ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി... ബെന്നി

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...  ബെന്നി

ബെന്നി കുര്യൻ 

ശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും ഗ്ലൂക്കോസ് ട്രിപ്പ് കഴിഞ്ഞ് തിരികെ വീട്ടിലേക്കുള്ള യാത്ര. പൊന്നോമനേ, കുറച്ചു ദിവസങ്ങളായി നിനക്ക് ജലപാനം പോലുമില്ല. പുറത്ത് നല്ല തണുപ്പാണ്. വലത്തുഭാഗത്തെ സീറ്റ് പിറകോട്ട് വലിച്ചിട്ട് നീ കണ്ണടച്ചു കിടന്നു വിശ്രമിക്കുന്നു.

പാർക്കിങ്ങ് ഏരിയയിൽ നിന്നും കാർ എടുത്ത് പുറത്തേക്കിറങ്ങി. ഫസ്റ്റ് സ്ട്രീറ്റിൽ കൂടി ടേൺപൈക്കിൽ കയറിയപ്പോൾ കണ്ണു പകുതി തുറന്ന് നീ പതുക്കെ കൈയ്യനക്കി.
നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ യാത്രയാകും ഇതെന്ന് ഞാനൊരിക്കലും കരുതിയില്ല.

ആശുപത്രിവാസം കഴിഞ്ഞ് തിരികെ പോരുമ്പോഴൊക്കെ നിന്റെ ഇഷ്ട ഗാനം കേൾക്കണം. രണ്ടു പേരും കൂടി ഉറക്കെ പാടണമെന്ന നിന്റെ ആഗ്രഹത്തിന് ഞാൻ എന്നും വഴങ്ങും.
'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' അടുത്ത വരിയിൽ – എനിക്കൊരു ജന്മം കൂടി എന്നത് നീ തിരുത്തി – നമുക്കൊരു ജന്മം കൂടി എന്നത് നീ ഉറക്കെ പാടും. കൂടെ ഞാനും.

അനുസരണമില്ലാത്ത കോശങ്ങളുമായി ഒന്നൊര വർഷത്തോളമുള്ള നിലയ്ക്കാത്ത ദ്വന്ദ്വയുദ്ധം. പലപ്പോഴും വിജയശ്രീലാളിയായി പോർക്കളത്തിൽ നിന്നും തലയുയർത്തിപ്പിടിച്ച് ചെറുപുഞ്ചിരിയോടെ വന്ന് എന്നെ ആശ്ലേഷിക്കും. നെറുകയിലൊരുമ്മ തന്നിട്ട് കൈകൾ കോർത്തുപിടിച്ചു നമ്മൾ കാറിൽ കയറും.

ആൽമരച്ചില്ലയിൽ പൊന്നില കൂടുകൂട്ടിയിട്ട്, അതിനകത്ത് മുട്ടിയുരുമ്മിയിരുന്ന് പരസ്പരം ചൂട് പകർന്നു കൊണ്ടിരിക്കുകയായിരുന്നു രണ്ട് ക്രൗഞ്ച മിഥുനങ്ങൾ.
വരാനിരിക്കുന്ന വസന്ത കാലത്തിനെ വരവേൽപ്പാനായി പാടിക്കൊണ്ടിരുന്ന പെൺകിളിയെയാണ് നിഷ്ടൂരനായ വേടൻ ക്രൂരമ്പെയ്ത് വീഴ്ത്തിയതു്. മണ്ണിൽ വീണ് പിടഞ്ഞ ചങ്ങാലി പെൺകിളി തന്റെ കാമുകന്റെ കണ്ണുകളിലേക്ക് നോക്കി അന്ത്യശ്വാസം വലിച്ചു.
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
ഹാ കഷ്ടം! കാലം മാപ്പു കൊടുക്കട്ടെ!

ഓർമ്മകളുടെ പച്ചവിരിച്ച ഇതളുകൾ ഓരോന്നായി അറിയാതെ നിവർത്തി നോക്കി.
കലാലയത്തിന്റെ പിരിയൻ ഗോവണിപ്പടിയുടെ താഴെവെച്ചാണ് പച്ചസാരിയുടുത്ത് പച്ചപ്പൊട്ടുതൊട്ട പഞ്ചവർണ്ണക്കിളിയെ ആദ്യമായി കണ്ടത്.
ക്ലാസ്സ് മുറിയിൽ നിറഞ്ഞു നിന്ന് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തെറ്റാതെ പറയും. ഒപ്പം അനേകം സംശയങ്ങളും. വൈദ്യശാസ്ത്ര രസതന്ത്രത്തിലെ സൂത്രവാക്യങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഗഹനതയെ മറനീക്കി തരാൻ തന്നോട് ആവശ്യപ്പെടും.

കലാലയത്തിന്റെ വടക്കുഭാഗത്ത് തഴച്ചു വളർന്നിരുന്ന ചെമ്പക പൂമരങ്ങൾ. അവയിലെന്നും പൂക്കളുടെ വസന്തമായിരുന്നു.
വസുന്ധരേ, നീയന്നു തന്ന കൈലേസ് ഇന്നുമെന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മുള്ളു നിറഞ്ഞ തണ്ടിൽ വിരിഞ്ഞു നിൽക്കുന്നു ചുമന്ന പനിനീർ പൂവ്.

‘അനേക ദിവസങ്ങൾ കൊണ്ടാണ് ഞാനിത് തുന്നിപ്പിടിപ്പിച്ചത്… ട്ടോ… കളഞ്ഞേക്കരുത്… ‘
ഞാനതിലെത്ര ചുംബിച്ചിരുന്നുവെന്നത് അറിയോ, പെണ്ണേ?
എന്തിനാണ് മുള്ളുള്ള തണ്ടെന്ന എന്റെ സംശയത്തിന് നീ പറഞ്ഞു.
‘ഇലകളും പൂവും വാടിക്കരിഞ്ഞു പോകും. മുള്ളുള്ള തണ്ട് എന്നുമുണ്ടാകും.’

വലിയ തത്വജ്ഞാനിയെപ്പോലെ നീ പറഞ്ഞത് ഓർമ്മകളുടെ അടിത്തട്ടിൽ നിന്നും ഒരു നീർക്കുമിള പോലെ ഉപരിതലത്തിലേക്ക് വന്നെന്നെ നൊമ്പരപ്പെടുത്തുന്നു.

പതിറ്റാണ്ടുകൾ സ്വപ്നങ്ങൾ പരസ്പരം കൈമാറി, കാലം അനർഗളമായി ഒഴുകിയൊഴുകി കടലിൽ ചെന്ന് ജലസമാധിയായി. എത്രയെത്ര വേലിയേറ്റങ്ങളും, ഇറക്കങ്ങളും, വസന്തവും, വേനലും, ഹേമന്തവും, ശൈത്യവും നമ്മൾ ഒരുമിച്ച് അനുഭവിച്ചു.

വലിയ ഡോസിലുള്ള വേദനസംഹാരികളുടെ കരുണയിൽ മാത്രം കിട്ടുന്ന ഇളവേളകളിൽ പതുക്കെ എഴുന്നേറ്റു വന്നിട്ട് കിടപ്പുമുറിലെ ചില്ലുജാലകത്തിൽക്കൂടി മുററത്ത് നട്ടുവളർത്തിയ റോസിനേയും മുല്ലയേയും കണ്ടുകൊണ്ട് നീയെന്നും ഇരിക്കും. കൂട്ടുകാരായ മാടപ്രാവിണകൾ നിന്നെ കാണാൻ എന്നും ജനാലപ്പടിയിൽ വരും. അവയോട് കുശലം പറഞ്ഞ് എല്ലാം മറന്ന് കുറേ നേരമിരിക്കുന്നത് നിന്റെ ഇഷ്ട വിനോദമായിരുന്നു.

ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് നീയെന്നോട് പറഞ്ഞു.
‘ ജോച്ചായാ, മുല്ലച്ചെടിച്ചട്ടികൾ ബെയ്സ്മെന്റിൽ എടുത്തുവെയ്കണേ. എന്നിട്ട് ലൈറ്റിട്ടു കൊടുക്കണം. എനിക്ക് നടന്നിറങ്ങിവരാൻ ആകില്ലെന്ന് അറിയാല്ലോ.
എല്ലാ ദിവസവും മുല്ലച്ചെടിയെ തൊട്ടു തലോടിയിട്ട് കുറെ പൂക്കൾ വിരിയാൻ പറയണം. ചെടികൾക്കും ആത്മാവുണ്ട്. റോസാച്ചെടി മണ്ണിലാ നിൽക്കണത്. ഇലകളും പൂക്കളും വാടിക്കരിഞ്ഞു വീണാലും അടുത്ത വസന്തത്തിൽ അത് തളിർത്തുവരും.
ഈ വർഷം എന്താ ഇത്ര നേരത്തേ റോസാച്ചെടിയുടെ പൂക്കളും ഇലയും വാടിക്കൊഴിഞ്ഞു പോയത് ജോച്ചായ? ഞാനും ഉടനെ... ‘

നിഷ്കളങ്കമായ ഈ ചോദ്യം എന്നും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഒരു ഇടിവെട്ടു പോലെയാണ് അത് വന്നു പതിച്ചത്. പെട്ടെന്ന് സംയമനം പാലിച്ചിട്ട് ഞാൻ പറഞ്ഞു.

'കരിനീലക്കണ്ണുള്ള പെണ്ണേ, നിന്റെ കവിളത്തൊരു ഉമ്മ..
ഡിയർ മൈ ഡാർലിങ്ങ്, മൈ ഹണി.. വാട്ട് യു ആർ ടെല്ലിങ്.. നത്തിങ്ങ് ഗോയിംഗ് ടു ഹാപ്പെൻ ടു യു, ഓക്കെ ഡിയർ... ഈ വർഷം നേരത്തെ തണുപ്പ് തുടങ്ങി. അടുത്ത ആഴ്ച്ച മഞ്ഞ് പെയ്യുമെന്നു കേട്ടു.‘

ഒരു നെടുവീർപ്പോടെ കണ്ണുകളടച്ച് നീ മൗനിയാകും. എന്നിട്ട് ചുണ്ടുകൾ പതുക്കെ ചലിപ്പിച്ച് പ്രാർത്ഥിക്കുന്ന നിന്നെ ഞാൻ വിഷാദത്തോടെ നോക്കിയിരിക്കും.
കന്യാമറിയം അമ്മയോടുള്ള അപേക്ഷയാണെന്നത് എനിക്കറിയാം. മാതാവിന്റെ വലിയ ഭക്തയായിരുന്നല്ലോ നീ എന്നും.

അതിജീവനത്തിന്റെ ഗ്രാഫ് താഴേക്കു താഴേക്ക് വളരെ വേഗത്തിൽ വരുന്നത് നമുക്കു രണ്ടു പേർക്കും നന്നായി അറിയാമായിരുന്നിട്ടും നമ്മളത് അറിഞ്ഞതായി നടിച്ചില്ല.

സ്വർണ്ണച്ചിറകുകൾ വിരിയിച്ച് നീ പറന്നു പോയത് നിറകണ്ണുകളോടെ നോക്കി നിൽക്കാനെ ഓമനേ, എനിക്കായുള്ളൂ…
എന്റെ പ്രാണനെ പകരമായി എടുത്തോളാൻ ഏറെ കെഞ്ചിയിട്ടും മാലാഖമാരാരും ചെവി തന്നില്ല. എന്റെ പൊന്നിനെ ഞാൻ വിട്ടുതരില്ല… ഇതാ പകരമായി എന്നെ എടുത്തോളൂ എന്ന് അലമുറയിട്ടിട്ടും എന്റെ കരളിനെ അവർ തട്ടിപ്പറിച്ചു കൊണ്ടുപോയി. തുളുമ്പിപ്പോയ എന്റെ കണ്ണുകളിലേക്ക് അർദ്രതയോടെ നോക്കിയിട്ട് നീ യാത്ര പറഞ്ഞു.
വേദനയില്ലാത്ത ഒരു ലോകത്തിലേക്ക്… രംഗബോധമില്ലാത്ത നിഷ്ഠൂരനായ കോമാളിയായി മരണം തിമർത്താടുന്നത് കണ്ട് ഞാൻ വിങ്ങിപ്പൊട്ടി.

‘മരണമെത്തുന്ന നേരത്ത് അരികിൽ ഇരുന്നെന്റെ കവിളത്ത് തലോടണേ’യെന്ന് പലവട്ടമെന്നെ ഓർപ്പിച്ചിരുന്നല്ലോ. പുന്നാരെ, കരളുപൊട്ടിപ്പോയ എനിക്കത് സഹിക്കാനാകുമായിരുന്നില്ലെങ്കിലും.

സ്വകാര്യമായിട്ടൊന്ന് പൊട്ടിക്കരയാനായി ബേസ്മെന്റിലേക്ക് ഞാനോടി. നീ നട്ടുവളർത്തിയ മുല്ലകളെല്ലാം പുഷ്പിച്ചിരിക്കുന്നു!
മുല്ലപ്പൂമണം വീടു മുഴുവൻ നിറഞ്ഞിരിക്കുന്നു. നിനക്കായ് മുല്ല പൂവിട്ടിരിക്കുന്നു.
ഒരു പൂവ് മാത്രം നിർത്തിയിട്ട് ബാക്കിയെല്ലാം ഞാൻ പിഴുതെടുത്തു.

ഞാൻ സമ്മാനിച്ച മന്ത്രകോടിയുടെ അകത്തത് ഭദ്രമായി അത് സൂക്ഷിച്ചുവെച്ചു.
നിന്നെ ചമയിക്കാനായി മന്ത്രകോടി കൊടുത്തുവിട്ടപ്പോൾ മല്ലപ്പൂക്കളെ നിന്റെയരികിൽ അലങ്കരിക്കണമെന്ന് പ്രത്യേകം പറഞ്ഞുവിട്ടിരുന്നു.

ഓർമ്മകൾ മഴവെള്ളപ്പാച്ചിൽ പോലെ രണ്ടു കരകളേയും സംഭ്രമിപ്പിച്ച് കുത്തിയൊഴുകി ഇരമ്പിയെത്തുന്നു…
ക്ലാസ്സുമുറിയിൽ നീയായിരുന്നു താരം. ആ കൊച്ചു കുസൃതിക്കുട്ടിയെ ഞാനെങ്ങനെയാണ് പ്രണയിക്കാതിരിക്കുക!

ആശുപത്രി സന്ദർശനം കഴിഞ്ഞ് തിരികെ പാർക്ക് വേയിൽ എത്തുന്നതിന് തൊട്ടുമുമ്പ് കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കൊണ്ട് ചോദിക്കും.
‘ജോച്ചായാ, ഞാനൊരു നീണ്ട യാത്ര പോയാൽ ജോച്ചായന് സങ്കടാകോ…?’

ഉത്തരം പറയാൻ വളരെ വേദനയുണ്ടെങ്കിലും തോളിൽ കൈയ്യിട്ടിട്ട് പറയും.
‘ഒന്ന് പോടി പൊട്ടിപ്പെണ്ണേ, പ്രിയ തങ്കം... മോള് എവിടേം പോണില്ല. ഈ കുസൃതിക്കുട്ടിയെ ഞാനെങ്ങും വിടില്ല. എന്റെ കൈവെള്ളയിൽ ചേർത്ത് പിടിക്കും. ..’

ഉള്ളിലെ വിങ്ങൽ ഒളിപ്പിച്ചുവെച്ചിട്ട്, കവിളിലൊന്നു നുള്ളിയിട്ട് ഞാൻ ഉറക്കെ പാടും
‘വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് ….’
നീയത് ഏറ്റുപാടും…നമ്മൾ ഉറക്കെയുറക്കെ പാടും
‘ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
നമുക്കിനിയൊരുജന്മം കൂടി’
പഴയ പ്രണയകാവ്യത്തിലെ ശകുന്തളയായി നീയെന്റെ കൂടെ ഏറ്റുപാടും…

നിന്റെ കവിളിണകൾ ചുമുന്നു തുടിക്കുന്നതും കണ്ണുകളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നതും കണ്ട് ഞാൻ വീണ്ടും വീണ്ടും ഉറക്കെപ്പാടും…
‘ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ…’
**
പൊന്നോമനേ, ഞാൻ സമ്മാനിച്ച പച്ച നിറത്തിൽ കസവു പൂക്കളുള്ള മന്ത്രകോടിയിൽ ഒരുങ്ങിച്ചമഞ്ഞ് അനന്തമായ വിശ്രമത്തിനുള്ള യാത്രക്കായി നീ ഉറങ്ങിക്കിടക്കുന്നു. നീയെത്ര സുന്ദരികുട്ടിയായിട്ടാർന്നു ഒരുങ്ങിക്കിടന്നിരുന്നത് എന്നത് അറിയോ?
പച്ചപ്പനങ്കിളി തത്തേ, നിന്റെ വിശ്രമസ്ഥലത്തേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

സ്വർണ്ണ രഥത്തിൽ ഒരു ചക്രവർത്തിനി ആയുള്ള നീന്റെ യാത്ര.
നിന്റെ സിംഹാസനത്തിനരികെ ഞാനിരിപ്പുണ്ട്.
രാജകീയ പ്രൗഢികളോടെ, ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ, അനേക ഗജവീരന്മാരുടെ അകമ്പടിയോടെ….

‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു
ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍……………’

പൊന്നോമനേ, കാലത്തിന്റെ മഹാപ്രയാണത്തിൽ, ഓട്ടം തികച്ച്, നല്ല പോർ പൊരുതി, ആവോളം സ്നേഹം പകർന്നു കൊടുത്ത്, ധന്യയായി യാത്രാമൊഴി ചൊല്ലിയിട്ട് ഈ വഴിയമ്പലത്തു നിന്നും നീ പിരിയുന്നു..
**
നിന്നെ വഹിച്ചുകൊണ്ടുള്ള സ്വർണ്ണ രഥം അന്ത്യവിശ്രമത്തിനായുള്ള പൂന്തോട്ടത്തിലെത്തി.
വൈദീകൻ പ്രാർത്ഥനകൾ ഉരുവിടുന്നു.

'കർത്താവിന്റെ ഭവനത്തിലേക്ക് നാം പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു'
കുഞ്ഞനുജൻ ധൂപക്കുറ്റി വീശി നിന്റെ പേടകത്തെ ചുറ്റിക്കൊണ്ട് പ്രാർത്ഥനകൾ കൂടെ ചൊല്ലുന്നു.

'നാഥാ! മൃതയാ-മീ ദാസിക്കേ-കണമാശ്വാസം...'

പൊടിമണ്ണു കുഴച്ച് ആദാമിനെ സ്രിഷ്ടിച്ച യഹോവയുടെ അരുളപ്പാട് പുരോഹിതൻ ഉറക്കെ വായിച്ചു.
'നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ തിരികെ ചേരും, വീണ്ടും നവീകരിക്കപ്പെടുകയും ചെയ്യും എന്നരുളിചെയ്ത പ്രകാരം കർത്താവേ!
ഇതാ തിരുവിഷ്ടം ഈ ദാസിയിൽ നിറവേറിയിരിക്കുന്നു '

എന്റെ ഉള്ളം വല്ലാതെ പിടഞ്ഞു. കണ്ണുകളിൽ ഇരുട്ടു പടർന്നു. ഭൂമി രണ്ടായി പിളർന്നു പോകുന്നതായി തോന്നി.
അവസാനമായി ഒന്നുകൂടി കെട്ടിപ്പിടിച്ചൊരുമ്മ തന്നിട്ട് പൊട്ടിപ്പൊട്ടിക്കരയാൻ ഞാൻ മുന്നോട്ടാഞ്ഞു. പക്ഷെ തങ്കമേ, നിനക്ക് വാക്ക് തന്നിരുന്നത് പെട്ടെന്ന് ഓർത്തു. ഇറ്റുവീഴാൻ വെമ്പുന്ന നീർകണങ്ങൾ അന്ന് നീ തന്ന കൈലേസിൽ ഒളിപ്പിച്ചു.

കുഞ്ഞനുജൻ എന്നെ താങ്ങിപ്പിടിച്ചിട്ട് ഒരു ചുമന്ന റോസാപ്പൂവിന്റെ തണ്ട് തന്നു. അതിലെ മുള്ളുകളിൽ ഞാൻ തടവി. അതെന്റെ വിരലുകളെ വല്ലാതെ നോവിച്ചു. ഇനി വരാനിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
ചുമന്ന റോസാപ്പൂവിനെ ചുംബിച്ചിട്ട് അതു നിന്റെ മാറിൽ ചാർത്തി. നിനക്കായി പൂവിട്ട മുല്ലയുടെ കുറച്ചു പൂക്കളും ഞാനെന്റെ കീശയിൽ നിന്നുമെടുത്ത് നിനക്കു തന്നുവീട്ടിട്ടുണ്ട്.

അനന്തമായ ഉറക്കത്തിൽ നിന്നും ഇടയ്ക്ക് നീ ഉണർന്നിട്ട് ആ പനിനീർപ്പൂവിന് ഉമ്മ കൊടുക്കുമെന്നറിയാം. ഞാൻ വരുന്നതുവരെ അതിനെ വാടാതെ നിന്റെ അരികിൽ ഉണ്ടാകുമെന്നതും.

കൊച്ചേ, നിന്റെ അടുത്തുതന്നെ എനിക്ക് വിശ്രമിക്കാനും ഒരു സ്ഥലമുണ്ടല്ലോ. നീയായിരുന്നല്ലോ അത് വേണമെന്ന് ആഗ്രഹം പറഞ്ഞ് വാങ്ങിയത്. ഒരിക്കൽ അവിടെ വിശ്രമിക്കാൻ വന്നിട്ട് നിന്നെ വിളിക്കാം. വിളി കേൾക്കില്ലെ... നീ കാത്തിരിക്കില്ലേ...എന്നിട്ട് ആവോളം നിന്റെ ഇഷ്ട ഗാനങ്ങൾ നമുക്കൊരുമിച്ച് ഉറക്കെയുറക്കെ പാടാം. മതിയാവോളം നമുക്ക് പ്രണയിക്കാം… കഥകൾ പറഞ്ഞ് കാലാന്തരത്തോളം പഴയ കലാലയ കമിതാക്കളാകാം…

ബന്ധുക്കളും കൂട്ടരുമെല്ലാം പിരിഞ്ഞു. നമ്മുടെ കിടപ്പുമുറിയിൽ നിന്റെ സൗരഭ്യം നിറഞ്ഞു നിൽക്കുന്നു.
കൈപ്പുനീരിന്റെ പാനപാത്രം ഞാനിനി ഏകനായി കുടിച്ചു തീർക്കട്ടെ. മരുഭൂമിയിൽ കൂടിയുള്ള ഏകാന്ത യാത്രയ്ക്കായി തയ്യാറെടുക്കട്ടെ.

ഉള്ളിൽ കെടാതെ എരിയുന്ന ചിത എന്ന് കത്തിത്തീരും. അരങ്ങത്ത് ലൈല - മജ്നുക്കളായി കാണികളെ വിസ്മയപ്പെടുത്തിയിരുന്ന നമ്മുടെ അവസാന രംഗത്തിന് മുമ്പ് യവനിക വീണു...

വസുന്ധരേ, ഉറക്കം മതിയാക്കി തിരികെ വന്നാലും. കണ്ണുകൾ തുറന്നാലും. ഇതാ നിന്റെ നിത്യകാമുകൻ.
നമൂക്കു വീണ്ടും കലാലയത്തിന്റെ പിരിയൻ ഗോവണിപ്പടിയിലിരുന്ന് കൗമാര കമിതാക്കളാകാം.
സ്വർണ്ണക്കരയുള്ള പച്ച സാരിയിൽ സുന്ദരിയായി പച്ചപ്പൊട്ടുതൊട്ട് നീയവിടെ കാത്തുനിൽക്കില്ലെ?

പ്രണയിച്ച് മതിയായില്ലെന്ന് നീയെന്നും പരിഭവം പറയുമായിരുന്നല്ലോ.
ചില്ലുജാലകത്തിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി. ശീതകാലത്തെ പടപൊരുതി തോൽപ്പിക്കാൻ മുള്ളുകൾ മാത്രമായി തയ്യാറായി നിൽക്കുന്ന നിന്റെ പനിനീർ ചെടികൾ….

നിനക്കു തന്ന വാക്കനുസരിച്ച് ഞാനിതുവരെ പിടിച്ചു നിൽക്കുകയായിരുന്നു. ഭയാനകമായ ഏകാന്തത എന്നെ ഈ മുറിയിൽ വേട്ടയാടുന്നു.
ഞാനെന്റെ ദുഃഖങ്ങൾ കുറച്ചെങ്കിലും പെയ്തു തീർക്കട്ടെ. മതിയാവോളം ഉറക്കെയുറക്കെ പൊട്ടിപ്പൊട്ടി കരയട്ടെ.
നിന്റെ പച്ച സാരികൾ അഴയിൽ കിടക്കുന്നു. ഞാനതെടുത്ത് ഉമ്മ കൊടുത്തിട്ട് കണ്ണുകൾ തുടച്ചു.
ഇല്ല.. കണ്ണുനീർ വറ്റുന്നില്ല...

പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളായിരുന്ന തങ്കമേ,
വാതിൽ തുറന്നു വെച്ച് ഞാൻ നിന്നെ കാത്തിരിക്കുന്നു.
നീയൊരു യാത്രക്ക് പോയതാണെന്നും തിരികെ വന്നിട്ട് ‘എന്നാ ട്രാഫിക്കാർന്നെന്നോ പാർക്ക് വേയിൽ ‘ എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരുമെന്നും വല്ലാതെ ആശിച്ചു പോയി.

വെള്ള വിരിച്ചിട്ടിരിക്കുന്ന നിന്റെ കിടക്കയുടെ അരികെ ഞാനിരുന്നു. തലയ്ക്കൽ കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്ക് കെടാതെ നാൽപ്പത് ദിവസം എണ്ണ ഒഴിച്ച് ഞാൻ കൂടെ ഇരിക്കും.
അനേക മാസങ്ങളായി ഞാനിവിടെ അരികെ ഉണ്ടായിരുന്നല്ലോ. ഇന്നാ കിടക്കയിൽ വെറും ശൂന്യത മാത്രം. എന്റെ തങ്കത്തളിരേ, എന്തിനാണ് എന്നെ തനിച്ചാക്കി ഇത്ര നേരത്തെ പോയത്...

‘ജോച്ചാ, നാൽപ്പത് ദിവസം ഞാനിവിടെ തന്നെയൊക്കെ ഉണ്ടാകും, ട്ടോ… അതേ, ഞാനൊന്ന് കറങ്ങീട്ടു വരാട്ടോ.
നാട്ടിലെ സെമിത്തേരിയിൽ പോയിട്ട് വരട്ടെ... അപ്പച്ചനും മമ്മിയും വന്നെന്നെ വിളിച്ചാർന്നു. അപ്പച്ചനെ കാണാൻ എനിക്കായില്ലല്ലോ. ഞാൻ വീട്ടിലേക്കു വരുന്നതിനു മുൻപേ അപ്പച്ചൻ അരങ്ങൊഴിഞ്ഞാർന്നല്ലോ.

എന്റെ ഗ്രാമത്തിലെ ദേവാലയത്തിനടുത്തുള്ള ഉമ്മിക്കുന്നിൽ പോയി ഏലിയാ മുത്തപ്പന്റെ നടക്കൽ മെഴുകുതിരി കത്തിച്ചിട്ട് ജോച്ചായനു വേണ്ടി മുട്ടിപ്പായി
പ്രാർത്ഥിക്കട്ടെ. വല്യ ശക്തിയുള്ള മൂത്തപ്പനാ ട്ടോ. ഒറ്റയ്ക്കുള്ള ഇനിയുള്ള യാത്രയ്ക്ക് എന്റെ തൊട്ടാവാടി ആയ ജോച്ചായന് നല്ല ധൈര്യം കൊടുക്കണേ ഏലിയാ മുത്തപ്പാ എന്ന്.

താഴെ വന്നിട്ട് ദേവാലയത്തിലെ സെമിത്തേരിയിൽ പോയി ഇച്ചാച്ചന്റെ കുറച്ച് വഴക്ക് കേൾക്കട്ടെ. കൊച്ചിച്ചാച്ചന്റെ അടുത്തു ചെന്നിട്ട് അൽപ്പം ബുദ്ധ്യോപദേശങ്ങൾ കേൾക്കട്ടെ.
അമ്മേടെ കൈപുണ്യമുള്ള കാളനും മാങ്ങാ മപ്പാസിന്റേയും റെസ്സിപ്പികൾ വീണ്ടും ചോദിച്ചിട്ട് വരാം. നാട്ടിൽ ചെല്ലുമ്പോൾ അമ്മയുണ്ടാക്കി തന്നിരുന്ന ഈ കറികൾ വല്യ ഇഷ്ടാണെന്ന് ജോച്ചായൻ എപ്പോഴും പറയാറുണ്ടല്ലോ. '

അടുക്കളയിലെ സെൻറർ ടേബിലിന്റെ വലിപ്പിൽ ഈ റെസ്സിപ്പികൾ എഴുതിയ കുറിപ്പ് ഇന്നലെ ഞാൻ കണ്ടു.
'ജോച്ചായന്റെ പ്രിയ കുസൃതിക്കുട്ടി, സ്വർഗ്ഗത്തിൽ നിന്നും.' എന്നെഴുതിയിട്ട് നീണ്ട കുറേ കുത്തുകൾ.........

നല്ല വടിവൊത്ത കയ്യക്ഷരത്തിൽ വരാറുള്ള നിന്റെ പ്രണയക്കുറിപ്പകൾ പെട്ടെന്ന് ഉള്ളിൽ തെളിഞ്ഞു വന്നു.
കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി. വീഴാതിരിക്കാൻ മേശയിൽ പിടിച്ചു.
വിറയാർന്ന കരങ്ങളോടെ അതെന്റെ മാറോട് ചേർത്ത് പിടിച്ചു. എന്റെ കണ്ണിൽ നിന്നും ഇറ്റിറ്റു വീണ കണ്ണീർ കണങ്ങൾക്ക്, ഓമനേ, നീന്റെ പ്രണയ ഗന്ധമായിരുന്നു.

'പിന്നേ, കുഞ്ഞാങ്ങളയുടെ യെസ്‌ടി ബൈക്കിന്റെ പുറകിലിരുന്ന് കറങ്ങണം. ടപ് ടപ് ശബ്ദത്തിൽ ഗ്രാമവഴികളിലൂടെ എന്നെയും പിറകിൽ വെച്ച് വട്ടം കറങ്ങണത് എന്തിഷ്ടാർന്നെന്ന് അറിയോ ?‘
ശരിയാണ്. ഇവിടെ വന്നപ്പോൾ നീ ആദ്യം പറഞ്ഞത് ഓർത്തു പോയി.
‘ജോച്ചാ, നമുക്കൊരു ഹാർലി ഡേവിട്സൺ ബൈക്ക് വാങ്ങാട്ടോ.. ജോച്ചായനെ കെട്ടിപ്പിടിച്ചിരുന്ന് ഹൈവേയിൽക്കൂടി നമുക്കൊന്നു പറക്കാം.. പണ്ട് കുഞ്ഞാങ്ങളയുടെ യെസ്‌ടിയുടെ പിറകിലിരുന്ന് ദേവാലയത്തിൽ പോവാർന്നു. ആരാധന കഴിഞ്ഞ് തിരികെ പോരാനായി എന്നെ പിറകിലിരുത്തി ബൈക്ക് രണ്ടു വട്ടം കറക്കണ കുഞ്ഞാങ്ങളേടെ അഭ്യാസം കണ്ട് പള്ളിക്കാർ മുഴുവൻ സ്തംഭിച്ചു നില്ക്കും! ‘

പൊന്നോമനേ, അതു നിന്റെ വെറും ജല്പനങ്ങളായേ അന്നെനിക്ക് തോന്നിയുള്ളു.. മോളേ.. മാപ്പ്…

‘കലാലയത്തിന്റെ മുറ്റത്തുള്ള ചെമ്പകച്ചോട്ടിലും പോയി വരട്ടെ … അവിടെ വെച്ചാണല്ലോ ജോച്ചായൻ ആദ്യമായിയെന്നോട് സ്നേഹം പറഞ്ഞത്…’
കാലത്തിന്റെ ചക്രങ്ങൾ പതിറ്റാണ്ടുകളുടെ പിറകിലേക്ക് തിരിഞ്ഞു കറങ്ങി…
‘പഞ്ചവർണ്ണക്കിളി, പുന്നാര പൈങ്കിളി, എന്റെയീ കൂട്ടിലേക്ക് പോരാമോ? ‘ എന്നയെന്റെ അഭ്യര്‍ത്ഥനക്ക്, മൂക്കത്തെ ശുണ്ഠിയോടെ എന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിയിട്ട് നീ പെട്ടെന്ന് നടന്നകന്നു. ഞാൻ സ്തംഭിച്ചു പോയി.
ക്രിസ്തുമസ്സവധി കഴിഞ്ഞ് ക്ലാസ്സു തുടങ്ങിയ ആദ്യ ദിവസം. ചെമ്പക മരത്തിന്റെ മറവിൽവെച്ചൊരു പൊതി എന്റെ കയ്യിൽ തന്നിട്ട് കുസൃതിച്ചിരിയോടെ നീ നടന്നകന്നു.
ഹാ… മുള്ളുകളുള്ള തണ്ടിൽ വിരിഞ്ഞ ഒരു ചുമന്ന പനിനീർ പൂവ് തുന്നിയ കൈലേസ്… ഓമനേ, ഞാനാ പൂവിൽ എത്ര ചുംബിച്ചെന്നോ?
**
പുറത്ത് ഇടതൂർന്ന് മഞ്ഞ് പെയ്യുന്നു. മോളേ, നിനക്ക് തണുക്കുന്നുണ്ടല്ലോ. നമ്മുടെ മധുവിധു നാളുകളിൽ താജ് മഹലിന്റെ മുൻപിലെ വഴിയോര കച്ചവടക്കാരനിൽ നിന്നും വാങ്ങിയ കമ്പിളിപ്പുതപ്പ് ഭ്രദ്രമായി നീ സൂക്ഷിച്ചിരുന്നല്ലോ. അത് കൊണ്ടുവന്ന് നിന്നെ പുതപ്പിക്കട്ടെ.

എന്താ നീ മൗനിയാകുന്നത്. മണ്ണിന്റെ താഴെ തണുപ്പില്ല എന്ന നിന്റെ ശാസ്ത്ര തത്വമോ?

എത്രയെത്ര ഓണങ്ങൾ, ക്രിസ്തുമസ്സുകൾ, ഈസ്റ്റർ ആഘോഷങ്ങൾ, പിറന്നാളുകൾ, താങ്ങ് സ് ഗിവിങ്ങ് കൂട്ടായ്മകൾ, മക്കൾ, കൊച്ചു മക്കൾ…
പരസ്പരം ഊന്നുവടികളായിട്ടായിരുന്നു ഇതുവരെ നമ്മുടെ പ്രയാണം…
കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങിവരുന്ന നവദമ്പതികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ്, ഇണപ്രാവുകളായി, സ്വപ്നങ്ങൾ പങ്കിട്ട് നാൽപ്പത്തഞ്ച് സംവൽസരങ്ങൾ.
പൗർണ്ണമി രാവിന്ന്, എന്റെ പച്ചപ്പനങ്കിളിയേ… പാദസ്വരം കിലുക്കി, മല്ലപ്പൂവ് ചൂടി, പച്ച സാരിയുടുത്ത്, പച്ചപ്പൊട്ടു തൊട്ട്, കലാലയ സുന്ദരിയായി നീ തിരികെ വരില്ലേ…

കൂട്ടുകാരായ ഇണപ്രാവുകൾ നിന്നെത്തിരഞ്ഞ് എന്നുമെത്തുന്നുണ്ട്. അവരുടെ കൂട്ടുകാരി ഉടനെ പറന്നെത്തുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും.
ഇടനെഞ്ച് പൊട്ടി ഈ കിളിക്കൂട്ടിൽ ഏകാകിയായി ആൺകിളി നിന്നെ കാത്തിരിക്കുന്നു…
അസ്ഥി തുളച്ചു കയറുന്ന ഏകാന്തതയിൽ ദിവസങ്ങൾ വർഷങ്ങളിയി മാറുന്നു...

വിരഹത്തിന്റെ ഉമിത്തീയിൽ വെന്തുനീറി
ഒരാന്തലായി എരിഞ്ഞുകൊണ്ട്
കണ്ണുനീരിന്റെ ഉപ്പിൽ അലിഞ്ഞലിഞ്ഞ്
ഈറൻ മിഴികളുമായി
ഏകനായിയിരുന്ന് ഈ പ്രേമാജ്ഞലി പാടികൊണ്ടിരിക്കട്ടെ…

രാവും പകലും ആവോളം നിന്നെ പ്രണയിക്കട്ടെ…
കൊതി തീരും വരെ… എന്റെ പൊന്നോമനേ…
‘താമസമെന്തേ വരുവാന്‍,
പ്രാണസഖീ എന്റെ മുന്നില്‍,
താമസമെന്തേ അണയാന്‍,
പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍?
തങ്കവള കിലുങ്ങി കിലുങ്ങി, പാദസരം കുലുങ്ങി കുലുങ്ങി’
ഓമനേ നീയെപ്പോഴാണ് തിരികെ വരുന്നത്…

'എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ
എൻ കരളിൽ,
തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹൽ ഞാനുയർത്താം'
'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ'
പൊന്നോമനേ, നിനക്കായി പ്രണയത്തിന്റെ ഗീതാഞ്ജലി.

ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയാം കർത്താവേ.
സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി രാവും പകലും മുട്ടിപ്പായി ഈ ദാസൻ യാചിക്കുന്നു...

അങ്ങയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന എന്റെ പൊന്നോമനയെ ഈ ദാസന്റെ അടുത്തേക്ക് തിരിച്ച് അയച്ചുതരാൻ ദയ ഉണ്ടാകണമേ.
പ്രപഞ്ചത്തിന്റെ സർവ്വ അധികാരിയെ, അങ്ങ്
തിരഞ്ഞെടുത്ത് അടിയന് കൂട്ടുകരിയായി തന്ന ഏദൻ തോട്ടത്തിലെ എന്റെ സ്വന്തം ഹവ്വ.
ഞങ്ങളിവിടെ ജീവിച്ച് മതിയാകുന്നതിന് മുൻപ് എന്തേ അങ്ങ് വിളിച്ചുകൊണ്ട് പോയത്?
മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഈ ദാസൻ അങ്ങയുടെ കാരുണ്യത്തിനായി കേഴുന്നു...

തങ്കമേ.. സ്രിഷ്ടാവിനോട് കേണപേക്ഷിച്ചാലും,
'പൂമുഖ വാതിൽക്കൽ കാത്തിരിക്കുന്ന' എന്റെ ജോച്ചായന്റെ അടുത്തേക്ക് എനിക്ക് പോണം.. എനിക്ക് പോയേ പറ്റൂ'
'അങ്ങയുടെ ഛായയിൽ മെനഞ്ഞുണ്ടാക്കിയ ഈ ഹവ്വയെ. യഹോവേ, കൃപയുണ്ടായി ഈയുള്ളവളോട് കരുണ ചെയ്യേണമേ, സ്വർഗ്ഗത്തിന്റെ തടവറയിൽ നിന്നും മോചിപ്പിച്ച്, പറുദീസയുടെ സ്വാതന്ത്രത്തിലേക്ക് പറഞ്ഞയക്കണേ. സ്നേഹത്തിന്റെ മുന്തിരിത്തോപ്പിൽ കുറച്ചു കാലം കൂടി.. '

'ഗബ്രിയേൽ മാലാഖയുടെ ചിറകിന്നടിയിൽ ഇരുത്തി എന്നെ ജോച്ചായെന്റെ കൈകളിൽ കൊണ്ടുപോയി ഏൽപ്പിക്കണം.'

യഹോവയാം ദൈവം ചെവിക്കൊള്ളുന്നില്ല എങ്കിൽ സ്നേഹനിധിയായ നസ്രായനോട് അപേക്ഷിക്കണം.
നസ്രായന് വിരഹിത്തിന്റെ ആഴത്തിലുള്ള തീക്ഷ്ണ വേദന അറിയാവുന്നതല്ലേ...
'അങ്ങയുടെ രണ്ടാം വരവുവരെ കാത്തിരിക്കാനുള്ള ക്ഷമ ഈ ദാസിക്ക് ഇല്ല' എന്ന് അറിയിക്കണം..

അവരാരും ചെവിതരുന്നില്ല എങ്കിൽ സ്വർഗ്ഗത്തിന്റെ വാതായനം തുറന്ന് യഹോവയാം ദൈവം ഭൂമിയിലെ തന്റെ കുഞ്ഞാടുകളെ നോക്കിക്കാണുന്ന ആ നാഴികയിൽ, മോളേ, ആരും കാണാതെ പതുക്കെ ഇവിടെ കാത്തിരിക്കുന്ന നിന്റെ ജോച്ചായന്റെ കൈകളിലേക്ക് പറന്നിറങ്ങി വന്നാലും..

ഗബ്രിയേൽ മാലാഖയുടെ നേത്രുത്വത്തിലുളള മാലാഖ വൃന്തം നിന്നെ തേടി വരില്ല... നസ്രായൻ അവരെ തടഞ്ഞുകൊള്ളും..

ഇന്നലെ രാവിൽ നമ്മുടെ കിടപ്പുമുറിയുടെ ജാലകത്തിൽ കൂടി വലിയ വെളിച്ചം എന്റെ മുഖത്ത് പതിച്ചു. ഞാൻ ഞെട്ടി ഉണർന്നിട്ട് എവിടെ നിന്നുമാണ് ഈ വെളിച്ചത്തിന്റെ ഉറവിടം എന്നറിയാൻ ജാലകപ്പടിയിൽ പിടിച്ച് തെളിഞ്ഞ ആകാശത്തിലേക്ക് കണ്ണയച്ചു.

വലിയ ഒരു നക്ഷത്രം തെക്കേ ആകാശത്ത് മിന്നി മിന്നി നിൽക്കുന്നു. എന്നെ കണ്ട് അത് എന്റെ അടുത്തേക്ക് വരുന്നതായി തോന്നി. വെളിച്ചത്തിന്റെ തീക്ഷ്ണത കൂടിക്കൂടി വരുന്നു. ഞാൻ കണ്ണുകൾ അടച്ച് കൈകൾ ആകാശത്തിലേക്ക് ഉയർത്തി.

നക്ഷത്ര വെളിച്ചം എന്നെ വലയം ചെയ്തു. കിടപ്പുമുറി വെളിച്ചത്തിൽ വെട്ടിത്തിളങ്ങി. നമ്മുടെ കടിക്കയിലേക്ക് ഞാൻ മറിഞ്ഞു വീണു. മുറിഞ്ഞുപോയ സ്വപ്നത്തിൽ വീണ്ടും ഞാൻ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച്, പ്രകാശവേഗത്തിൽ, ആ മിന്നിത്തിളങ്ങുന്ന താരത്തിന്റ അടുത്തേക്ക് യാത്ര തുടങ്ങി....

(കുഞ്ഞാന്റിയുടെ ഓർമ്മകൾ അങ്കിൾ അയവിറക്കുമ്പോൾ... വേദനയില്ലാത്ത പറുദീസയിലേക്ക് യാത്രപറഞ്ഞു പോയ കുഞ്ഞാന്റിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.)