ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരം പകരാൻ വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം; കേക്ക്, ഡയറ്റ് കുക്കീസ് മേക്കിംഗ് പരിശീലനം ശനിയാഴ്ച

Nov 19, 2026 - 16:27
 0  6
ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരം പകരാൻ വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം; കേക്ക്, ഡയറ്റ് കുക്കീസ് മേക്കിംഗ് പരിശീലനം ശനിയാഴ്ച

Washington DC: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള മലയാളികൾക്കായി പ്രത്യേക ഓൺലൈൻ ബേക്കിംഗ് പരിശീലനവുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയൻ വനിതാ ഫോറം. പരമ്പരാഗത ക്രിസ്മസ് കേക്കിന്റെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്കായുള്ള ഡയറ്റ് കുക്കീസിന്റെയും നിർമാണരീതികൾ പരിചയപ്പെടുത്തുന്ന ‘ക്രിസ്മസ് കേക്ക് മേക്കിംഗ് ക്ലാസ് ആൻഡ് ഡയറ്റ് കുക്കീസ്’ എന്ന പരിശീലന പരിപാടി 2026 നവംബർ 21 ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 11 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

ഹോസ്പിറ്റാലിറ്റി, പാചകകല മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള പ്രശസ്ത പേസ്ട്രി ഷെഫ് ഷാജി തോമസാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മുംബൈയിലെ ഒബ്റോയ് ഫ്ലൈറ്റ് സർവീസസ്, ഹോട്ടൽ റിട്രീറ്റ് എന്നിവിടങ്ങളിൽ പ്രവർത്തനപരിചയം നേടിയ അദ്ദേഹം, തുടർന്ന് കുവൈറ്റിൽ മാത്രം 28 വർഷം വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. കുവൈറ്റ് പ്ലാസ ഹോട്ടലിൽ ആറ് വർഷവും പ്രശസ്തമായ ബയാൻ പാലസിൽ 20 വർഷവും പേസ്ട്രി ഷെഫായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ രാജ്യാന്തര നിലവാരത്തിലുള്ള വൈദഗ്ധ്യം പാചകപ്രേമികൾക്ക് ഏറെ പ്രയോജനകരമാകും. ചേരുവകളുടെ കൃത്യമായ തിരഞ്ഞെടുപ്പും അളവുകളും മുതൽ ബേക്കിംഗ് സാങ്കേതികതകളും ആരോഗ്യപരമായ ചേരുവകൾ ഉപയോഗിച്ചുള്ള കുക്കീസ് നിർമാണവും വരെ ഘട്ടംഘട്ടമായി വിശദീകരിക്കുന്ന തത്സമയ ക്ലാസിൽ, പങ്കെടുക്കുന്നവർക്ക് ഷെഫുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും.

വനിതകളുടെ കൂട്ടായ്മ കേവലം ആഘോഷങ്ങളിൽ ഒതുങ്ങാതെ പഠനത്തിന്റെയും നൈപുണ്യവികസനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വേദിയായി മാറണമെന്ന കാഴ്ചപ്പാടോടെയാണ് വനിതാ ഫോറം ഇത്തരമൊരു സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. ഉത്സവകാലത്ത് സ്വന്തം കുടുംബത്തിനായി മായമില്ലാത്തതും രുചികരവുമായ വിഭവങ്ങൾ വീട്ടിൽത്തന്നെ തയ്യാറാക്കാൻ പ്രാപ്തരാക്കുന്നതിനൊപ്പം, ഭാവിയിൽ ഹോം ബേക്കിംഗ് ഉൾപ്പെടെയുള്ള ചെറുകിട സംരംഭങ്ങളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകർന്നുനൽകാനും ഈ പരിശീലനം ലക്ഷ്യമിടുന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസൻ ചാണ്ടി, സെക്രട്ടറി ആലീസ് മഞ്ചേരി, ട്രഷറർ ആലീസ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഡോ. ജെയ്സി ബൈജു, ജോയിന്റ് സെക്രട്ടറി ലീലാമ്മ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

അമേരിക്ക റീജിയൻ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ചെയർമാൻ ജോണി കുന്നംപുറം, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും സഹകരണവും നൽകുന്നു. സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി എത്തുന്ന ക്രിസ്മസ് കാലത്ത് പുതിയൊരു കല സ്വായത്തമാക്കാൻ ഒരുക്കുന്ന ഈ പ്രത്യേക പരിശീലനത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു. താൽപര്യമുള്ളവർക്ക് ശനിയാഴ്ച നിശ്ചിത സമയത്ത് 854 5943 2218 എന്ന സൂം മീറ്റിംഗ് ഐഡിയും 620643 എന്ന പാസ്‌കോഡും ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

വനിതാ ഫോറം ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങൾക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും അമേരിക്ക റീജിയൻ നേതൃത്വം നൽകുന്ന പിന്തുണ ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ പങ്കാളിത്തം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യാപ്തിയും കരുത്തും പകരുന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ജോസ് ജോൺ ആറ്റുപുറം, വൈസ് ചെയർ ജെയിംസ് പീറ്റർ, വൈസ് ചെയർപേഴ്സൺ മിനി നായർ,, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലത്ത്, പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ് സ്കറിയ കല്ലറയ്ക്കൽ, യൂത്ത് ഫോറം പ്രസിഡന്റ് ബിബി മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും അമേരിക്ക റീജിയനിലെ വിവിധ പ്രൊവിൻസുകളിലുടനീളം വിപുലമായ പ്രചാരണത്തിനും ഏകോപന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്യും.