ലോകസഞ്ചാരിയായ സാഹിത്യകാരൻ: ലേഖനം, മേരി അലക്സ്

ലോകസഞ്ചാരിയായ സാഹിത്യകാരൻ: ലേഖനം, മേരി അലക്സ്
സുപ്രഭാതം പൊട്ടി വിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്.  എന്നാൽ ഒരാള്‍ മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്.  അത് മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്.   എന്റെ സ്നേഹിതരായ  ചില എഴുത്തുകാരോട് ഞാൻ  ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയാണെന്നാണ് .

 
 മലയാള സാഹിത്യത്തിൽ ഒറ്റയാനായി നിലകൊള്ളുന്ന കാരൂർ സോമനോട് എനിക്ക് ആദരവാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടഴ്‌സ് നടത്തുന്ന "കല" എന്ന സംഘടന കഥാ മത്സരം നടത്തിയപ്പോൾ കാരൂർ സോമന്റെ "കോഴി" എന്ന കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അവർ രേഖപ്പെടുത്തിയത് വി.കെ.  എൻ കഥകൾ പോലെ ആണ് കാരുർ കഥയെന്നാണ്. എന്നാൽ കാരുരിനെ ഞാൻ ഉപമിക്കുന്നത് പൊൻകുന്നം വർക്കിസാറിനോടാണ്.അദ്ദേഹത്തിന്റെ പല രചനകളും വൈകാരികമാണ്.
ഇതും അതുപോലെയാണ്.
കാരൂർ സോമന്റെ എഴുത്തുകൾ നീണ്ട വർഷങ്ങളായി എനിക്ക് ഇമെയിൽ വഴി ലഭിക്കാറുണ്ട്. അദ്ദേഹം ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ തുടങ്ങിയപ്പോൾ എനിക്കതിൽ എഴുതാൻ അവസരം ലഭിച്ചു. സത്യത്തിൽ ലോകമെങ്ങും എന്റെ പേര് എത്തിയത് ലിമ വഴിയാണ്. എന്റെ പുസ്തകം കെ. പി. പബ്ലിഷേഴ്സ്,ആമസോൺ വഴി പബ്ലിഷ് ചെയ്യാനും സാധിച്ചു  എന്നതിനു അദ്ദേഹത്തോട് ചാരിതാർഥ്യവും ഉണ്ട്.
 
അടുത്തയിടെ കാരുരിന്റെ 'കനല്‍ വഴിയിലെ ഏകാന്ത പഥികന്‍' എന്ന പുസ്തക പ്രകാശനത്തിന്റെ വിഡിയോ യൂ ട്യൂബില്‍ കാണാനിടയായി. ആ സാഹിത്യ സെമിനാർ , പുസ്തക പ്രകാശനം, തുടങ്ങിയ ചടങ്ങുകളില്‍   ഡോ.പോള്‍ മണലില്‍, ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എന്നിവർ ഹൃദയം നിറഞ്ഞ പ്രശംസകള്‍ കോരി ചൊരിഞ്ഞപ്പോള്‍  കാരൂരിന്റെ സര്‍ഗ്ഗസാഹിത്യത്തെപ്പറ്റി എനിക്കും ചിലത് എഴുതണമെന്ന് തോന്നി. ഇല്ലെങ്കില്‍ അത്  അദ്ദേഹത്തോട് കാട്ടുന്ന നീതികേടാണ്.കാരണം നീണ്ട നാളുകളായി  പ്രമുഖ മാധ്യമ ങ്ങളില്‍ വരുന്ന  രചനകളൊക്കെ  മറ്റുള്ളവര്‍ക്ക് ഇമെയില്‍ ചെയ്യുന്ന  കൂട്ടത്തില്‍ എനിക്കും അദ്ദേഹം 
അയച്ചു തരാറുള്ളതു തന്നെ . 
 
കാരൂരിന്റെ വ്യത്യസ്തമാര്‍ന്ന ഓരോ സൃഷ്ടികളും മനസ്സിരുത്തി വായിക്കുന്ന ഒരാളാണ് ഞാന്‍. അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാക്കില്‍ ചുരുക്കാവുന്നതല്ല കാരൂരിന്റെ വ്യക്തിത്വവും സർഗ്ഗശേഷിയും.രൂപത്തിലും  ഭാവത്തിലും ഗൗരവക്കാരന്‍. സംസാരത്തില്‍ ധാര്‍ഷ്ട്യം, നിഷേധം. എന്നാല്‍ ആളൊരു ശുദ്ധന്‍,നിഷ്‌ക്കളങ്കൻ.പ്രമുഖരായ എഴുത്തുകാരൊക്കെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കു ന്നവരാണ്. സമൂഹത്തില്‍ മനുഷ്യര്‍ പല വിധത്തില്‍ ചവിട്ടിയരക്കപ്പെടുമ്പോള്‍ കാരൂര്‍ സംഹാരശക്തിയോടെ പ്രതികരിക്കാറുണ്ട്. അതൊക്കെ മര്‍ദ്ദകര്‍ ക്കെതിരെ നടത്തുന്ന നിലപാടുകളായിട്ടാണ് എനിക്ക് തോന്നിയി ട്ടുള്ളത്. അന്ധവിശ്വാസികള്‍ക്ക് അല്ലെങ്കില്‍  യാഥാസ്ഥിതികർക്ക് അത് അരോചകമായി തോന്നും. ഏത് മതവിശ്വാസിയായാലും  അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. കാരണം പഠിച്ചു വളര്‍ന്നത്  കെട്ടുകഥകളിലും, ഐതിഹ്യങ്ങളിലും, പുരാണങ്ങ ളിലും  വരിഞ്ഞു മുറുക്കിയ  വിശ്വാസങ്ങളാണ്. ഇന്ത്യയില്‍ കാണുന്ന കാടത്തത്തെയാണ്.
അദ്ദേഹം എതിര്‍ക്കുന്നത്.

അല്ലാതെ വിശ്വാസങ്ങളോടുള്ള അസഹിഷ്ണത അല്ല.കാരൂര്‍  ഊന്നി പറയുന്നത് മനുഷ്യര്‍ ശാസ്ത്രീയമായി വളരെ വളരെ പുരോഗതി പ്രാപിക്കേണ്ടതു ണ്ടെന്നാണ്.അത് അറുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിച്ചു പരിചയിച്ച അദ്ദേഹത്തിന്റ അനുഭവപാഠങ്ങളില്‍ നിന്നാകണം.
  
കാരൂരിന്റെ ആത്മകഥ 'കഥാകാരന്റെ കനല്‍ വഴികൾ (പ്രഭാത് ബുക്ക്‌സ്) കുറേ ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ പ്രതിപാദിക്കുന്നത് പഠിക്കുന്ന കാലത്ത് പണ്ഡിത കവി ശ്രി കെ.കെ. പണിക്കരുടെ സഹായത്താല്‍  ബാലരമയില്‍ കവിതകള്‍, കഥകൾ റേഡിയോ നാടകങ്ങള്‍ എഴുതിത്തുടങ്ങി എന്നാണ് . ഇന്ന് യു കെ യിൽ ഇരുന്നു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളി ലുമുള്ള മാധ്യമങ്ങളില്‍  ഓൺ ലൈനിലും അല്ലാതെയും  (കേരളം, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ)  കാരൂരിന്റെ രചനകള്‍ കാണാം. 
 
 മലയാളസാഹിത്യത്തില്‍ പന്ത്രണ്ട് രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന മറ്റൊരു സാഹിത്യ കാരന്‍ ഇല്ലെന്ന് തന്നെ പറയാം. ഡോ.പോള്‍ മണലില്‍ പറഞ്ഞതുപോലെ അദ്ദേഹം ഒരു ആഗോള പൗരന്‍ തന്നെ. ഡോ.മുഞ്ഞിനാട് പത്മകുമാർ അമര്‍ഷത്തോടെ പറയുന്നത് കാരൂരിന്റെ 'കൃഷിമന്ത്രി' എന്ന ബാലനോവൽ പാഠ്യവിഷയ മാക്കിയാല്‍ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നാണ്.
 
ഞാന്‍ 1970 മുതല്‍ എഴുതി ത്തുടങ്ങി. രചനകൾ  രണ്ടു മൂന്നക്കത്തില്‍ ഉണ്ടെങ്കിലും പുസ്തകങ്ങൾ രണ്ടു മൂന്ന്‌
എണ്ണത്തിൽ മാത്രം .മക്കള്‍ വിദേശത്തുള്ളതു കൊണ്ട് യാത്രയും അത്രയും തന്നെ. അതുമായി തുലനം ചെയ്യുമ്പോള്‍ അറുപത്തേഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, അതിൽത്തന്നെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളു ടെയും സാമൂഹിക സാംസ്‌കാരിക ചരിത്രം യാത്രാവിവരണങ്ങളായി എഴുതുക,ഇംഗ്ലീഷ് അടക്കം അറുപത്തേഴ് പുസ്തകങ്ങൾ രചിക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഒരല്പം അസൂയ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു .
 
 കാരൂരിന്റെ പല കഥകളും ടെലിഫിലിം ആയിട്ടുണ്ട്. അതില്‍  'വീല്‍ ചെയറിന്റെ മക്കള്‍'ആണ് എനിക്ക്  ഏറെ ഇഷ്ടം.'അബു' എന്ന കഥ 2022ൽ സിനിമയായി. വരാനിരിക്കുന്ന 'ബൊളീവിയന്‍ കൊടുങ്കാറ്റ്' (ചെഗുവേര ജീവിതം) എന്ന സിനിമയിലെ  വിപ്ലവഗാനം കേട്ടപ്പോള്‍ കേരളത്തില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുമോ എന്നു പോലും തോന്നിപ്പോയി.
 
 അദ്ദേഹത്തിന്റ പുസ്തകങ്ങൾ പേരിൽ പുതുമ മാത്രമല്ല കൗതുകവും ജനിപ്പിക്കുന്നു.
1985 മുതല്‍ 2023 വരെയുള്ള കാലയളവിലെ അറുപത്തേഴ്‌ പുസ്തകങ്ങളുടെ പേരുകള്‍  അക്ഷരമാലയിലെ 'ക' എന്ന അക്ഷരത്തിലാണ് തുടങ്ങി യിരിക്കുന്നത്. ഇത് ലോക   സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു കാഴ്ച തന്നെയാണ്.  മലയാള സാഹിത്യരംഗം ഇതൊക്കെ നിസ്സാരമായി കാണുന്നല്ലോ എന്നതാണ് ദുഃഖകരം.
 
 കാരൂരിന്റെ സര്‍ഗ്ഗസാഹിത്യ ത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എഴുതിയ പഠന ഗ്രന്ഥം 'കാലത്തിന്റെ എഴുത്തകങ്ങള്‍'  മലയാള സാഹിത്യത്തിന് ഒരു മുതല്‍ ക്കൂട്ടാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പ്രവാസ സാഹിത്യത്തില്‍ അദ്ദേഹം കണ്ടെത്തിയ ഏക പ്രഗത്ഭവ്യക്തി കാരൂര്‍ സോമനാണത്രേ .  അത് ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, അമേരിക്കയിലെ ഈ മലയാളി, ബ്രിട്ടനിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ  മലയാളി പത്രം  തുടങ്ങിയ ഓണ്‍ലൈനുകളില്‍ ഇപ്പോഴും പരമ്പരയായി വന്നു കൊണ്ടാണിരിക്കുന്നത് . 
 
 കാരൂരിന്റെ 34 പുസ്തകങ്ങള്‍ ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്തതിനാണ് അദ്ദേഹത്തിന് ' യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ' ലഭിച്ചത്. അദ്ദേഹത്തിന്റ രണ്ട് ഇംഗ്ലീഷ് നോവലുകള്‍ ' മലബാര്‍ എ ഫ്‌ളയിം', 'ദി ഡൗവ് ആന്‍ഡ്  ഡെവിള്‍സ് ' ആമസോണ്‍  ബെസ്റ്റ് സെല്ലറില്‍ വന്നതുകൊണ്ടാകാം 'ആമസോണ്‍  ഇന്റര്‍നാഷണല്‍ റൈറ്റര്‍ 'എന്ന ബഹുമതി അദ്ദേഹത്തിന് കിട്ടിയത്.
 
 ബ്രിട്ടീഷ് ഇന്ത്യയുടെ മൂന്ന് തലമുറകളുടെ മലയാള ചരിത്ര നോവലാണ്  'കാണപ്പുറങ്ങൾ'.
പ്രസിദ്ധീകരിച്ചത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും. അതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'മലബാര്‍ എ ഫ്‌ളയിം'
 
'കന്യാസ്ത്രി കാര്‍മ്മേല്‍' എന്ന മലയാളം നോവലിന്റെ പരിഭാഷയാണ് 'ഡൗവ് ആന്‍ഡ് ഡെവിള്‍സ് '.പ്രഭാത് ബുക്ക്‌സ് ആണ് ഇംഗ്ലീഷും മലയാളവും പ്രസിദ്ധീകരിച്ചിട്ടുള്ളത്.മേല്പറഞ്ഞ രണ്ട് നോവലുകളും ആമസോണി ലും ലഭ്യമാണ്.   
 
' മലബാര്‍ എ ഫ്‌ളയിം' എന്ന നോവലിനെപ്പറ്റി വേള്‍ഡ് ജേര്‍ണലില്‍ റിവ്യൂ വന്നത് മലയാളത്തിന്  ഒരപൂര്‍വ നേട്ടം തന്നെയാണ്. അതിന്റെ മലയാളം പരിഭാഷ ദീപികയില്‍ ഞാന്‍ വായിക്കുകയുണ്ടായി . 2010 ല്‍  ജന്മഭൂമിയിലും , 2023 ൽ  കേരള കൗമുദിയിലും വന്ന കാരൂരിന്റെ എഴുത്തു വഴികളെപ്പറ്റിയുള്ള  പ്രശസ്തരായ എഴുത്തുകാരുടെ വിലയിരുത്തലുകള്‍ കാരൂര്‍  സാഹിത്യ രംഗത്ത് എത്രയോ  ഉന്നതിയില്‍ നില്‍ക്കുന്നുവെന്ന് കാണിക്കുന്നു . മനോരമയുടെ ഓണ്‍ലൈനില്‍ കാരൂരിന്റെ  'കാര്യസ്ഥന്‍'എന്ന ക്രൈം നോവല്‍,കവിമൊഴിയില്‍  നോവല്‍ 'കാലയവനിക'  എന്നീ പരമ്പരകൾ , 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സ്,മാധ്യമം പത്രത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട് ചെയ്തത് ഇവയൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയപ്പോൾ  പ്രവാസ സാഹിത്യത്തില്‍ ഇദ്ദേഹത്തെപോലെ മറ്റൊരാളില്ല എന്ന യാഥാര്‍ഥ്യം എനിക്ക് ധൃഡീ
ഭവിച്ചു.കേരളത്തിലെ പ്രമുഖർ 
എഴുതുന്നതാണല്ലൊ.ഓണപ്പ തിപ്പുകള്‍  അതില്‍ 28 വർഷം തുടർച്ചയായി എഴുതിയിട്ടുള്ള മറ്റൊരു പ്രവാസിയും കാണില്ല. 2023 ല്‍ ജന്മഭൂമി ഓണപതിപ്പില്‍ വന്ന കഥ 'ശ്മശാന മണ്ണിന്റെ തിളക്കം' വായിച്ചു. ഇപ്പോള്‍ യൂ ട്യൂബിലും കാരുരിന്റ കഥകള്‍, കവിതകള്‍, ബുക്ക് റിവ്യൂകൾ മുതലായവ കാണാറുണ്ട്.
     കഴിഞ്ഞ മാസം കലാകൗമുദി യില്‍ വന്ന ഡ്രാക്കുള നോവലിനെ പ്പറ്റിയുള്ള ആർട്ടിക്കിൾ ധാരാളം അറിവുകള്‍ നൽകുന്നതാണ് . റൊമാനിയ- ബള്‍ഗേറിയ യാത്രാ വിവരണമായ 'കാര്‍പ്പത്തിയന്‍ പര്‍വ്വതനിരകള്‍' പുറത്തു വരുമ്പോള്‍ നമുക്ക് അവയെപ്പറ്റി  കൂടുതല്‍ അറിവുകൾ ലഭിക്കും .
   കാരൂരിന്റെ പത്ത്  പ്രമുഖ വിദേശ രാജ്യങ്ങളുടെ യാത്രാ വിവരണങ്ങള്‍ മലയാള സഞ്ചാര സാഹിത്യത്തിന് മുതല്‍ക്കൂട്ടായി തീർന്നിട്ടുണ്ട്. ഇവയെല്ലാം പ്രഭാത് ബുക്ക്‌സ്, ആമസോൺ എന്നിവയിൽ  ലഭ്യമാണ്. ചെറുപ്പം മുതല്‍ റേഡിയോ നാടകങ്ങള്‍,  നാടകം,സംഗീത നാടകം,നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, ഇംഗ്ലീഷ് കഥ,ഇംഗ്ലീഷ്‌ കവിത, ചരിത്ര കഥ, ജീവചരിത്രം, യാത്രാവിവരണങ്ങള്‍,ശാസ്ത്രം,, വൈഞ്ജാനിക കൃതികള്‍,ടൂറിസം കായികം,തുടങ്ങിയ രംഗങ്ങളില്‍  സംഭാവനകള്‍ നല്‍കിയിട്ടുള്ള മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാവില്ലെന്ന് നിസ്സംശയം പറയാം.
 
ഡോ.പോള്‍, ഡോ.മുഞ്ഞിനാട് പറയുന്നതുപോലെ കാരൂര്‍ കാലാകാലങ്ങളായി അവഗണന നേരിടുന്ന  എഴുത്തുകാരനാണ്. ഈ രംഗത്ത് നിസ്സഹായതയുടെ നൊമ്പരങ്ങള്‍ അനുഭവിക്കുന്ന മറ്റ് എഴുത്തുകാരും ഉണ്ടെന്ന് പറയാതിരിക്കുവാൻ ആവില്ല. കാരൂരിനെ എത്ര  മാത്രം തമസ്‌കരിച്ചാലും  അദ്ദേഹം വാടി വീണ് മണ്ണടിയുന്ന ഒരു എഴുത്തു കാരനല്ല മറിച്ച് ആൾ ഇരുളിനെ ഇളക്കിമറിക്ക തന്നെ ചെയ്യും.  
 
പാശ്ചാത്യമണ്ണില്‍ ജീവിക്കുമ്പോഴും കാരൂര്‍ മലയാള ഭാഷയെ ഹൃദയത്തോട് ചേര്‍ത്താണ്  മുന്നോട്ടു നീങ്ങുന്നത് . 2005 ല്‍ കാക്കനാടന്‍ ചീഫ് എഡിറ്റര്‍ ആയി യൂറോപ്പില്‍ നിന്ന് 'പ്രവാസി മലയാളം' എന്ന മാസിക ഇറക്കു കയുണ്ടായി.ഇപ്പോള്‍ കാരുർ സോമൻ എന്ന വ്യക്തി സ്വന്തം കാശ് മുടക്കി ആഗോള പ്രസിദ്ധ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍,കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍ വഴി  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യൂന്നു. ഇതിന്റെ പ്രത്യേകത  എഴുത്തുകാരില്‍ നിന്ന് ഒരു പൈസപോലും കമ്മീഷന്‍ എടുക്കുന്നില്ല എന്നുള്ളതാണ്. മാത്രമല്ല പുസ്തകങ്ങള്‍ എന്നും ആമസോണില്‍ നിലനിൽക്കുക യും ചെയ്യുന്നു.
 
 ആരൊക്കെ അവഗണിച്ചാലും താഴ്ത്തിക്കാട്ടാൻ ഗൂഢമായി ആലോചനകള്‍ നടത്തിയാലും എഴുത്തില്‍ കാരൂര്‍ തന്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും .ഈ ലോക സഞ്ചാരിയില്‍ നിന്ന് ഈടുറ്റതും പുതുമ നിറഞ്ഞ തുമായ പുസ്തകങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.  അക്ഷരത്തെ പ്രാണവായുവിനെപോലെ  കരുതുന്ന കാരൂരിന് ആയതിനു കഴിയട്ടെ എന്ന് ആശംസകള്‍
നേരുന്നു .