നീരാടുവാൻ നിളയിൽ നീരാടുവാൻ   നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ? : ഹൃദയരാഗം, മോഹൻദാസ്

Nov 21, 2026 - 06:33
Nov 21, 2026 - 06:34
 0  16
നീരാടുവാൻ നിളയിൽ നീരാടുവാൻ   നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ? : ഹൃദയരാഗം, മോഹൻദാസ്
നീരാടുവാൻ നിളയിൽ നീരാടുവാൻ 
 നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ ? 
ഹരിഹരന്‍റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. 
ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ. 
ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.
ചിത്രത്തിന്‍റെ ആത്മാവിനൊപ്പം സഞ്ചരിച്ച ഗാനങ്ങളാണ് ‘നഖക്ഷതങ്ങളെ’ അനശ്വരമാക്കുന്നതിൽ നിർണായകമായത്. ഒ.എൻ.വിയുടെ  ഹൃദയത്തിൽ തൊടുന്ന വരികൾക്ക് ബോംബെ രവി ഈണം പകർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് കാലാതീതമായ സംഗീതമുഹൂർത്തങ്ങൾ. പ്രത്യേകിച്ച്, ദാസേട്ടന്‍ പാടിയ നീരാടുവാൻ നിളയിൽ നീരാടുവാൻ 
 നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ ? 
നിള എന്ന രണ്ടക്ഷരങ്ങളില്‍ മെല്ലെ ഒന്നു വിരലോടിച്ചാല്‍പ്പോലും മനസ്സില്‍ ഒരു കവിതയുടെ കോരിത്തരിപ്പ് ആര്‍ദ്രമായി അനുഭവപ്പെടും. 
നിളയില്‍ നീരാടുവാന്‍ നീ  വൈകിയതെന്തേ എന്ന പ്രണയാര്‍ദ്രമായ ചോദ്യം എത്ര കാവ്യാത്മകമാണ്.
വീണ്ടും വീണ്ടും കാണാന്‍ മോഹിക്കുന്ന പ്രിയപ്പെട്ട മുഖം പോലെയാണ് നീരാടുവാന്‍ എന്ന ഗാനം.

 ഈറനാം വെണ്ണിലാവിൻ പൂമ്പുടവയഴിഞ്ഞൂ 
 ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു 
 പൂമ്പുടവ തുമ്പിലെ കസവെടുത്തു 
 പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ 
ഈറന്‍നിലാവിന്‍റെ പുടവയഴിയുമ്പോള്‍
ചന്ദനക്കുളിരണിയുന്ന നദിയിലെ ഓളങ്ങളും പൂമ്പുടവത്തുമ്പിലെ കസവെടുത്ത് മുടിയില്‍ 
വെയ്ക്കുന്ന കന്യകമാരും അതിമോഹനമായ 
ഒരു ചിത്രമാണ്.
ആതിരപ്പൂ ചൂടുന്ന മണല്‍ത്തിട്ടും കാറ്റില്‍ ഉലയുന്ന ആറ്റുവഞ്ഞിപൂക്കളും  ആരെയോ മന്ത്രമോതി ഉണര്‍ത്തുന്ന
ആലിന്‍കൊമ്പത്തെ ഗന്ധര്‍വ്വനും ഒരു വിസ്മയിപ്പിക്കുന്ന ലോകത്തേക്കു നയിക്കുന്നു.
 ആറ്റുവഞ്ഞിപൂക്കളും  കാറ്റിലാടിയുലഞ്ഞു , 
 ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ 
 ആലിന്‍റെ കൊമ്പത്തെ ഗന്ധർവനോ 
 ആരെയോ മന്ത്രമോതി ഉണർത്തിടുന്നു 
വസന്തം മനസ്സിൽ വിടരുന്ന 
അനുഭൂതിയാണ് ഈ ഗാനം. ഈ പാട്ടിലൂടെ  മോനിഷയുടെ രൂപം മനസില്‍  തെളിയുന്നു.
പൂന്തിങ്കള്‍ മുഖം നോക്കുന്ന നിളയിലെ ഓളങ്ങളില്‍ ഗാനം ഒഴുകിയൊഴുകിയെത്തുന്ന മനോഹരമായ നിമിഷം.
ഇന്നും മലയാളിയുടെ ഗൃഹാതുരത്വത്തിന്‍റെ സംഗീതസ്മരണയാണ് നീരാടുവാന്‍ എന്ന ഗാനം.
ഒരു സിനിമ എന്നതിലുപരി, പ്രണയവും സംഗീതവും ഓർമ്മകളും ചേർന്നൊരുക്കിയ കാലാതിവർത്തിയായൊരു കാവ്യാനുഭവം… അതാണ് ഇന്നും ‘നഖക്ഷതങ്ങൾ’.
 
കെ. ആര്‍  മോഹൻദാസ്