പുസ്തക താളുകൾക്കുമപ്പുറം: ബേക്കർ സ്കൂൾ ബോർഡിംഗ്; സപ്ന അനു ബി ജോർജ്
അധ്യായം 2
ഇന്ന് ചിന്തിക്കുമ്പോൾ ബോർഡിംഗ് സ്കൂളിലാണ് എത്തിയതെന്ന് അന്നെനിക്ക് മനസ്സിലായില്ല.
സാധാരണയായി സ്കൂൾ ബസിൽ നിന്നിറങ്ങിയാൽ അമ്മ സ്കൂളിന്റെ ഗേറ്റ് കടന്ന് താഴേക്കുള്ള വഴിയിലൂടെ എന്നെയും കൂട്ടി ക്ലാസുകളിലേക്ക് പോകാറാണ് പതിവ്.
ഇന്നെന്താണ് ഡാഡിയും കൂടെ വന്നിരിക്കുന്നത്?
അമ്മ എന്റെ തുണികളെല്ലാം അടുക്കി പെട്ടിയിലാക്കി വെച്ചപ്പോൾ,അനിയൻ വന്നതിന്റെ സന്തോഷത്തിൽ എല്ലാവരും ഡാഡിയുടെ കൂടെ പുറത്ത് എവിടെയോ പോകുകയാണെന്നാണ് ഞാൻ അപ്പോൾ കരുതിയത്. സ്കൂളിന്റെ വഴിയിലൂടെ നടന്ന് ദൂരെനിന്ന് കണ്ടിരുന്ന വലിയ കെട്ടിടങ്ങളുടെ അടുത്തേക്ക് കാർ ചെന്നുനിന്നു. ഡാഡി എന്റെ കൈയും പിടിച്ച് മുന്നിൽ നടന്നു. പിറകിൽ അനിയനെയും തോളിൽ എടുത്ത് അമ്മയും.വാക മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന സ്കൂൾ മുറ്റത്തിനോരം ഓഫീസ് മുറിയിൽ ഇരിക്കുന്ന ടീച്ചറെ, സ്കൂളിന്റെ തിണ്ണയിലൂടെ നടന്നുപോകുമ്പോൾ മാത്രം കണ്ടിട്ടുള്ള ഒരു ഓർമ്മ എനിക്കുണ്ടായിരുന്നു.
“ഇതാണോ സപ്ന?”
“അതെ, സപ്ന”. ഞാൻ അടുത്ത് നിൽക്കുന്ന സാരിയുടുത്ത ആ ടീച്ചറെ തിരിഞ്ഞു നോക്കി,
“ഇത് ജെയിനമ്മ ടീച്ചറാണ്. ഗുഡ് മോർണിംഗ് പറഞ്ഞേ മോളേ.” ഞാൻ മെല്ലെ ഗുഡ് മോർണിംഗ് പറഞ്ഞു.
എന്റെ ശബ്ദത്തിലെ വെപ്രാളം ഡാഡിക്ക് മനസ്സിലായെന്ന് തോന്നുന്നു.
“ഇനി മോൾക്ക് നിന്റെ കൂട്ടുകാരുടെ കൂടെ ഇവിടെ താമസിക്കാം. ഇടക്ക് തങ്കമ്മച്ചിയും സജിച്ചാച്ചനും വന്ന് അവരുടെ കൂടെ കൊണ്ടുപോകും. അമ്മയും ഇടയ്ക്കിടയ്ക്ക് വരും, കേട്ടോ.”
ഇത്രയും കേട്ടത് മാത്രമാണ് എനിക്ക് ഓർമ്മയുള്ളത്.
പിന്നീട് ജെയിനമ്മ ടീച്ചറും ഡാഡിയും ഉടുപ്പുകളും തുണികളുമൊക്കെ കൊണ്ടുവന്നിട്ടുണ്ടെന്നു പറയുന്നത് കേട്ടു. പുറത്തെ നീളൻ വരാന്തയിൽ ഇട്ടിരിക്കുന്ന തടി ബഞ്ചിലിരുന്ന് അനിയൻ കരഞ്ഞപ്പോൾ അമ്മ എന്നെയും കൈപിടിച്ച് പുറത്തേക്കിറങ്ങി.
എനിക്ക് തോന്നി എന്റെ ഡാഡിയും അമ്മയും അവിടെ എന്നെ ഉപേക്ഷിച്ച് പോകുകയാണെന്ന് !
ദൂരെക്ക് നോക്കിയപ്പോൾ വലിയ ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്ന രണ്ടുനിലക്കെട്ടിടം കാണാമായിരുന്നു.
“പോട്ടെ, പോട്ടെ... വാവോ, വാവോ...”
അനിയനെ തോളത്തിട്ടു താലോലിച്ചുകൊണ്ടേയിരുന്ന അമ്മ, ഇടയ്ക്കിടെ സാരിത്തുമ്പുകൊണ്ട് കണ്ണു തുടക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ വീണ്ടും വീണ്ടും അമ്മയുടെ മുഖത്തേക്ക് നോക്കിനിന്നു. എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് അമ്മ വീണ്ടും കുഞ്ഞിനെ “വാവോ, വാവോ” എന്നു പറഞ്ഞ് തിണ്ണയിലൂടെ നടന്നു.
പുറത്തേക്കിറങ്ങി വന്ന ഡാഡിയും ജെയിനമ്മ ടീച്ചറും എന്നെ നോക്കി എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു. വ്യക്തമായി കേൾക്കാനായില്ലെങ്കിലും ഡാഡി പറഞ്ഞ 'സെൻസിറ്റീവ്' എന്ന വാക്കും, “സാർ വിഷമിക്കേണ്ട, എല്ലാം നോക്കിക്കോളാം” എന്ന് ജെയിനമ്മ ടീച്ചർ പറയുന്നതും ഞാൻ കേട്ടു.
വീണ്ടും പുറത്തേക്ക് നോക്കിനിന്നിരുന്ന എന്റെ അടുത്തേക്ക് നടന്നുവരുന്ന ഡാഡിയുടെ ബൂട്ട്സിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി.
“മോളേ, നിന്റെ കൂട്ടുകാരെയൊക്കെ കാണേണ്ടേ? വാ, നമുക്ക് ജെയിനമ്മ ടീച്ചറിന്റെ കൂടെ ഒന്നു പോയിട്ട് വരാം.”
ഡാഡിയുടെ കൈപിടിച്ച് ഞാൻ നടന്നു.
അമ്മയും ജെയിനമ്മ ടീച്ചറും പുറകിൽ നടന്നുവരുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ അമ്മ വീണ്ടും സാരിത്തുമ്പുകൊണ്ട് കണ്ണു തുടയ്ക്കുന്നു.
“വേണ്ട ടീച്ചറേ, ദേ, മോൾ നോക്കുന്നു” എന്ന് ആരോ പറയുന്നതു കേട്ടു. കൂടെ ജെയിനമ്മ ടീച്ചർ ഉറക്കെ പറഞ്ഞു:
“നടന്നോ, നടന്നോ, സപ്നാ...”
ഡാഡിയും തിരിഞ്ഞുനോക്കി അമ്മയോട് എന്തോ കൈകൊണ്ട് ആംഗ്യം കാണിച്ചു.നടന്നുചെന്നത് ഒരു പച്ചനിറത്തിലുള്ള ഗേറ്റിനു മുന്നിലേക്കായിരുന്നു. കുറെ കുട്ടികൾ അവിടെനിന്ന് കളിക്കുന്നുണ്ടായിരുന്നു. മീരയും ജീനയും ജാൻസിയും ജെയ്സൂസനും ഓടിവന്നു.
“സപ്നാ...”
അവരെ കണ്ട സന്തോഷത്തിൽ ഞാനും അവരുടെ കൂടെക്കൂടി. അവിടെയുണ്ടായിരുന്ന മറ്റു കുട്ടികളും അടുത്തെത്തി.
“നീയും ബോർഡിംഗിൽ ചേരാൻ വന്നതാണോ?”
ജാൻസിയുടെ ആ ചോദ്യം എന്റെ മനസ്സിൽ ആഴത്തിൽ തറച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും അമ്മ എന്തിനാണ് കരഞ്ഞതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്നെ ഇവിടെ നിർത്തിയിട്ട് പോകുന്നതിന്റെ സങ്കടമായിരുന്നു അമ്മയ്ക്ക്.
ഒന്നും മനസ്സിലാകാത്ത ഞാൻ വീണ്ടും വീണ്ടും അമ്മയെ തിരിഞ്ഞുനോക്കി.
“സപ്നാ, നീ എന്റെ അടുത്തുതന്നെ കിടക്കണം, കേട്ടോ.”
ജീനയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇവിടെ താമസിക്കുകയാണോ എന്ന മനസ്സിലെ ചോദ്യത്തോടെ വീണ്ടും അമ്മയെ നോക്കി. അനിയനെയും തോളിലേറ്റി നിൽക്കുന്ന അമ്മ കണ്ണു തുടയ്ക്കുകയാണ്. വീണ്ടും, വീണ്ടും...
ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോൾ അകത്തുനിന്ന് വന്ന ഡാഡി,എന്റെ അടുത്തേക്ക് വന്ന് കൈപിടിച്ച് ഗേറ്റിനടുത്തേക്ക് നടന്നു.
“മോളേ, ഡാഡിക്ക് ഇവിടുന്ന് ട്രാൻസ്ഫർ ആയി ,അതുകൊണ്ട് അമ്മയും ഞാനും കുഞ്ഞിനെയും കൊണ്ട് ബോംബെയിലേക്ക് പോകുകയാണ്. അവിടെ മോൾക്ക് പഠിക്കാൻ സ്കൂളില്ല. കുറച്ചു ദിവസം നീ നിന്റെ കൂട്ടുകാരുടെ കൂടെ സന്തോഷമായിട്ട് ഇവിടെ താമസിക്കണം. അപ്പോഴേക്കും അമ്മയും അനിയനും തിരിച്ചുവരും. സപ്നമോൾക്ക് മനസ്സിലായോ?”
“ആ ഡാഡി ഞാൻ ഇവിടെ എന്റെ കൂട്ടുകാരുടെ കൂടെ താമസിച്ചോളാം.”
വീണ്ടും ഞാൻ തിരിഞ്ഞുനോക്കിയത് അനിയനെയും തോളിലേറ്റി തിണ്ണയിലെ കസേരയിൽ ഇരിക്കുന്ന അമ്മയെയാണ്. ഡാഡി പറയുന്നതെല്ലാം അമ്മ കേൾക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും കൂട്ടുകാരെല്ലാവരും കളികളിൽ മുഴുകിയിരുന്നു. ജീന മാത്രം ഇടയ്ക്കിടെ അടുത്തുവന്ന് നോക്കിയിട്ട് പോകുന്നുണ്ടായിരുന്നു. ജാൻസി ദൂരെനിന്ന് കൈയുയർത്തി കാണിക്കും. മീര കുറച്ചുമാറി ഒരു പടിയിൽ ഇരുന്ന് എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
ഈ സമയത്തിനുള്ളിൽ തങ്കമ്മച്ചിയും സജിച്ചാച്ചനും ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങി. അവരെയും ഡാഡി ജെയിനമ്മ ടീച്ചർക്ക് പരിചയപ്പെടുത്തി.
“അത് സാരമില്ല, ഇപ്പോൾ നമുക്ക് പരിചയമായല്ലോ. വീടിന്റെ അഡ്രസ്സും എല്ലാം ഉണ്ടല്ലോ. മാത്രമല്ല, ഇവിടെ അടുത്തുതന്നെയല്ലേ?”
“ഇനി ഇടയ്ക്ക് വരാം” എന്നും പറഞ്ഞ് തങ്കമ്മച്ചി അമ്മയുടെ അടുത്തുപോയിരുന്നു. ഡാഡി നടന്ന് അമ്മയുടെ അടുത്തെത്തി, പോകാറായെന്ന് അമ്മയോട് പറഞ്ഞു. പിന്നെ എന്റെ അടുത്തേക്ക് വന്ന്,
“വാ, നമുക്ക് സ്കൂൾ ബാഗൊക്കെ എടുത്തുകൊണ്ടുവരാം.”
എന്റെ കൈപിടിച്ച് കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഡാഡി വീണ്ടും പറഞ്ഞു:
“കുറച്ചുദിവസം കൂട്ടുകാരുടെ കൂടെ സന്തോഷമായിട്ടിരിക്കണം. ഡാഡിയും അമ്മയും പെട്ടെന്നുതന്നെ ഇങ്ങെത്തും, കേട്ടോ.”
തലയാട്ടി എല്ലാം സമ്മതിക്കുമ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പൂർണമായി മനസ്സിലായിരുന്നില്ല. ഞാൻ തനിച്ചാവുകയാണെന്നൊരു പേടി മനസ്സിന്റെ ഏതോ കോണിൽ കടന്നുവന്നു.
“കുഞ്ഞുവാവയെ,അമ്മയും ഡാഡിയും കൂടെ കൊണ്ടുപോകുവാണല്ലേ?” ആ ചോദ്യം കേട്ടതും ഡാഡി എന്നെ ചേർത്തുപിടിച്ചു.
കാറിൽനിന്ന് സ്കൂൾ ബാഗും പെട്ടിയും മറ്റും എടുത്ത് ഡാഡിയുടെ കൂടെ വന്ന ആയ ആന്റിയും അവയെല്ലാം അകത്തെ മുറിയിൽ കൊണ്ടുചെന്നുവെച്ചു.
എല്ലാവരുടെയും പെട്ടികൾ അവിടെയായിരുന്നു. കിടക്കാനുള്ള ചെറിയ മെത്തയുടെ പാക്കറ്റും പെട്ടിയുടെ മുകളിൽ വെച്ചു.
പുറത്തേക്ക് വന്നപ്പോൾ അമ്മയും തങ്കമ്മച്ചിയും സജിച്ചാച്ചനും ഗേറ്റിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ജെയിനമ്മ ടീച്ചറും ആയ ആന്റിയും അകത്തുനിന്ന് വന്ന് എന്റെ കൈപിടിച്ച് കൂടെ നിന്നു.
“ഇനി നമുക്ക് ഡാഡിയോടും അമ്മയോടും റ്റാറ്റാ പറയാം.”
ജെയിനമ്മ ടീച്ചറുടെ വാക്കുകൾ കേട്ട് ഞാൻ മുഖമുയർത്തി നോക്കി. ചിരിച്ചുകൊണ്ട് എന്തോ ഒരു പ്രത്യേക ഭാവത്തിൽ ടീച്ചർ എന്നെ നോക്കിനിന്നു.
ദൂരേക്ക് നടന്നുപോകുന്ന അമ്മയ്ക്കും ഡാഡിക്കും ഞാൻ കൈയുയർത്തി 'റ്റാറ്റാ' പറഞ്ഞു.
തങ്കമ്മച്ചി എന്തോ പറഞ്ഞപ്പോൾ അമ്മ വീണ്ടും സാരിത്തുമ്പുകൊണ്ട് കണ്ണു തുടച്ചു. കുഞ്ഞിനെ തോളിലേക്ക് മാറ്റിക്കിടത്തി കാറിൽ കയറി.
തിരിഞ്ഞ് ആയ ആന്റിയുടെ കൂടെ അകത്തേക്ക് നടന്നു. എല്ലാവരും പഠിക്കുന്ന മുറിയിലെത്തി. ഞാൻ ജാൻസിയുടെ അടുത്തിരുന്നു. ആയ ആന്റി എന്റെ പുസ്തകസഞ്ചി കൊണ്ടുവന്നു തന്നു.
കുറച്ചുനേരം പുസ്തകങ്ങളൊക്കെ മറിച്ചുനോക്കി. അടുത്ത ദിവസത്തെ ടൈംടേബിളിലുള്ള പുസ്തകങ്ങൾ മാത്രം ബാഗിലേക്കെടുത്തു. ബാക്കിയുള്ളവ ഒരു വശത്തേക്ക് മാറ്റിവെച്ചു.
നീണ്ടൊരു മണിയടി കേട്ടപ്പോൾ ജീനയും മീരയും അടുത്തുവന്നു.
“വാ, നമുക്ക് കഴിച്ചിട്ട് വരാം.”
ജാൻസിയുടെ കൈയും പിടിച്ച് അവർക്കൊപ്പം നടന്നു.
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ മേശകളും ബെഞ്ചുകളുമുള്ള വലിയൊരു ഹാളായിരുന്നു അത്. അവിടെ കുറെ ആന്റിമാർ ചപ്പാത്തിയും കറിയും പ്ലേറ്റുകളിലേക്ക് വിളമ്പിക്കൊണ്ടിരുന്നു.
എല്ലാവരും ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾ ജെയിനമ്മ ടീച്ചർ അടുത്തുവന്ന് പറഞ്ഞു:
“എല്ലാവരും ഒന്നു നോക്കിക്കേ. പുതിയ ഒരാൾകൂടി നമ്മുടെ കൂടെ താമസിക്കാൻ വന്നിട്ടുണ്ട്, സപ്ന. എല്ലാവരും ഒന്ന് കൈയടിച്ചേ!”
“എല്ലാവരും കഴിക്കൂ,കഴിക്കൂ”എന്നു പറഞ്ഞ് ജെയിനമ്മ ടീച്ചർ അപ്പുറത്തെ ബെഞ്ചിലിരുന്ന മറ്റു ടീച്ചർമാരുടെ അടുത്തേക്ക് പോയിരുന്നു.
ഭക്ഷണം കഴിച്ച് കൈയും കഴുകി തിരിച്ചുനടന്നപ്പോഴാണ് വരുന്ന വഴിയാകെ ഇരുട്ടാണെന്ന് മനസ്സിലായത്. ഞാൻ ജാൻസിയുടെ കൈയിൽ മുറുകെപ്പിടിച്ചു.
“നിനക്ക് പേടിയാണോ?” ചിരിച്ചുകൊണ്ട് ജാൻസി ചോദിച്ചു.
“കുറച്ച്, ഈ പേടികാരണം ഞാൻ എന്നും ഡാഡിയുടെയും അമ്മയുടെയും ഇടയ്ക്കാണ് കിടക്കാറ്. അനിയൻ വന്നതിൽപ്പിന്നെയാണ് വേറെ കട്ടിലിൽ കിടക്കാൻ തുടങ്ങിയത്.”ഒരു ചെറിയ വളിച്ച ചിരിയോടെയാണ് ഞാനത് പറഞ്ഞത്.അപ്പോഴേക്കും ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി.
“വരൂ, ഇനി എല്ലാവർക്കും പ്രാർത്ഥിച്ചിട്ട് കിടക്കാം.”ആയ ആന്റി വന്നു പറഞ്ഞു.
നീളത്തിലുള്ള വലിയൊരു ഹാളായിരുന്നു അത്.ഡാഡി കൊണ്ടുവന്ന മെത്തയും തലയിണയും ഒരു ചൗക്കാളത്തിനുമുകളിൽ വിരിച്ചുവെച്ചിരുന്നു. പുതപ്പും മടക്കിവെച്ചിരുന്നു. എല്ലാവരുടെയും മെത്തകൾ അങ്ങനെതന്നെയായിരുന്നു.
എന്റെ മെത്തയിൽ ചെന്നിരുന്നപ്പോൾ അപ്പുറത്ത് ജാൻസിയും ഒരു വശത്ത് ജീനയും ഉണ്ടായിരുന്നു.
എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു. ഗുഡ് നൈറ്റ് പറഞ്ഞ് ഓരോരുത്തരും കിടന്നു. ഏകദേശം പതിനഞ്ചുപേരുണ്ടായിരുന്നു ആ മുറിയിൽ ഉറങ്ങാൻ.
കണ്ണുകൾ അടച്ച് അമ്മ അടുത്തുണ്ട് എന്ന തോന്നലുമായി ഉറക്കത്തിനായി ഞാൻ കാത്തു കിടന്നു!
തുടരും........