ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ പ്രിൻസ് ചാക്കോ എന്നയാളാണ് ദൗത്യത്തിനെതിരെ കോടതിയെ സമീപിച്ചത്.
‘മിഷൻ ചക്കക്കൊമ്പൻ’ സ്റ്റേ ചെയ്യുക, ചിന്നക്കനാലിലെ 144 നിരോധനാജ്ഞയിൽ ഇളവ് നൽകുക, ആനത്താവളങ്ങളിലെയും ഇടനാഴികളിലെയും കയ്യേറ്റങ്ങൾ നീക്കുക, റേഡിയോ കോളർ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയവയായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.
ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിലും ഹർജി നിലനിൽക്കുന്നതിന്റെ നിയമസാധുതയിലും സംശയം പ്രകടിപ്പിച്ചാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഹർജി തള്ളിയത്.