സിനിമയിലും അതിശയി പ്പിക്കുന്ന പ്രകടനമാണ്.കഥാപാത്രം ഇങ്ങനെ ഒരു പ്രകടനം ആവശ്യപ്പെടുന്നു എങ്കിൽ അതനുസരിച്ച് അഭിനയിക്കുന്നു.അത്രയധികം മലയാളി മനസ്സിനോട് ചേർത്ത് വെച്ചിട്ടുള്ള ഒരു നടനാണ് ലാൽ.
ബ്ലെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ് “ചെറിയ കാര്യങ്ങളെപ്പോലും ശ്രദ്ധിക്കാനും കരുതാനുമുള്ള മനസ്സ്.നടനെന്നതിലുപരി മനസിന്റെ വലിപ്പം കാത്തുസൂക്ഷിക്കുന്ന,സ്നേഹത്തേക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വലിയ മനുഷ്യനാണ് മോഹൻലാൽ.എല്ലാ സംവിധായകരേയും അദ്ഭുതപ്പെടുത്തുന്ന പ്രകടനംതന്നെയാണ് അദ്ദേഹം കാഴ്ചവെയ്ക്കാറ് എന്നതിന് ഉത്തമ ഉദാഹരണമാണ് ‘പ്രണയം’ എന്ന സിനിമയിലെ മാത്യൂസ് എന്ന കഥാപാത്രം.പ്രാധാന്യമില്ലാത്ത ഒരു ക്യാരക്ടർ ആണെന്നറിഞ്ഞിട്ടും ചോദിച്ചു വാങ്ങിയത്,വീൽചെയറിൽ ഇരുന്ന് ഇതുവരെ അഭിനയിച്ചില്ല എന്നും,മുഖം മാത്രം അഭിനയിക്കുന്ന സാദ്ധ്യതകൾ മനസ്സിലാക്കാനും അഭിനയിക്കാനും സാധിച്ചു എന്നും കൂട്ടിച്ചേർത്തു ലാലേട്ടൻ.
കണ്ണിൽ എന്നും ഒരു കുസൃതി ഒളിപ്പിച്ചു വെച്ചുള്ള മോഹൻലാലിന്റെ അഭിനയ സാദ്ധ്യതകൾ സിബി എന്ന സംവിധായകൻ കണ്ടറിയുകയായിരുന്നു.എന്നാൽ മോഹൻലാൽ എന്ന അഭിനേതാവിന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ ഇനിയും വന്നിട്ടില്ല എന്ന് സിബി മലയിൽ വിശ്വസിക്കുന്നു.സിബി മലയിൽ എന്ന സംവിധായകനും മോഹൻലാലും ഒരു പ്രത്യേക കോമ്പിനേഷൻ ആയിരുന്നു. സിബി മലയിലിന്റെ സിനിമകളിലെ ‘ആക്ഷൻ കട്ട്’ നിടയിലെ മോഹൻലാലിന്റെ അഭിനയം നമ്മളെ അത്ഭുതപ്പെടുത്തും.ഒരിക്കലും തയ്യാറെടുപ്പോടെയല്ല ,മറിച്ച് ആക്ഷൻ എന്ന് പറയുന്ന സമയത്ത് ആ കഥാപാത്രത്തെ മുഴുവനും തന്നിലേക്ക് ആവാഹിക്കുന്നു.കട്ട്’ എന്ന വാക്കിനു ശേഷം അതേ കഥാപാത്രത്തിന്റെ ഒരു ‘ഹാംങ്ങ് ഓവർ’ ഒരിക്കലും കൊണ്ടുനടക്കാറില്ല.മമ്മൂട്ടി തിലകൻ എന്നിങ്ങനെയുള്ള വലിയ നടന്മാരും ഇങ്ങനെയൊക്കെത്തെയാണ് എങ്കിലും മോഹൻലാൽ എന്നും ഒരു അതുല്യപ്രധിപയായിരുന്നു.വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു അഭിനയസിദ്ധി എന്നും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.പുല്ലു പറിക്കുന്ന ലാഘവത്തോടുകൂടിയ അഭിനയസിദ്ധിയാൽ,ഇന്നത്തെ തലമുറയിലും ആരാധകരും ധാരാളം ഉണ്ട് ‘ലാലേട്ടന്’.
പ്രകാശ് വർമ്മ തനിക്കൊപ്പം ‘തുടരും’ എന്ന ചിത്രത്തിലെ അഭിനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “രണ്ടു മിനിട്ടിനുള്ളിൽ തനിക്കൊപ്പം ആരെയും കംഫർട്ടബിൾ ആക്കുന്ന ഒരു മനസ്സാണ് ലാലേട്ടന്റെത്.എന്തെങ്കിലും പറഞ്ഞു തരുന്നതുപോലും കാതിൽ മെല്ല പറഞ്ഞുതരുന്നു.തന്റെ ‘വിൻസ്മേരയുടെ’ പരസ്യത്തിലുള്ള മോഹൻലാലിന്റെ ആഭരണഭൂഷിയതയായുള്ള സ്ത്രണഭാവം ചെയ്യണം എന്നതിനെക്കുറിച്ച് ഒരു ഭയം ഉണ്ടായിരുന്നേ ഇല്ല എന്നും,അദ്ദേഹത്തെ മനസ്സിൽ കണ്ടുതന്നെയാണ് ഇങ്ങനെ ഒരു ആശയം തുടങ്ങിയത്. മോഹൻലാൽ ഒരു വിസ്മയവും പ്രചോദനവുമാണെന്ന് പ്രകാശ് വർമ്മ കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ സകലകലാവല്ലഭനാണ് മോഹന്‍ലാൽ എന്ന കാര്യത്തിൽ ആർക്കും തര്‍ക്കമില്ല.ഡാന്‍സ്,പാട്ട്, അഭിനയം തുടങ്ങിയ കലാപരമായ എല്ലാ മേഖലയും ലാൽ അനായാസം തന്റേതാക്കും.അൻപതിപ്പരം ഗാനങ്ങൾ സിനിമയിത്തന്നെ പാടിയിട്ടുണ്ട്.കണ്ടൂ കണ്ടറിഞ്ഞു എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയത്. നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് ‘കണ്ടു കണ്ടറിഞ്ഞു’ എന്ന സിനിമയിൽ ആദ്യം പാടി അഭിനയിച്ചത്.ലാലേട്ടന്റെ അഭിനയത്തോടൊപ്പം അദ്ദേഹത്തിന്റെ സിനിമയിലെ ഗാനങ്ങളും കാലമെത്ര കഴിഞ്ഞാലും നമുക്ക് മറക്കാൻ കഴിയില്ല.
വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിൽ ജനിച്ച അദ്ദെത്തിന്റെ മുഴുവൻ പേര് ‘മോഹൻലാൽ വിശ്വനാഥൻ നായർ‘ എന്നാണ്.തിരുവനന്തപുരം മോഡൽ സ്കൂളിലെ പഠനത്തിനു ശേഷം,എം.ജി കോളേജിൽ നിന്ന് ബിരുദവും നേടി.1978ൽ “തിരനോട്ടം”എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു രംഗപ്രവേശം നടത്തിയതെങ്കിലും 1980ൽ ഫാസിലിന്റെ “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം സംസ്ഥാന പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ‘ലഫ്റ്റനന്റ് കേണൽ‘ പദവിയും,ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010ലും കാലിക്കറ്റ് സർവ്വകലാശാല 2018ലും ‘ഡോക്ടറേറ്റ്’ നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. മോഹൻലാലിന്റെ കുടുംബത്തീൽ ഭാര്യ സുചിത്ര സിനിമാ സംവിധായകനായ സുരേഷ് ബാലാജിയുടെ സഹോദരിയും,ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ.ബാലാജിയുടെ മകളുമാണ്.മകളുടെ പേര് വിസ്മയ,മകൻ പ്രണവ് മോഹൻലാൽ ബാലതാരമായും നായകനായും അസിസ്റ്റന്റ് ഡയറക്റ്ററായും മലയാള സിനിമയിൽ പ്രവർത്തിക്കുന്നു.ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുഹൃത്തായും അദ്ദേഹത്തിന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്നത്.
ഒരു ആരാധികയുടെ കുറിപ്പ്
വേൾഡ് മലയാളി ഫെഡറേഷന്റെ ക്യാബീനെറ്റ് മംബറും,ഗ്ലൊബൽ കോ ഓർഡിനേറ്റർ കൂടിയായ ശ്രീമതി.ആനി ലിബു ഒരു അമേരിക്കൻ റെസിഡെന്റ് കൂടിയാണ്.അവരുടെ വാക്കുകൾ ”ദാദാസാഹിബ് ഫാൽക്കെ അവാർഡ് യഥാർഥത്തിൽ മോഹൻലാൽ അർഹിക്കുന്നതാണ്.ഇന്ത്യൻ സിനിമയ്ക്ക് ഇത്രയും ഭംഗിയും ആഴവും വൈവിധ്യവും നൽകിയ ഒരാൾക്ക് ഇത് വളരെക്കാലത്തിനു മുൻപേ ലഭിക്കേണ്ട ഒന്നാണ്.
നാടോടിക്കാറ്റിലെ ദാസൻ മുതൽ കിരീടത്തിലെ സേതുമാധവൻ,ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി വരെ,അദ്ദേഹം സ്പർശിക്കുന്ന ഓരോ വേഷവും അഭ്രപാളിയിൽ കാലാതീതമായി മാറുന്നു.ഇത് വെറും അഭിനയമല്ല,സ്‌ക്രീനിലെ ജീവിതാനുഭവമാണ്.അതെ,ഓരോ നോട്ടവും ഓരോ പുഞ്ചിരിയും ധാരാളം കഥകൾ പറയുന്നു.ഇതൊരു കൂട്ടായ വിജയമാണ്.ഓരോ മലയാളിക്കും,അദ്ദേഹത്തിന്റെ മാന്ത്രികത കണ്ടുവളർന്ന ഓരോ സിനിമാപ്രേമിക്കും അഭിമാനകരവും വൈകാരികവുമായ ഒരു ദിനം കൂടിയാണ്.ഈ ബഹുമതി സ്വീകരിക്കുന്ന ലാലേട്ടനെ കൂടുതൽ സ്നേഹിക്കുന്നതും തിരിച്ചറിയപ്പെടുന്നതും സ്വന്തം നാട്ടിലാണെന്ന് തോന്നുന്നു.അഭിനന്ദനങ്ങൾ,മോഹൻലാൽ നമ്മുടെ നിത്യ സൂപ്പർസ്റ്റാർ,നമ്മുടെ സാംസ്കാരിക ഐക്കൺ.എന്നേക്കും നമ്മുടെ അഭിമാനം.