സായാഹ്നത്തിന്റെ സ്വർണ്ണ കിരണങ്ങളിൽ കലാലയം തിളങ്ങിനിന്നു. ഏകാന്തമായ ഇടനാഴിയിലൂടെ ജിതിൻ നടന്നുനീങ്ങി കഴിഞ്ഞു പോയ മൂന്നുവർഷത്തെ മധുരിക്കും ഓർമ്മകൾ അവന്റെ മനസ്സിൽ മിന്നിമാഞ്ഞു കാലാലയത്തിലെ ഈ അവസാന നിമിഷങ്ങൾ അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ഇനി ഇവിടുത്തെ യുവത്വത്തിന്റെ ആരവം കേൾക്കില്ല. പരസ്പരം തോളിൽ കയ്യിട്ട്, ചിരിച്ചും, കലാഹിച്ചും നടന്ന ആ മനോഹര ദിനങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല.
അപ്രതീക്ഷിതമായി ജിതിന്റെ തോളിൽ ഒരു കൈ സ്പർശിച്ചു.
ഫാദർ ജെറിൻ, അധ്യാപകൻ.
ഫാദർ: എന്താ, ഇത്ര മൗനം? ഇവിടം വിട്ടുപോകാൻ മനസ്സുവരുന്നില്ല അല്ലേ? പണ്ട് ഞാനും ഇതുപോലെ ഈ ഇടനാഴികളിലൂടെ നടന്നിട്ടുണ്ട്. നിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നായിരിക്കും ഇത്. പഠിപ്പിച്ച ഗുരുക്കന്മാരെയും സഹപാഠികളെയും ജീവിതമൊട്ടാകെ ഓർക്കണം. നല്ല നേട്ടങ്ങൾ കൈവരിച്ച്, നല്ല പ്രവൃത്തികളിലൂടെ എല്ലാവർക്കും അഭിമാനമാകണം.
ജിതിന്റെ ഫോൺ മുഴങ്ങി.
ജിതിൻ: അച്ഛാ, ജിനു വിളിക്കുന്നുണ്ട്, ഞാൻ പിന്നീട് വരാം.
ഫോണിൽ ജിനു: അളിയാ, നീ എവിടെ യാ.. ഞങ്ങൾ സാധനം വാങ്ങി. നീ ഹോസ്റ്റലിലേക്ക് വരു , എല്ലാം തയ്യാറാണ് .
ജിതിൻ മനസ്സിൽ ചെറിയൊരു വിഷമം ഒളിപ്പിച്ച് ഹോസ്റ്റലിലേക്കു തിരിച്ചു.
ബ്രാണ്ടിയും ബിയറും—മദ്യകുപ്പികൾ നിരന്നു, കഴിക്കാൻ തട്ടുകടയിലെ കപ്പയും ഇറച്ചിയും. കോളേജ് ജീവിതത്തിന്റെ അവസാന രാത്രിയെ ആഘോഷമാക്കി മാറ്റണമെന്നാണ് ഉദ്ദേശം. ജിതിനും ജിനുവും മിഥുനും മനോജും ബിനീഷും അവർക്കൊപ്പം ഹോസ്റ്റലിന്റെ കാവൽക്കാരനായ ജോയിച്ചേട്ടനും.
കുപ്പികൾ ഓരോന്നായി പൊട്ടിച്ചു. മനോജിന്റെ ശബ്ദത്തിൽ ഉയർന്ന ഗാനം രാത്രിയെ സംഗീതാത്മകമാക്കി. മറ്റുള്ളവർ താളം പിടിച്ചു. ചിരിയും പാട്ടുമായി അങ്ങനെ ആഘോഷം തുടർന്നു; മദ്യലഹരി പതിയെ ശരീരത്തെ കീഴ്പ്പെടുത്തി തുടങ്ങി.
ജിതിന്റെ കണ്ണുകൾ നിറഞ്ഞു.
ജിതിൻ: ഇനി എപ്പോഴാണ് നമ്മൾ ഇതുപോലെ ഒന്നിച്ചു കൂടുക? എന്ത് മനോഹരമായിരുന്നു നമ്മുടെ കോളേജ് ദിനങ്ങൾ.
ജിനു: ജിതിനെ, കരയാതെ.. നമ്മൾ എവിടെ പോയാലും ഇടയ്ക്ക് ഒന്നിക്കും..
ജോയിച്ചേട്ടൻ: നിങ്ങളൊക്കെ ഒന്നിച്ച് കൂടും… അപ്പോൾ ഈ പാവം ജോയിച്ചേട്ടനെ മറക്കല്ലേ.
ജിനു: നിങ്ങളില്ലാതെ എന്താഘോഷം, ജോയിച്ചേട്ടാ? നിങ്ങളല്ലേ ഞങ്ങളുടെ ഗ്രൂപ്പിന്റെ മൂപ്പൻ.
ജിതിന്റെ കണ്ണുകളെ ലഹരി മൂടൽ മഞ്ഞുപോലെ കയറി, ജനാലയിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ഹോസ്റ്റലിന് മുൻപിലെ അലകാര ബൾബുകൾ മിന്നാമിന്നിക്കൂട്ടങ്ങൾ പോലെ തോന്നി.
ജിതിൻ : അളിയാ എന്താ ഒരു മനസ്സുഖം സോമരസം എന്നെ സ്വർഗ്ഗം കാണിച്ചു.
രാത്രി പത്ത് മണിയോട് അടുത്തപ്പോൾ—
ജോയിച്ചേട്ടൻ: നിങ്ങൾ ആഘോഷിക്ക്. ഞാൻ താഴേക്ക് പോവുകയാണ്.
ജിതിൻ: വേണ്ട, നിങ്ങൾ ഒറ്റയ്ക്ക് പോകരുത്. ഞങ്ങളും വരാം.
അങ്ങനെ എല്ലാവരും താഴെയെത്തി. മുൻവശത്ത് ഇരുമ്പുകമ്പിയുടെ ഗേറ്റ് ഉണ്ട്. അതിനരികിൽ പായ വിരിച്ച് അവർ കിടന്നു. മദ്യലഹരിയുടെ ഭാരത്തിൽ നിമിഷങ്ങൾക്കകം എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു.
അർദ്ധരാത്രി കടന്നപ്പോൾ ഗ്രില്ലിൽ ആരോ കൈയ്യടിക്കുന്ന ശബ്ദം. ജിതിൻ കണ്ണുതുറന്നു. മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീ—അടുത്ത വീട്ടിലെ മഞ്ജു ചേച്ചി. മദ്യലഹരിയിൽ ജിതിന്റെ തലക്ക് ഭാരം പോലെ എന്തോ ആകെ ഒരു മൂടൽ,മനസ്സു പറയുന്നത് ശരീരം അനുസരിക്കുന്നില്ല.
മനോജിനെ വിളിച്ചു പക്ഷേ മറുപടി ഇല്ല. എല്ലാവരും മദ്യത്തിന്റെ ആഴത്തിലുള്ള ഉറക്കത്തിലാണ്.സ്ത്രീയുടെ കരച്ചിൽ കണ്ട ജിതിന്റെ ഭീതി വർദ്ധിച്ചു
വല്ലാത്ത പരിശ്രമത്തോടെ ജിതിൻ എഴുന്നേറ്റ് അവരുടെ അടുത്തെത്തി.
ജിതിൻ: എന്തുപറ്റി, ചേച്ചി?
മഞ്ജു: എന്റെ ഭർത്താവിന് നെഞ്ചുവേദന മൂലം ബോധം പോയി. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
അവൻ കൂട്ടുകാരെ വിളിച്ചു; ആർക്കും ബോധമില്ല. ഒടുവിൽ മഞ്ജുവിനൊപ്പം വീട്ടിലേക്കു ഓടി. നിലത്ത് വീണ് കിടക്കുകയായിരുന്നു മഞ്ജുവിന്റെ ഭർത്താവ്. സമയം കളയാതെ ജിതിൻ സി.പി.ആർ തുടങ്ങി.
മദ്യപിച്ചതിന്റെ കുറ്റബോധത്തോടെ അവൻ പറഞ്ഞു:
ജിതിൻ: എനിക്ക് വണ്ടി ഓടിക്കാൻ കഴിയില്ല…
മഞ്ജു: കുഴപ്പമില്ല, നീ ആളെ കാറിൽ കയറ്റാൻ സഹായിച്ചാൽ മതി. ഞാൻ ഓടിക്കും.
കാർ അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞു. യാത്രയ്ക്കിടയിൽ ജിതിൻ സി.പി.ആർ. തുടർന്നു. പെട്ടെന്ന് രോഗി ശ്വാസമെടുക്കാൻ തുടങ്ങി.
ജിതിൻ: ചേച്ചി, ചേട്ടൻ കണ്ണുതുറന്നു. പെട്ടെന്ന് പോകൂ.
നേരിയ ആശ്വാസത്തോടെ മഞ്ജു കാർ അതിവേഗം ഓടിച്ചു.
കാർ ആശുപത്രിയിൽ എത്തി, രോഗിയെ സ്ട്രക്ച്ചറിൽ കിടത്തി അകത്തേക്ക് വേഗം കൊണ്ടുപോയി.
ഡോക്ടർ ആൻജിയോഗ്രാം ചെയ്ത് രക്തധമനികളിലെ തടസ്സം കണ്ടെത്തി. ഉടനെ ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു. ബി-നെഗറ്റീവ് രക്തം ഉടൻ ലഭ്യമാക്കണമെന്നും അറിയിച്ചു.
ജിതിന്റെ രക്തം ബി-നെഗറ്റീവാണ്. പക്ഷേ മദ്യലഹരിയിലായതിനാൽ രക്തം നൽകാൻ പറ്റില്ല അവനിൽ അത് വലിയ കുറ്റബോധം ഉളവാക്കി
ഉടനെ ഹോസ്റ്റലിലെ ഫോണിൽ വിളിച്ചു. ബെൽ മുഴങ്ങുന്നുണ്ട് പക്ഷേ, ആരും ഫോൺ എടുക്കുന്നില്ല. ഒടുവിൽ ജോയിച്ചേട്ടൻ ഫോൺ എടുത്തു.
ജിതിൻ: ജോയിച്ചേട്ടാ, ഞാനാണ് ജിതിൻ.
ജോയിച്ചേട്ടൻ: ഡാ, നീ എവിടെ പോയി?
ജിതിൻ: ചേട്ടാ അടുത്ത വീട്ടിലെ ചേട്ടൻ ആശുപത്രിയിലാണ് , പറയാൻ നേരമില്ല. ബി-നെഗറ്റീവ് രക്തം വേണം. ഉടനെ തയ്യാറാക്കി ടൗൺ ഹോസ്പിറ്റലിൽ വരു.
ജോയിച്ചേട്ടൻ ഉടനെ പലർക്കും ഫോൺ വിളിച്ച് രക്തദാതാവിനെ റെഡിയാക്കി ഹോസ്പിറ്റലിലേക്ക് എത്താൻ പറഞ്ഞു.
ഹോസ്പിറ്റലിൽ മഞ്ജു വിഷമിച്ച് ഒരു കസേരയിൽ ഇരിക്കുന്നു.
ജിതിൻ: വിഷമിക്കണ്ട. ഭർത്താവിന് കുഴപ്പമൊന്നും വരില്ല, സമാധാനപ്പെടൂ.
മഞ്ജു: കുഴപ്പമില്ല. ഞാൻ ഓക്കെയാണ്. താൻ സി.പി.ആർ. കൊടുത്തത് ഗുണമായി. ഹോസ്റ്റലിൽ വന്നപ്പോൾ ഞാൻ ആകെ ഭയന്നുപോയി, നിങ്ങൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും എന്ന് കരുതിയില്ല. ഞാൻ ഗ്രില്ലിൽ കൈയ്യടിച്ച് ഉറക്കെ കരഞ്ഞു.
ജിതിൻ: ചേച്ചി, അത്…
മഞ്ജു: വേണ്ട, പറയണ്ട. എനിക്കറിയാം. മോനേ, മദ്യം കാരണം ഒരുപാട് ജീവിതങ്ങൾ തകർന്നിട്ടുണ്ട്. ഒന്ന് ചിന്തിച്ചുനോക്കൂ. ഇപ്പോൾ ഈ അവസ്ഥ നിങ്ങളിൽ ഒരാൾക്കായിരുന്നെങ്കിൽ—മുക്കറ്റം മദ്യപിച്ച് തല പൊങ്ങാതെ കിടക്കുന്ന നിങ്ങൾ എന്ത് ചെയ്യും?
ജിതിൻ: ചേച്ചി, എല്ലാവരും ഒന്നിച്ച് ഹോസ്റ്റലിൽ. അവസാന ദിവസം ആയിരുന്നു.
മഞ്ജു: മോനേ, കുടിച്ച് ബോധമില്ലാതെയല്ല; സ്വബോധത്തോടെ വേണം ആഘോഷങ്ങൾ മനോഹരമാക്കാൻ. ഇനി നിങ്ങൾ പുതിയ തുടക്കത്തിലാണ്, ജോലിയും കുടുംബവും സുഹൃത്തുക്കളുമായി നല്ലൊരു ലക്ഷ്യത്തോടെ മുന്നോട്ട് പോവണം. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മദ്യപിക്കുന്ന ചിലരുടെ ശീലം നിങ്ങൾ സ്വീകരിക്കരുത്.
ജിതിൻ: ചേച്ചി, വന്ന് വിളിച്ചപ്പോൾ മുതൽ ഇപ്പോൾ വരെ എനിക്ക് സഹായിക്കാൻ പറ്റുമോ എന്ന ഭയമായിരുന്നു. ഞാൻ എന്തിന് മദ്യപിച്ചെന്ന് ഓർത്ത് ഏറെ ദുഃഖിച്ചിരുന്നു.
ഒരു ഡോക്ടർ പുറത്തേക്ക് വന്നു.
ഡോക്ടർ: ഓപ്പറേഷൻ കഴിഞ്ഞു. രോഗി സുരക്ഷിതനാണ്. പേടിക്കണ്ടതില്ല. സമയത്ത് സി.പി.ആർ. കൊടുത്തതും ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു. അയ്യാൾ വീണ്ടും മദ്യപാനം തുടങ്ങി അല്ലേ. ഏതായാലും ഞാൻ ഒരു കൗൺസലിങ് നിർദ്ദേശിക്കുന്നുണ്ട്.
മഞ്ജു: ഡോക്ടർ, അറിയാമല്ലോ; ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കില്ല.
ഡോക്ടർ മുന്നോട്ട് നടന്നു.
മഞ്ജു ജിതിനോട്: ജിതിനെ, ഞാനും ഭർത്താവും കുഞ്ഞും മാത്രമുള്ള ഒരു ചെറിയ കുടുംബമാണ് ഞങ്ങളുടേത്. പൂനെയിലായിരുന്നു. ചേട്ടൻ മദ്യപിക്കില്ലായിരുന്നു, ചില ദിവസങ്ങളിൽ ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ ഒത്തുകൂടും. ചേട്ടന് അവർ മദ്യം നൽകും; പക്ഷേ കഴിക്കാറില്ല. ഒരുപ്രാവശ്യം കഴിച്ചു; പിന്നെ ഇടക്ക് കഴിക്കും. ഞാനും ഒന്നും പറയാറില്ല, ഇടക്കല്ലേ എന്ന് കരുതി. പിന്നീട് അത് സ്ഥിരമായി. ഞങ്ങളുടെ സമാധാനം നശിച്ചു. അങ്ങനെ പൂനെയിൽ നിന്ന് ഇവിടെ എത്തി ,ഒടുവിൽ അദ്ദേഹം രോഗിയായി.
ജിതിൻ: ചേച്ചി, വിഷമിക്കാതെ. എല്ലാം നേരെയാവും.
മഞ്ജു: ഒരുപാട് വൈകിയില്ലേ ജിതിൻ പൊയ്ക്കോളൂ..ഒരുപാട് നന്ദി ഈ രാത്രി എന്നെ സഹായിച്ചതിന്.
അപ്പോഴേക്കും മറ്റു സുഹൃത്തുക്കളും ഹോസ്പിറ്റലിൽ എത്തി. ജിതിൻ അവരുടെ അടുത്തേക്ക് ചെന്നു.
ജിനു: ജിതിനെ, ഇപ്പോൾ ഒക്കെയല്ലേ? നിനക്കെങ്കിലും ബോധമുണ്ടായത് നന്നായി, അല്ലെങ്കിൽ ആ സ്ത്രീ എന്ത് ചെയ്യും?
ജിതിൻ: ജീവിതം ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. നമ്മൾ സ്വബോധത്തോടെ ആയിരുന്നെങ്കിൽ ആ ചേച്ചി അത്ര നേരം അവിടെ നിന്ന് കരയേണ്ടി വരില്ലായിരുന്നു. ഇതിലും വേഗം അവരുടെ ഭർത്താവിനെ നമ്മൾ ആശുപത്രിയിൽ എത്തിച്ചേനെ. നിങ്ങൾ ഒന്ന് ഓർത്തുനോക്കിയേ—ഇപ്പോൾ ഹോസ്പിറ്റലിൽ എത്താൻ പറ്റാതെ എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിൽ ഈ ജീവിതത്തിൽ നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമോ? മോനെ ഞാൻ നിർത്തി ഇനി ഞാൻ മദ്യപിക്കില്ല, മദ്യപിച്ചിട്ടുള്ള ഒരു സുഖവും എനിക്ക് വേണ്ട.
ജിനു: ഓ, ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. എന്റെ കൂട്ടുകാര ഞാനും നിർത്തി.
കൂടെ മറ്റുള്ളവരും ചേർന്നു.
അങ്ങനെ വലിയ തീരുമാനവും പുതിയ തുടക്കവുമായി അവർ ഹോസ്പിറ്റൽ വിട്ടിറങ്ങി.
പ്രശാന്ത് പഴയിടം