കാച്ചെണ്ണ; കവിത , ദീപ ദേവിക

കാച്ചെണ്ണ;  കവിത , ദീപ ദേവിക

നാളെമുതൽ മുടിയിഴകളിൽ

കാച്ചെണ്ണയുടെ മണം പൂക്കും

 

അവനെ ഞാനൊരുക്കിവച്ചിട്ടുണ്ട് അടുപ്പുകല്ലിൽ ..

ഏറെ നേരം നൃത്തംചെയ്ത

തീപ്പെണ്ണിനൊപ്പം ഇണചേർന്ന

ആലസ്യത്തിൽ മയങ്ങുകയാണ്,

 

ആ പ്രണയം തീണ്ടിയതിനാൽ

മാത്രമാണവൻ കറുത്തുപോയത്..

എങ്കിലുമെന്തു ഗന്ധം..

 

നിന്നെയും എന്നെയും

വീണ്ടുമൊരുനടനത്തിനൊരുക്കുന്ന ഗന്ധം..

 

കുഞ്ഞുമണികളൂറ്റിയെടുത്ത് തലയോട്ടി 

പുതയ്ക്കണം നാളെ ,

ഏറെ കാത്തിരുന്നൊരു കുളി..

 

നേരിയ തണുപ്പരിച്ചിറങ്ങുന്നു

മുടിയിഴകളിലൂടെ 

നെറ്റിയെ ചുബിച്ച് , പുരികക്കൊടീയുടെ

കുത്തഴിച്ച്, 

കണ്ണിനെ ഉമ്മവച്ച് ആലസ്യത്തിലാക്കി ..

കവിളിലൂടെ

ചുണ്ടിലമർത്തിയൊന്നാവേശം തീർത്ത് ..

 

താഴ് വരയിലൂടെ  ചാഞ്ഞും പുളഞ്ഞും...

പിന്നെയാ സമുദ്രത്തിൽ തന്നെ ചേർന്നിടണം ,,

 

എന്നിട്ടും ബാക്കിയാക്കി ആ

മണമുണ്ടാവും അവിടെ ,

പൂത്തുലഞ്ഞ് മുടിവളളിയിലളളിപ്പിടിച്ച്

നിനക്കായി  വീണ്ടും പൂക്കുവാൻ ...

 

ദീപ ദേവിക