മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്

മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്

നധികൃത ഭൂമി കൈവശം വെച്ച കേസില്‍ മാത്യു കുഴല്‍നാടൻ  എം എൽ എ യ്‌ക്കെതിരെ  കേസെടുത്ത് റവന്യു വകുപ്പ്. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വച്ചതിനാണ് കേസ്.

ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും റവന്യു വകുപ്പ് ഇടുക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഉടുമ്ബൻചോല ലാൻഡ് റവന്യൂ തഹസില്‍ദാറാണ് കലക്ടർക്ക് റിപ്പോർട്ട് നല്‍കിയത്. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്റോ ളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കൈവശപ്പെടുത്തിയതായി വിജിലന്‍സ് വിഭാഗം കഴിഞ്ഞയാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഈ കണ്ടെത്തല്‍ ശരിവെച്ച്‌ റിപ്പോർട്ട് സമർപ്പിച്ചത്.

ആധാരത്തില്‍ വില കുറച്ചു കാണിച്ച്‌ ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമിയെച്ചൊല്ലി അന്വേഷണം ആരംഭിക്കുന്നത്.

മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 21 സെന്‍റ് സ്ഥലം വാങ്ങിയെന്നായിരുന്നു കുഴല്‍നാടൻ മൊഴി രേഖപ്പെടുത്തിയത്. ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിൻറെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. വില്ലേജ് സർവേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്റ് അധികം കുഴല്‍നാടന്റെ പക്കലുള്ളതായാണ് റവന്യു ഉദ്യോഗസ്ഥർ കണ്ടെത്തിയത്.