'വക്ത്ര നാസാരന്ധ്ര  അണുനിവാരിണീകവചം': കഥ, മണിയ       

 'വക്ത്ര നാസാരന്ധ്ര  അണുനിവാരിണീകവചം': കഥ,  മണിയ       

അവൾ പുറത്തേക്ക് പോയ അതെ സ്പീഡിൽ അകത്തേക്ക്‌ വന്നു. അല്പം ഷോപ്പിംഗ് ഉണ്ട്. ഞാനൊന്നു പുറത്തു പോയി വരാം എന്നു പറഞ്ഞാണ് ഇറങ്ങിയത്. കാറും സ്കൂട്ടറും ഓടിക്കാൻ
അറിയാവുന്നതുകൊണ്ട് തനിക്ക് സ്വസ്ഥമായിരുന്നു വല്ലതും വായിക്കാം,  കമ്പ്യൂട്ടർ നോക്കാം. അല്ലെങ്കിൽ കണ്ട കടകൾക്കു മുന്നിലെല്ലാം കാറിട്ടു കാത്തിരിക്കേണ്ടി വന്നേനെ. ചില പുരുഷന്മാരുടെ സഹികെട്ടുള്ള ഇരുപ്പ് പലയിടത്തും കണ്ടിട്ടുണ്ട്. ജവുളിക്കടയാണെങ്കിൽ പറയുകയും വേണ്ട. ഒന്നെടുക്കുന്നു മാറ്റിവെക്കുന്നു, മറ്റൊന്നെടുക്കുന്നു മാറത്തു ചേർക്കുന്നു  വച്ചുകൊടുക്കാൻ അതിനു കുറെ  വിരുതന്മാരും. അതുകൊണ്ടായിരിക്കാം സ്ത്രീകൾക്കുള്ള സെക്ഷനിൽ സെയിൽസ് ഗേൾസിനെ വച്ചുതുടങ്ങിയത്.അപ്പോൾ പുരുഷന്മാരുടെ വിഭാഗത്തിൽ പെൺകുട്ടികളോ , അതു കച്ചവടതന്ത്രം.


    ഏറെ നേരമായിട്ടും പുറത്തേക്കു കാണാതെ വന്നപ്പോൾ അകത്തേക്കു ചെന്നു. അവൾ എന്തോ തിരയുകയാണെന്നു തോന്നി. ഷെൽഫിന്റ മുക്കിലും മൂലയിലും ഡ്രെസ്സിങ് ടേബിളിലും പിന്നെ മേശപ്പുറത്തെ അലങ്കോലപെട്ടുകിടക്കുന്ന സാധനങ്ങൾക്കിടയിലും എന്നുവേണ്ട പലയിടത്തും. നീ എന്താ തിരയുന്നത് അക്ഷമ കൂടുന്നതു കണ്ടപ്പോൾ ചോദിച്ചു. എന്റെ മുഖത്തു വക്കുന്നത്, അതില്ലാതിറങ്ങിയാൽ പെറ്റി അടിക്കില്ലേ?
താൻ ചിരിച്ചുപോയി. ഇതു പണ്ടാരാണ്ടു കണ്ണാടി തപ്പിയപോലായല്ലോ, നിന്റെ മുഖത്തിരിക്കുന്നതെന്താ പിന്നെ? അവൾ ജാള്യതയോടെ മുഖത്തേക്ക് കയ്യോടിച്ചു.


   തലേന്ന് ഏറെ നേരം ചർച്ചാവിഷയമാക്കിയ സംഗതി. ഏതോ ഒരു ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട മാസ്കിന്റെ മലയാളം. അതിനു വന്ന കമന്റുകൾ. വദന..... അതു ശരീരത്തിന്റെ മറ്റൊരു ഭാഗത്തുപയോഗിക്കുന്നതല്ലേ, അതിനെ മുഖത്തോടു ചേർത്തു വക്കാമോ? കുറച്ചുനേരം ചിരിച്ചു തല തല്ലിയിട്ട് ഞങ്ങളും ചർച്ചയിലായി. അവളുടെ വീതം മുഖപ്പട്ട. എന്റെ വീതം മറ്റൊന്ന്. അവൾ പറയുന്നതിനെ താനും താൻ പറയുന്നതിനെ അവളും എതിർത്തുകൊണ്ടിരുന്നു . അതു വേണ്ട അതിനു മറ്റുചില വ്യാഖ്യാനങ്ങൾ വരാം. എല്ലാറ്റിനും അങ്ങനൊക്കെ തന്നെ.
അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി.'വക്ത്ര നാസാരന്ധ്ര 
അണുനിവാരിണീകവചം '.