അധ്യായം 8
"ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു വരദേ. എനിക്ക് റിട്ടയർമെന്റ് ആയി .ഉടൻ തന്നെ നാട്ടിൽ വന്ന് നിന്നോടും പിള്ളേരോടുമൊപ്പം സുഖമായി കൂടാമെന്ന് വിചാരിക്കുന്നു."
ആ വാക്കുകൾ തനിക്കും ആഹ്ളാദകരമായിരുന്നു. രാജീവേട്ടൻ വന്നാൽ പിന്നെ എല്ലാറ്റിനും തനിക്ക് സഹായമായിത്തീരും.. കുട്ടികളുടെ കാര്യത്തിലും അദ്ദേഹം ശ്രദ്ധിക്കുമായിരിക്കും. അതുകൊണ്ട് ചിന്നുവിന്റെ ഹോസ്റ്റൽ വാസത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ തീരുമാനിച്ച് അതിനെപ്പറ്റി ഒന്നും പറയാതിരുന്നു. അപ്പോൾ മറുതലക്കൽ അദ്ദേഹത്തിന്റെ സ്വരം കേട്ടു.
" നീ എന്താ ഒന്നുംപറയാത്തത് .ഞാൻ നാട്ടിലേക്കു വരുന്നതിൽ നിനക്ക് സന്തോഷമില്ലേ?"
ആചോദ്യം കേട്ട് ഒന്നു ഞെട്ടി. പെട്ടെന്ന് പറഞ്ഞു.
"രാജീവേട്ടൻ വന്നാൽ അത് എനിക്ക് ഒത്തിരി ആശ്വാസമല്ലേ ? പ്രത്യേകിച്ച് നമ്മുടെ കുട്ടികളുടെ കാര്യത്തിൽ .ഇപ്പോൾ തന്നെ ഇവളും മിന്നുവും കൂടി വഴക്കിടുന്നതു കണ്ട് ഞാൻ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. മിന്നുവിനെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാം എന്നു വിചാരിക്കാം. പക്ഷെ ചിന്നു ....അവളെ ഏതു രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കേണ്ടതെന്നറിയാതെ ഞാൻ വിഷമിക്കുകയാണ്.,".
എന്റെ സ്വരത്തിൽ തേങ്ങൽ കലർന്നിരുന്നു. അതുകേൾക്കെ രാജീവേട്ടൻ പറഞ്ഞു.
" ഞാൻ അങ്ങോട്ട് വരട്ടെ. ചിന്നുവിനെ ഏതു രീതിയിൽ കൊണ്ടുപോകണമെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം.
പിന്നെ നീ ചിന്നുവിനെ ഒരുപാട് ലാളിച്ചു വഷളാക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു. അതു വേണ്ട. ആവശ്യത്തിന് അവളെ ശാസിക്കണം. എന്നാലെ കാര്യങ്ങൾ അവൾക്ക് മനസ്സിലാവൂ. പിന്നെ ഞാൻ വന്ന ശേഷം നമ്മുടെ വീടിന്റെ പണി പൂർത്തിയാക്കി അങ്ങോട്ട് മാറണം.ശരി ഞാനിപ്പോൾ വയ്ക്കുകയാണ്. എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി.."
അങ്ങനെ പറഞ്ഞ് രാജീവേട്ടൻ ഫോൺ ഡിസ്കണക്ട് ചെയ്തു. അപ്പോൾ ഇനിയും പൂർത്തിയാകാത്ത തങ്ങളുടെ വീടിനെക്കുറിച്ചോർത്തു. രാജീവേട്ടന്റെ റിട്ടയർമെന്റ് ബനിഫിറ്റിൽ നിന്നും വേണം അതിനുള്ള പണം കണ്ടെത്താൻ. മുകൾ നിലയുടെ വാർക്കപ്പണികൾ ഇനിയും നടക്കാനുണ്ട്. വിചാരിച്ചതിലും കൂടുതൽ വലുപ്പം വീടിനുണ്ടാകുന്നതിൽ അദ്ദേഹം സന്തോഷിക്കുന്നതായി തോന്നിയിരുന്നു. പുതുതായികൈവരുന്ന സാമ്പത്തിക നേട്ടങ്ങൾ അതിനു മുതൽക്കൂട്ടാക്കുന്നതിൽ അദ്ദേഹത്തിനു വിഷമമുണ്ടാവുകയില്ല.
എയർഫോഴ്സിലെ ഓഫീസർ കേഡറിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേട്ടമായി അദ്ദേഹം അതിനെ കാണും
അല്ലെങ്കിൽ തന്നെ പൈസ ചിലവാക്കുന്ന കാര്യത്തിൽ രാജീവേട്ടന് ഒരു നിയന്ത്രണവുമില്ല. കിട്ടുന്ന സമയങ്ങളിലെല്ലാം ഭൗതിക സുഖങ്ങളുടെ കാട്ടരുവിയിൽ ആണ്ടു മുങ്ങുന്നത് അദ്ദേഹത്തിനെന്നും ഹരമായിരുന്നല്ലോ എന്നും ഓർത്തു. ആ നദീപ്രവാഹത്തിൽ നിലകിട്ടാതെ മുങ്ങിപ്പോയാലോ എന്ന് അയാൾ ചിന്തിക്കാറില്ല.മുന്നും പിന്നും നോക്കാതുള്ള ആ എടുത്തു ചാട്ടങ്ങൾ എന്നും തനിക്ക് പകപ്പോടെ നോക്കി നില്ക്കാനല്ലെ കഴിഞ്ഞിട്ടുള്ളൂ എന്നും ചിന്തിച്ചു.
അല്പം കഴിഞ്ഞ് മിന്നു ശരീരം വേദനിക്കുന്നു എന്നു പറഞ്ഞ് കരഞ്ഞു കൊണ്ട് ഓടിവന്നു.കരച്ചിലിനിടയിൽ അവൾ പറഞ്ഞു.
" . അച്ഛൻ വരട്ടെ. എല്ലാം പറഞ്ഞു കൊടുത്ത് ഞാൻ ചിന്നുവിന് നല്ല അടിവാങ്ങിക്കൊടുക്കുന്നുണ്ട്"
"സാരമില്ല മോളെ...നിന്റെ ചേച്ചിയല്ലേ ? അവൾക്ക് സുഖമില്ലാഞ്ഞിട്ടല്ലേ ."
അങ്ങനെ പറഞ്ഞ് അവളെ അടുത്തു പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.ശരീരവേദനക്കുള്ള ഓയിൻമെന്റ് വാത്സല്യപൂർവ്വം പെരട്ടിക്കൊടുത്തു.
മുതിർന്നവർ വളമിട്ട് , കുട്ടികൾക്കിടയിൽ വളർന്നു വരുന്ന സ്പർദ്ധയെന്ന കാരമുള്ളിനെക്കുറിച്ചോർത്ത് മന:സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
മുറ്റത്ത് എന്തോ തട്ടിമറിയുന്ന ഒച്ച കേട്ടാണ് രാവിലെ ചെന്നു നോക്കിയത് . അപ്പോൾ ഒരു ചെടിച്ചട്ടി താഴെ വീണു കിടക്കുന്നതാണ് കണ്ടത്. നോക്കുമ്പോൾ ചിന്നു ഒരു തുമ്പിയുടെ പുറകേ പായുന്നതിനിടയിൽ തട്ടിമറിച്ചിട്ടതാണ് അത്.
"പത്തി..പത്തി..." എന്ന് തിരിയാത്ത ഭാഷയിൽ പറഞ്ഞു കൊണ്ട് അതിനു പുറകേ അവൾ ഓടുന്നുമുണ്ട്.
അതുകണ്ട് അവളുടെ പുറകേ ഓടിച്ചെന്നു. പക്ഷെ അവൾ വളരെ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത്. ഒരു കൊച്ചു കുട്ടിയെപ്പോലെ ആ തുമ്പിയെ കൈക്കുള്ളിൽ ഒതുക്കുവാനുള്ള വെപ്രാളമായിരുന്നു അവൾക്ക് .
അവൾ ഓടിച്ചെന്നു നിന്നത് തങ്ങൾ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുന്നിലാണ്. അവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിലോ ഇഷ്ടികയിലോ തടഞ്ഞ് അവൾ വീണാലോ എന്ന് ഒരുനിമിഷം അമ്പരന്നു .പെട്ടെന്നാണ് ആ കാഴ്ചകണ്ടത്.
അവളുടെ പാവാടയുടെ പിന്നിലായി ചോരകൊണ്ട് ഒരു വൃത്തം ആരോ വരച്ചുവച്ചിരിക്കുന്നു.
.പെൺകുട്ടികൾ ഋതുമതിയാകുമ്പോഴുള്ള ആർത്തവ രക്തമാണ് അതെന്ന് മനസ്സിലായി. പ്രായത്തേക്കാൾ കവിഞ്ഞ വളർച്ചയുളളതുകൊണ്ടാകാം അവൾ ഇത്രപെട്ടെന്ന് വയസ്സറിയിച്ചത് .
ചിന്നു ഋതുമതിയായിരിക്കുന്നു എന്നറിഞ്ഞ് സന്തോഷവും, സങ്കടവും ഒരുപോലെ എന്നെ ഗ്രസിച്ചു. പെൺകുട്ടികൾ ആദ്യമായി ഋതുമതിയാകുമ്പോൾ അമ്മമാർ അനുഭവിക്കുന്ന അതേ സന്തോഷ സമ്മിശ്രവികാരങ്ങളാണ് മനസ്സിൽ ആദ്യം അലതല്ലിയത്. എന്നാൽ അതേ സമയത്തു തന്നെ ഏതോ സങ്കടം വന്നു നിറഞ്ഞ് തിക്കുമുട്ടി.
ഒരു ഓട്ടിസ്റ്റിക്ക് കുട്ടിയെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ഓർത്തു. ഇപ്പോൾ ത്തന്നെ അവളുടെ പാവാട മുഴുവൻ ആർത്തവ രക്തത്തിൽ കുതിർന്നു കഴിഞ്ഞു .ഇനിയും തുമ്പിയുടെ പുറകേ ഓടുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചില്ലെങ്കിൽ അത് കുഴപ്പമാണെന്ന് മനസ്സിലായി. അതുകൊണ്ടു തന്നെ സർവ്വശക്തിയുമെടുത്ത് മുന്നോട്ടു കുതിച്ച് അവളെ പിടിച്ചുനിർത്തി പറഞ്ഞു.
"നമുക്കീ പാവാട മാറ്റാം"
ഒന്നും മനസ്സിലാകാതെ അവൾ എന്റെ നേരേ നോക്കി. എന്നിട്ട് എന്റെ കൈവിടുവിച്ച് വീണ്ടും ഓടുവാൻ ഭാവിച്ചു. അപ്പോൾ ഞാനവളെ മുറുകെപ്പിടിച്ചു കൊണ്ട് "ജാനകിയമ്മെ"യെന്ന് വിളിച്ചു കൂവി. അതു കേട്ട് അടുക്കളയിൽ നിന്ന് ജാനകിയമ്മ ഓടിവന്നു.
"ഉം... എന്തുപറ്റി കുഞ്ഞേ.."
ജാനകിയമ്മയുടെ ചോദ്യം കേട്ട് വല്ലാതെ പരിഭ്രമിച്ച ഭാവത്തിൽ ഞാൻ പറഞ്ഞു.
"നോക്ക് ജാനകിയമ്മേ.. മിന്നുമോളുടെ പാവാട മുഴുവൻ വൃത്തികേടായി. "
അവർ മോളുടെ അടുത്തു ചെന്ന് നോക്കിയപ്പോൾ പാവാടയുടെ പുറകു വശം മുഴുവൻ രക്തത്തിൽ കുതിർന്നിരിക്കുന്നത് കണ്ടു. കാര്യം പിടികിട്ടിയ അവർ അല്പം വെപ്രാളത്തോടെ എന്നാൽ സന്തോഷത്തോടെ എന്റെ അടുത്തെത്തി.
" ഇത് ചിന്നുമോള് വയസ്സറിയിച്ചതാണല്ലോ കുഞ്ഞേ "
" അതെ ജാനുവമ്മേ. അവൾക്കതറിയില്ലല്ലോ. എത്രയും പെട്ടെന്ന് അവളെ പിടിച്ചു കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കണം.എന്നിട്ട് പുതിയ ഡ്രസ്സ് ധരിപ്പിച്ച് അടിവസ്ത്രവും മാറ്റി ഉടുപ്പിക്കണം."
ഞങ്ങൾ ഇത് പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു തന്നെ അവൾ പക്കിയുടെ പുറകെയുള്ള ഓട്ടം തുടർന്നു. ബലിക്കല്ലിൽ ആരോ കോരി ഒഴിച്ച ഗുരുതി രക്തം പോലെ ആർത്തവരക്തം അവളുടെ തുടയിലൂടെ ഒഴുകി, അവിടെയെല്ലാം തുളുമ്പിവീണുകൊണ്ടിരുന്നു. അവളെ പിടിച്ചുനിർത്തുവാനുള്ള ഞങ്ങളുടെ പരിശ്രമങ്ങളെല്ലാം പാഴായി. ഒടുവിൽ അണപൊട്ടി ഒഴുകിയെത്തിയ ദുഃഖം നിയന്ത്രിക്കാനാവാതെ ഞാൻ പറഞ്ഞു.
" കണ്ടില്ലേ ജാനുവമ്മേ , തന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് അവൾക്ക് ഒന്നുമറിയില്ല. ഈശ്വരൻ എന്റെ കുട്ടിയെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണാവോ"
ദുഃഖത്തിന്റെ അലകൾ ജാനകിയമ്മയിലും പ്രകടമായെങ്കിലും അവർ ആശ്വസിപ്പിക്കാനായി പറഞ്ഞു
" കുഞ്ഞു വിഷമിക്കരുത്. എല്ലാം ശരിയാകും .നമുക്കിപ്പോൾ ചിന്നു മോളെ പിടിച്ചു കൊണ്ടു പോയി കുളിപ്പിക്കാം."
അല്പനേരത്തെ പരിശ്രമത്തിൽ അവളെ കൈപ്പിടിയിൽ ഒതുക്കി കുളിമുറിയിലേക്ക് എത്തിച്ചു. പക്കിയെ പിടിച്ചു തരാം എന്ന് പറഞ്ഞാണ് അവളെ വരുതിയിൽ കൊണ്ടുവന്നത്. എങ്കിലും ഒരു കൊച്ചു കുട്ടിയെപ്പോലെ ചിണുങ്ങുകയും, ഞങ്ങളുടെ കൈവിടുവിച്ച് ഓടിപ്പോകുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു
അവളെ മുറുകെപ്പിടിച്ച് കുളിമുറിയിൽ ഷവറിന്റെ കീഴിൽ നിർത്തി കുളിപ്പിച്ചു. രക്തത്തിൽ കുതിർന്ന പാവാടയും അടിവസ്ത്രങ്ങളും മാറ്റി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു . എല്ലാം കഴിഞ്ഞപ്പോൾ ഏതോ നവോന്മേഷം വീണ്ടുകിട്ടിയത് പോലെ അവൾ ചിരിച്ചു കൊണ്ടിരുന്നു. തന്നിൽ പുതിയതായി എന്തോ മാറ്റമുണ്ടായതായി അവൾക്കും തോന്നിയിരിക്കാം. ഒരു പക്ഷെ പ്രകൃതിമാതാവ് തന്നെ അതവളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതുമാവാം എന്ന്
എനിക്കു തോന്നി.
" എന്റെ പൊന്നു മോൾ മിടുക്കി ആയല്ലോ . ."
അത് കേട്ട് ഇഷ്ടപ്പെട്ടത് പോലെ അവൾ കൈകൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കി.അപ്പോൾ അവളുടെ ശ്രദ്ധ തിരിക്കാനായി പറഞ്ഞു.
"മുറിയിൽ ചെന്നാൽ ചോക്ലേറ്റ് തരാം "
അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി .
ചിലപ്പോഴെല്ലാം ഞാൻ പറയുന്നത് അവൾക്ക് മനസ്സിലാവാറുണ്ട്. അപ്പോഴെല്ലാം അല്പംബുദ്ധി അവൾക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവളെ ക്രമേണ ഒരു സാധാരണകുട്ടിയാക്കാം എന്ന തോന്നൽ എന്നിൽ ബലപ്പെടാറുണ്ട്.
പെട്ടെന്ന് ജാനുവമ്മ പറഞ്ഞു.
"കുഞ്ഞെ ഈ സമയത്ത് ചിന്നു മോൾക്ക് വേണ്ടതെല്ലാം നമ്മൾ ചെയ്യണം. ഇഷ്ടമുള്ളതെല്ലാം കൊടുക്കണം. എന്തെങ്കിലും മധുരപലഹാരങ്ങൾ വാങ്ങിക്കൊടുക്കണം കുഞ്ഞെ .പിന്നെ ഏഴാം നാൾ കണ്ണെഴുതിച്ച് പൊട്ടുകുത്തി നിലവിളക്കിനു മുമ്പിൽ...."
ജാനുവമ്മ വിവരണം തുടർന്നപ്പോൾ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു.
"അതു വേണ്ട ജാനുവമ്മേ .പഴയ ആചാരങ്ങളൊന്നും ഇപ്പോൾ ആരും പിന്തുടരാറില്ല"
ചിന്നുവിന്റെ കാര്യത്തിൽ അത്തരം ചടങ്ങുകളൊന്നും വേണ്ടെന്നുതന്നെ മനസ്സു പറഞ്ഞു. ഒന്നാമതായി ചടങ്ങുകളോട് അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.
"എങ്കിൽ ഈ സന്തോഷവർത്തമാനം ഞാൻകുഞ്ഞിന്റെ അമ്മായിയമ്മയെക്കൂടി അറിയിക്കട്ടെ ."
അത് കേട്ടപ്പോഴും തടഞ്ഞുകൊണ്ട് പറഞ്ഞു
" അത് വേണ്ട ജാനുഅമ്മേ.രാജീവേട്ടന്റെ അമ്മക്ക് ഇതുകേട്ടാൽ വലിയ സന്തോഷം ഒന്നും ഉണ്ടാവുകയില്ല. മാത്രമല്ല അവർ ചിന്നുവിനെ പ്രാകുകയും ചെയ്യും. അവൾക്ക് ഒരു നല്ല കാര്യം സംഭവിച്ച ഈ സമയത്ത് അത് വേണ്ട. അവളുടെ അച്ഛമ്മക്ക് അവളെ എന്നെങ്കിലും മനസ്സുകൊണ്ട് അനുഗ്രഹിക്കാനാവുമ്പോൾ മതി.
എന്റെ വാക്കുകൾ കേട്ട് ജാനുവമ്മ പറഞ്ഞു
" അത് ശരിയാ കുഞ്ഞേ . ആ തള്ള പ്രാകി ഈ കൊച്ചിനെ ഇല്ലാതാക്കും. ഇങ്ങനെയൊരു അച്ഛമ്മയെ ഞാൻ എങ്ങും കണ്ടിട്ടില്ല."
ജാനുഅമ്മയുടെ വാക്കുകൾ മനസ്സിനെ വിഷാദ പൂർണ്ണമാക്കാതിരിക്കുവാൻ ശ്രമിക്കുകയായിരുന്നു.
അപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് സ്വയം വയസ്സറിയിച്ച ദിനമായിരുന്നു. അമ്മയില്ലാത്ത എനിക്ക്
വേണ്ടുവോളം സ്നേഹവും പരിചരണവും ലഭിച്ചത് മുത്തശ്ശിയിൽ നിന്നായിരുന്നു. അമ്മയുടെ അമ്മ.
ഏഴാംനാൾ മഞ്ഞൾ തേച്ച് കുളിപ്പിച്ച് നിലവിളക്കിനു മുമ്പിൽ അണിയിച്ചൊരുക്കി ഇരുത്തി,മധുരപലഹാരങ്ങൾ വായിൽ വച്ചു തരുമ്പോൾ മുത്തശ്ശി വാൽസല്യത്തോടെ പറഞ്ഞ വാക്കുകളും മനസ്സിലേക്കോടിയെത്തി
"എന്റെസുന്ദരി മോൾക്ക് ഒരു രാജകുമാരനെത്തന്നെ കിട്ടും. നിന്റെ കല്യാണം കണ്ടിട്ടേ ഈ മുത്തശ്ശി സ്വർഗ്ഗത്തേക്ക് പോകുകയുള്ളൂ..."
അറിയാതെ നിറഞ്ഞ കണ്ണുകൾ ജാനുവമ്മ കാണാതെ തുടച്ചു നീക്കുവാൻ ശ്രമിച്ചു.പക്ഷെ ജാനുവമ്മ അത് കണ്ടു കഴിഞ്ഞിരുന്നു. എന്തുപറ്റി കുഞ്ഞേ എന്ന അവരുടെ ചോദ്യത്തിന്
" ഒന്നുമില്ല ജാനുവമ്മേ . ഞാൻ എന്റെ മുത്തശ്ശിയെ ഓർത്തുപോയി. മുത്തശ്ശിക്ക് എന്നോട് എന്തു സ്നേഹമായിരുന്നു"
" ആ ഭാഗ്യം ചിന്നു മോൾക്ക് കിട്ടിയില്ലല്ലോ കുഞ്ഞേ"
ജാനുഅമ്മയും വിഷണ്ണയായി.
" സാരമില്ല ജാനുവമ്മേ . അവൾക്ക് മുത്തശ്ശിയെപ്പോലെ സ്നേഹിക്കാൻ ജാനുവമ്മ അടുത്തുണ്ടല്ലോ. "
അങ്ങനെ പറഞ്ഞ് വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അവരെ നോക്കി
"ശരിയാ കുഞ്ഞേ .ചിന്നു മോൾ എനിക്കെന്റെ പേരക്കുട്ടിയെപ്പോലെ തന്നെയാണ് .കുഞ്ഞ് എന്റെ മകളും...."
അവർ വികാരാധീനയായി പറഞ്ഞു.
"എനിക്ക് എന്റെ മക്കളിൽ നിന്നും ലഭിക്കാത്ത ഭാഗ്യമാ ഞാനിപ്പോ അനുഭവിക്കുന്നത്."
അവർ കരയാൻ തുടങ്ങുന്നത്കണ്ട് വിഷയം മാറ്റുവാനായി പറഞ്ഞു.
."ഉടനെ ഇക്കാര്യം രാജീവേട്ടനെ
വിളിച്ച് അറിയിക്കാൻ ഞാൻ പോകുകയാണ് ജാനുവമ്മേ"
അങ്ങനെ പറഞ്ഞ് തിരിഞ്ഞു നടന്നു. മുറിക്കകത്ത് എത്തി മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് രാജീവേട്ടന്റെ നമ്പർ ഡയൽ ചെയ്തു..
അപ്പുറത്ത് ഫോൺ റിങ്ങ് ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല എന്നറിഞ്ഞു. അല്പം നേരം കൂടി കാത്തു നിന്ന ശേഷം ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് അഞ്ചു മണിക്ക് എഴുന്നേറ്റ് കുളിച്ചു .കിടപ്പു മുറിയുടെ ചുവരിൽ മാലയിട്ടു തൂക്കിയിരുന്ന അച്ഛന്റേയും, അമ്മയുടേയും ഫോട്ടോക്കു മുന്നിൽപതിവുപോലെ വിളക്കു കത്തിച്ച് ഒരു നിമിഷം നിശ്ശബ്ദയായി പ്രാർത്ഥിച്ചു.
അച്ഛനമ്മമാരുടെ അനുഗ്രഹം ദൈവതുല്യമാണെന്ന് കരുതിയിരുന്നു. പ്രാർത്ഥിക്കുമ്പോൾ മനസ്സ് അറിയാതെ തേങ്ങി.
."അമ്മേ...അച്ഛാ...എന്റെ ചിന്നു വയസ്സറിയിച്ചിരിക്കുന്നു. ഒരു മുതിർന്ന പെണ്ണായി മാറിക്കൊണ്ടിരിക്കുന്ന അവൾക്ക് ഈ ലോകത്തെപ്പറ്റി ഒന്നുമറിയില്ല..അവൾക്കു തുണയായി എന്നുമുണ്ടാകണേ..."
പ്രാർത്ഥനക്കു ശേഷവും ചില ആകുലചിന്തകൾ തിരമാലകൾ പോലെ മനസ്സിലേക്ക് ആർത്തലച്ചു വന്നു.
ചിന്നുവിന് പത്തു വയസ്സായി. ഇപ്പോഴിതാ അല്പം നേരത്തേ ഋതുമതിയും .ഓട്ടിസം ബാധിച്ച അവൾക്ക് ആ പ്രായത്തിലുള്ള കുട്ടികളേക്കാൾ വളർച്ചയുണ്ട്. രാജീവേട്ടൻ എയർഫോഴ്സിലായതുകൊണ്ട് അവളെ എന്നും കാണേണ്ടിവരുന്നില്ല. പെൺകുട്ടിയായ അവൾ കൺമുന്നിൽ വളരുന്നത് കാണുന്തോറും എന്റെ നെഞ്ചു പൊടിയുകയാണ്.
അറിയാതെ ഓർത്തു തേങ്ങി.
.
ഒഴുകിയിറങ്ങിയ കണ്ണുനീർ സാരിത്തുമ്പ് കൊണ്ട് തുടച്ചുനീക്കി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ഗ്യാസ് ഓൺ ചെയ്ത് എല്ലാവർക്കും ചായയ്ക്കുളള വെള്ളം വച്ചശേഷം കുട്ടികളുടെ ബെഡ്റൂമിലേക്ക് എത്തി.
ചിന്നു നാലു വയസ്സുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നു. തലേന്ന് വരച്ചു കൊണ്ടിരുന്ന പേപ്പറും പെൻസിലും മേശപ്പുറത്ത് അടുക്കി വച്ചിട്ടുണ്ട്. അവൾക്ക് ഈയിടെ സ്കൂളിൽ നിന്നും കിട്ടിയ പരിശീലനമാണത്.അപ്പുറത്ത് മറ്റൊരു കട്ടിലിൽ മിന്നുവും ഗാഢ ഉറക്കത്തിലാണ്
ചിന്നുവിന്റെ പാവാടയിൽ രക്തക്കറ പുരണ്ടിട്ടുണ്ട്. അത് മിന്നു കാണാതിരിക്കാൻ ഒരു ഷീറ്റെടുത്ത് അവളെ മൂടിപ്പുതപ്പിച്ചു. അപ്പോളോർത്തു. ഇനി മുതൽ മിന്നുവിനെ അപ്പുറത്ത് അമ്മയുടെ മുറിയിൽ കിടത്തണം.
പെട്ടെന്നോർത്തു.മിന്നുവിന്റെ സ്ക്കൂൾ ബസ് അല്പസമയത്തിനുള്ളിൽ എത്തും. അതിനു മുമ്പ് അവളെ വിളിച്ചുണർത്തി പ്രഭാതകൃത്യങ്ങൾ ചെയ്യിക്കണം.
മിന്നുവിന്റെ അടുത്തു ചെന്ന് അവളെ കുലുക്കി വിളിച്ചു. ഏഴു മണിക്ക് അവൾക്ക് കുളിച്ചു റഡിയാവണം. ഇപ്പോൾ തന്നെ മണി ആറു കഴിഞ്ഞു.
കുലുക്കി വിളിച്ചപ്പോൾ മിന്നു ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.
"പ്ലീസ് അമ്മേ .. ഇച്ചിരി നേരം കൂടി ഉറങ്ങിക്കോട്ടെ . "
"മിന്നൂ മണി ആറായി .വേഗം എണീറ്റ് ടോയ്ലറ്റിൽ പോയി എല്ലാം ചെയ്ത് സ്ക്കൂളിൽ പോകാൻ നോക്ക്. ഇല്ലെങ്കിൽ എന്റെ കയ്യീന്ന് വാങ്ങിക്കുമേ"
"ശരി അമ്മേ... ഞാൻ എണീക്കാം ...."
അങ്ങനെ പറഞ്ഞ് അവൾ ഉറക്കച്ചടവോടെ കിടക്കയിൽ എഴുന്നേറ്റിരുന്നു. അവളെ നിർബ്ബന്ധപൂർവ്വം പിടിച്ച് എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് പറഞ്ഞുവിട്ടു.
"വേഗം ടോയ്ലറ്റിൽ പോയി പല്ലുതേച്ചു വാ. ചായ തരാം "
അല്പം മടിയോടെയാണെങ്കിലും ബാത്റൂമിൽ കടന്ന് അവൾ വാതിലടക്കും മുമ്പ് എന്നെനോക്കിപ്പറഞ്ഞു.
"ഹും... അമ്മ എന്നെ മാത്രേ വഴക്കുപറയത്തൊള്ളൂ. നോക്കിയെ ചിന്നു പോത്തുപോലെ കിടന്ന് ഉറങ്ങുന്നത്. അമ്മയെന്താ അവളെ വിളിക്കാത്തെ ? "
"അവൾക്കിന്ന് സ്ക്കൂളിലൊന്നും പോകണ്ടല്ലോ "എന്റെ വാക്ക് കേട്ട് മിന്നു അത്ഭുതത്തോടെ ചോദിച്ചു
.
" അതെന്താ ചിന്നു ഇന്ന് സ്കൂളിൽപ്പോകാത്തേ. അവൾക്കിന്ന് ഹോളിഡേ അല്ലല്ലോ."
അപ്പോൾ ചിന്നു ഋതുമതിയായ കാര്യം മിന്നുവിനെ അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. കൊച്ചു കുട്ടിയായതുകൊണ്ട് പറഞ്ഞാലും അവൾക്ക് ഇപ്പോൾ അതു മനസ്സിലായി എന്നു വരില്ല.
"ചിന്നുവിന് നല്ലസുഖമില്ല.പിന്നെ അവളുണർന്നാ ആകെ ബഹളായിരിക്കും. എല്ലാറ്റിനും ഞാൻ കൂടെ നിൽക്കേണ്ടി വരും. എന്റെ ഇന്നത്തെ സ്കൂളിൽ പോക്കു മുടങ്ങും. ജാനുവമ്മ വന്നിട്ടാണെങ്കിൽ അവരു നോക്കിക്കോളും" .
അങ്ങനെയെല്ലാം കള്ളം പറഞ്ഞ് അവളുടെ വായടപ്പിക്കാൻ ശ്രമിച്ചു.
"ങും... അമ്മ പറഞ്ഞതും ശരിയാ.....ചിന്നു ഒണന്നാ ഇവിടൊക്കെ ബഹളം വച്ചു നടക്കും. പിന്നെ ചിലപ്പോ എന്നെ ഉപദ്രവിക്കേം ചെയ്യും. നമുക്കൊന്നും ഒരു രക്ഷേമുണ്ടാവില്ല. അമ്മ ചിന്നൂനെ ഒണത്താതെ അടുക്കളേലോട്ട് പൊക്കോ. ഞാൻ പെട്ടെന്ന് കുളിച്ചിട്ടു വരാം "
അങ്ങനെ പറഞ്ഞ് അവൾ ബാത്റൂമിൽ കയറി
വാതിൽഅടച്ച് കുറ്റിയിട്ടു.അപ്പോൾ ചിന്നു അവളുടെ മനസ്സിൽ എത്രമാത്രം ഭീതിയാണ് വളർത്തുന്നതെന്ന് ആലോചിച്ചു.
സഹോദരിയോട് ആ കുഞ്ഞു മനസ്സിൽ വളർന്നു വരുന്ന ഭീതിയും , രോഷവും അവർ തമ്മിലുള്ള ഇഴയടുപ്പത്തെയും വല്ലാതെ ബാധിച്ചേക്കാം എന്ന ചിന്ത അസ്വസ്ഥയുളവാക്കി. ഇപ്പോൾ തന്നെ അത് അവർക്കിടയിലെ സ്പർദ്ധയായി വളർന്നു തുടങ്ങിയല്ലോ എന്നും ചിന്തിച്ചു. ആലോചിച്ച് ഇതിന് പരിഹാരം കാണണം എന്ന ചിന്തയോടെ ബാത് റൂമിന്റെ വാതിലിൽ തട്ടി വിളിച്ചു പറഞ്ഞു.
" മിന്നൂ....നീ പല്ലു തേച്ചേച്ച് അടുക്കളയിലോട്ടു വാ.ചായ കുടിച്ചിട്ട് കുളിക്കാം."
പെട്ടെന്നവൾ തന്നെ കൊഞ്ചലോടെ നോക്കി ചോദിച്ചു.
"ഇന്ന് അമ്മ എന്നെ കുളിപ്പിക്കാമോ... എത്ര നാളായി അമ്മ എന്നെ കുളിപ്പിച്ചിട്ട് "
പാവം മിന്നു. തന്റെ വാത്സല്യത്തിനായി അവൾ വല്ലാതെ കൊതിക്കുന്നുണ്ട്. തൊട്ടടുത്തുണ്ടായിട്ടും മാതൃവാത്സല്യം ലഭിക്കാതെ അവളുടെ പിഞ്ചുഹൃദയം തേങ്ങുന്നുണ്ടാവാം .
" ഇത്ര വലുതായിട്ടുംഅമ്മ ചിന്നുച്ചേച്ചിയെ കുളിപ്പിക്കുന്നുണ്ടല്ലോ? . എനിക്ക് ഏഴു വയസ്സല്ലേ ആയിട്ടുള്ളൂ.എന്നെ എന്താകുളിപ്പിക്കാത്തെ .?"
"മോളെ അമ്മ ഏതെങ്കിലും ഒഴിവു ദിവസം കുളിപ്പിച്ചു തരാം. ഇന്നിപ്പോൾ അമ്മക്കു സ്കൂളിൽ പോകണ്ടേ "എന്ന് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പാതി മനസ്സോടെ മിന്നു അത് സമ്മതിച്ചുവെങ്കിലും അവളുടെ ഉള്ളിലെ ആകുലത ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.
മിന്നു പിറന്നുവീണതു മുതൽ അച്ഛമ്മയോ ജാനുവമ്മയോ രജിതയോ ആണ് അവളുടെ കാര്യങ്ങൾ ഏറെയും ശ്രദ്ധിച്ചിരുന്നത്. ചിന്നു എന്ന വിഷമധ്രുവത്തിനു ചുറ്റും കറങ്ങുന്നതിനിടയിൽ മിന്നുവിനെക്കൂടി ശ്രദ്ധിക്കാൻ തനിക്കു തീരെകഴിയുന്നില്ലല്ലോ എന്ന ദുഃഖസത്യം ഓർത്തു.
ഞങ്ങളുടെ സംസാരം കേട്ട് ഉറക്കം നഷ്ടപ്പെട്ട ചിന്നു അസ്വസ്ഥതയോടെ മുഖം ചുളിച്ച് കിടന്നു. ഇനിയും ശബ്ദമുണ്ടാക്കിയാൽ അവൾ എഴുന്നേറ്റു വരുമെന്നും അക്രമകാരി ആകുമെന്നും തോന്നിയതുകൊണ്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു.
.ചായപ്പാത്രത്തിലെ വെള്ളം അല്പം വറ്റിയിരിക്കുന്നു. വേഗം പാലും, ചായപ്പൊടിയും , പഞ്ചസാരയും ചേർത്ത് ഇറക്കിവച്ചു.എന്നിട്ട് ദോശ ചുടാൻ തുടങ്ങി. അപ്പോഴേക്കും ജാനുവമ്മ അടുക്കള വാതിലിലൂടെ പുറത്തുനിന്ന് കടന്നുവന്നു.
" അല്ലാ... ജാനുവമ്മ ഇന്ന് താമസിച്ചു പോയല്ലോ ?"
എന്നും ഇതിലും നേരത്തേ അവർ എത്താറുള്ളതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്.
അതിനവർ മറുപടി നൽകിയത് തന്റെ അസുഖ വിവരണങ്ങളിലൂടെയാണ്. കൂടാതെ മരുമകൾ അവരെ തിരിഞ്ഞു നോക്കാത്തതിലുള്ള ദുഃഖവും പങ്കുവച്ചു. സ്വയം തുളസിയിലയിട്ട ചുക്കു കാപ്പി അനത്തിക്കുടിച്ചിട്ടാണ് അവർ വരുന്നതത്രെ.
"അവിടെയിരുന്നാ അവടെ വീർത്ത മോറും കണ്ടോണ്ടിരിക്കണം. എനിക്കതു വയ്യാ കുഞ്ഞെ. "
ദോശ ചുടുന്നതിനിടയിൽ ജാനുവമ്മയെ സഹതാപപൂർവ്വം തിരിഞ്ഞു നോക്കി ".ജാനുവമ്മക്കു വയ്യെങ്കില് ഒന്നും ചെയ്യണ്ട . വേണോങ്കിൽ ഇന്ന് ഞാൻ ലീവും എടുക്കാം" എന്ന് അവരെ ആശ്വസിപ്പിച്ചു.
ജാനുവമ്മയെ സ്വന്തം അമ്മയെ എന്ന പോലെ സംരക്ഷിക്കുന്നതിൽ സന്തോഷം മാത്രമാണ് തോന്നിയിട്ടുള്ളത്.
എന്റെ വാക്കുകൾ അവരിലുണർത്തിയ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ജാനുവമ്മ പറഞ്ഞു.
" അതു വേണ്ടാ കുഞ്ഞെ .എനിക്കിപ്പോ ഒരു കുഴപ്പോം ഇല്ല. കുഞ്ഞങ്ങു മാറിയാട്ടെ .ഞാൻ ദോശ ചുടാം"
" ഇതു ഞാൻ തന്നെ ചെയ്തോളാം.ജാനുവമ്മ ഇത്തിരി തേങ്ങാ ചുരണ്ടി ചമ്മന്തി അരച്ചാൽ മതി. മിന്നുമോള് കുളിച്ചിട്ടിപ്പം വരും. അവളുടെ സ്ക്കൂൾബസ് വരാറായി. "
" ഇതാ ഒരു അഞ്ചുമിനിട്ട് . ഇപ്പം ചമ്മന്തിക്ക് അരക്കാം." "
.അങ്ങനെ പറഞ്ഞ് അവർ ചിരവ കഴുകി തേങ്ങ ചുരണ്ടാനിരുന്നു. അതിനിടയിൽ ഞാൻ ഉള്ളി തൊണ്ടു കളഞ്ഞു പച്ചമുളകും ഫ്രിഡ്ജിൽ നിന്ന് എടുത്തു വച്ചു. ജാനുവമ്മ ചുരണ്ടിനൽകിയ തേങ്ങ എടുത്ത് മിക്സിയിലിട്ട് അരക്കാൻ തുടങ്ങിയപ്പോഴേക്കും മിന്നു ഓടി വന്നു.
അവൾ ഒരു നിക്കറും പെറ്റിക്കോട്ടും മാത്രമാണ് ഇട്ടിരുന്നത്
" അമ്മേ, എന്റെ യൂണിഫോമെവിടെ ? എനിക്ക് സ്ക്കൂൾബസ് വരാറായി "
" യൂണിഫോം അലമാരിയിൽ തേച്ചു മടക്കി വച്ചിട്ടുണ്ട് "
" അമ്മ വന്നിട്ട് അതൊന്ന് എടുത്തു താ.എനിക്ക് കൈ എത്തുന്നില്ല. "
ഈയിടെയായി മിന്നുവിന് എല്ലാം ഞാൻ തന്നെ ചെയ്തു കൊടുക്കണമെന്ന വാശി അല്പംകൂടുതലാണല്ലോ എന്നോർത്തു. ഒരു പക്ഷെ ചിന്നുവിനോടു തോന്നുന്ന അമർഷവും അസൂയയും ആകാം അതിനു പിന്നിൽ. രണ്ടു പേരും ബുദ്ധിയുറക്കാത്ത കുട്ടികളാണ്. ഏതായാലും കുട്ടികളെ രണ്ടുപേരേയും വേദനിപ്പിക്കാതെ നയപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
എന്നിലെ മാതൃത്വം ഉണർന്ന് പ്രവർത്തിച്ചു.
ജാനുവമ്മയോട് ചമ്മന്തി കടുക് വറുക്കാൻ പറഞ്ഞ് ഏൽപ്പിച്ചിട്ട് അവൾക്കൊപ്പം ചെന്നു.
അലമാരിയിൽ നിന്ന് മിന്നുവിന്റെ യൂണിഫോം എടുത്ത് അവൾക്ക് നേരെനീട്ടി.
അപ്പോഴെക്കും അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മതന്നിട്ടു പറഞ്ഞു.
"നല്ല അമ്മ...അപ്പോ അമ്മക്ക് മിന്നുമോളെയും ഇഷ്ടാ ല്ലേ..."
മിന്നുവിന്റെ ചോദ്യവും സ്നേഹപ്രകടനവും എന്നെ അമ്പരപ്പിച്ചു. ഏതാനും നിമിഷത്തേക്കേ ആ സ്നേഹപ്രകടനം നീണ്ടു നില്ക്കുകയുള്ളൂ എന്നും ചിന്നുവിനോട് അല്പം കൂടുതൽ സ്നേഹം കാണിക്കുമ്പോൾ അവൾ വീണ്ടും അസൂയാലു ആകുമെന്നും അറിയാമെങ്കിലും ഒന്നും പുറമേ പ്രകടിപ്പിച്ചില്ല.
മക്കൾ രണ്ടുപേരുംഒരമ്മക്ക് ഒരുപോലെയാണെന്ന് എന്റെ ഉള്ളിലെ മാതൃത്വം അപ്പോൾ മർമ്മരമുതിർത്തു.
മിന്നുവിനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു.
"ചിന്നു സുഖമില്ലാത്ത കുട്ടി ആയതുകൊണ്ട് അല്ലേ അവളെ അമ്മ കൂടുതൽ സ്നേഹിക്കുന്നത് .അല്ലാതെ മിന്നുവിനോട് സ്നേഹമില്ലാഞ്ഞിട്ടല്ല. അതെന്താ മിന്നു മോൾ മനസ്സിലാക്കാത്തത് . മിന്നു മിടുക്കിക്കുട്ടിയല്ലേ . ചിന്നുവിനെക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ചെയ്യുവാനും മോൾക്ക് കഴിവുണ്ട്. "
ആ പുകഴ്ത്തൽ മിന്നുവിന് ഇഷ്ടമായതായി തോന്നി. അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു . അതുകണ്ട് കുട്ടികളുടെ മനശാസ്ത്രം അറിയുന്നവളെന്ന് സ്വയം അഭിനന്ദിച്ചു.പെട്ടെന്ന് സമയത്തെപ്പറ്റി ബോധവതിയായി മിന്നുവിനോട് പറഞ്ഞു.
"വേഗം ഉടുപ്പ് ഇട്ടിട്ടു വാ മിന്നു മോളെ..അമ്മ മോൾക്ക് കാപ്പിയും പലഹാരവും എടുത്തു വയ്ക്കാം. "
അങ്ങനെ പറഞ്ഞ് വേഗം തിരിഞ്ഞു നടന്നു
ദോശ ചുട്ട് കാസ്സറോളിലാക്കി ഊണുമുറിയിലെത്തി. മേശപ്പുറത്ത് കാസ്സറോളും പ്ലേറ്റുകളും നിരത്തിയപ്പോഴേക്കും മിന്നു ഓടിവന്ന് കസേരയിൽ ഇരുന്നു. ഒപ്പം രജിതയും .
ഏജീസ് ഓഫീസിൽ വർക്കു ചെയ്യുന്ന രാജീവേട്ടന്റെ അനുജത്തി. അവൾ രണ്ടു ദിവസത്തെ ലീവിൽ അന്ന് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ.
കഴിക്കുവാനുള്ള ദോശ മിന്നു സ്വയം കാസറോളിൽ നിന്നെടുത്ത് പ്ലേറ്റിൽവെച്ചു. മിന്നു അത് കഴിക്കുവാൻ തുടങ്ങുന്നതു കണ്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
അപ്പോൾ ഊണുമുറിയിൽ രജിതയും മിന്നുവും പരസ്പരം സല്ലപിച്ച് ആഹാരം കഴിക്കുന്നുണ്ടായിരുന്നു. രജിത ഇടക്ക് മിന്നുവിന് ആഹാരം വായിൽ വച്ചു കൊടുക്കുന്നതും കണ്ടു.
"രജിത ആന്റി ഇനി ഹോസ്റ്റലിലേക്ക് പോകണ്ട. എനിക്കിവിടെ രജിത ആന്റിയെ കൂട്ടുള്ളൂ" മിന്നു പറയുന്നത് കേട്ടു.
" അതു പറ്റില്ല മോളെ . ഇവിടെ നിന്നാൽ ശരിയാവില്ല"
എന്ന രജിതയുടെ മറുപടിയുടെ ആന്തരാർത്ഥം എന്തായിരിക്കുമെന്ന് അപ്പോൾ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
സുധ അജിത്