ലോക്സഭാ സീറ്റ് എല്ലാ സംസ്ഥാനത്തും 50% കൂടും: വനിതാ സംവരണ-മണ്ഡല പുനർനിർണയ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: എല്ലാ സംസ്ഥാനത്തെയും ലോക്സഭാ സീറ്റ് ഒരേ അനുപാതത്തിൽ 50 ശതമാനം വർധിപ്പിക്കാനുള്ള, മണ്ഡല പുനർനിർണയവുമായി (ഡീലിമിറ്റേഷൻ) ബന്ധിപ്പിച്ച പുതിയ വനിതാ സംവരണ ബില്ലിനു കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി.
അടുത്ത ആഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗം ഉച്ചയ്ക്ക് ഒന്നിനു സേവാ തീർഥിൽ ചേർന്നു.
ജനസംഖ്യ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തിയും എണ്ണവും പുനർനിർണയിക്കുന്നതിനെയാണു ഡീലിമിറ്റേഷൻ എന്നു പറയുന്നത്.
ഒരു സംസ്ഥാനത്തിനും മറ്റു സംസ്ഥാനങ്ങളുടെ അനുപാതത്തിൽ ലോക്സഭയിലെ പ്രാതിനിധ്യം കുറയാതിരിക്കാൻ ചില ഭേദഗതികളോടെയാണു മന്ത്രിസഭ ബിൽ അംഗീകരിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാനാണു ഓരോ സംസ്ഥാനത്തിനും 50 ശതമാനം വർധന നൽകാൻ സർക്കാർ സമ്മതിച്ചത്.
2051 വരെ മാറ്റമില്ല: സീറ്റ് എണ്ണത്തിനു 2051 വരെ മരവിപ്പുണ്ടാകും.
2011 സെൻസസ്: വർധിപ്പിച്ച സീറ്റ് പുനർനിർണയിക്കാൻ 2011ലെ സെൻസസാണ് ഉപയോഗിക്കുക. ഓരോ സംസ്ഥാനത്തിനുമുള്ള സീറ്റ് എണ്ണത്തിൽ മാറ്റം വരുത്താതെ പാർലമെന്ററി മണ്ഡലങ്ങൾ പുനർനിർണയിക്കാനാണു നിർദേശമെന്ന് വൃത്തങ്ങൾ പറഞ്ഞു.
850 വരെ: ഭേദഗതി പ്രകാരം ലോക്സഭയുടെ അംഗസംഖ്യ നിലവിലെ 543ൽനിന്ന് പരമാവധി 850 വരെയാകാം.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം 2029ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപു നടപ്പാക്കാൻ ഇതു വഴിയൊരുക്കുമെന്നാണു ഭരണപക്ഷത്തിന്റെ വിശദീകരണം.
ഏപ്രിലിലെ പ്രത്യേക സമ്മേളനത്തിൽ സർക്കാർ സമാന ബിൽ കൊണ്ടുവന്നെങ്കിലും ലോക്സഭയിൽ ആവശ്യമായ അംഗബലം ഇല്ലാത്തതിനാൽ അതു പാസാക്കാനായില്ല. ഇപ്പോൾ ബിൽ പാസാക്കാനുള്ള അംഗബലം തങ്ങൾക്കുണ്ടെന്നാണു സർക്കാരിന്റെ അവകാശവാദം.
ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഡിഎംകെ, എൻസിപി, ബിആർഎസ് എന്നീ പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കുമെന്നാണു വൃത്തങ്ങളുടെ വിലയിരുത്തൽ.
പ്രതിപക്ഷമായ ഇന്ത്യ സഖ്യം ബില്ലിനെ എതിർക്കുകയാണ്