സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am an Orphan) പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു.
എറണാകുളം ജില്ലയിലെ ആലുവയിൽ മാളിയേക്കൽ(കോട്ടയം) പൈലോയുടെയും ലീലാമ്മ പൈലോയുടെയും മകനായി ജനിച്ച അദ്ദേഹം ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, സെറ്റിൽമെന്റ് ഹൈസ്കൂൾ, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1984-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ന്യൂജേഴ്സിയിലെ ഫെയർലി ഡിക്കിൻസൺ യൂണിവേഴ്സിറ്റിയിൽ (Fairleigh Dickinson University) നിന്നും തുടർവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, റെസ്റ്റോറന്റ് ഡെവലപ്മെന്റ്, ഫ്രാഞ്ചൈസിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനപാരമ്പര്യമുള്ള വ്യക്തിയാണ്.
പ്രൊഫഷണൽ തിരക്കുകൾക്കിടയിലും സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന സണ്ണി മാളിയേക്കൽ, നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (IPCNT) പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.
സമകാലിക സംഭവങ്ങളെയും ചുറ്റുപാടും നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളെയും വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ലളിതമായി എഴുതുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മുൻപ് മലയാളത്തിൽ "എന്റെ പുസ്തകം" എന്ന പേരിലും ഇംഗ്ലീഷിൽ "My Book" എന്ന പേരിലും അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ ആനി, മക്കൾ, കൊച്ചുമക്കൾ എന്നിവരോടൊപ്പം അമേരിക്കയിലെ ടെക്സസിലാണ് സണ്ണി മാളിയേക്കൽ ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. സാഹിത്യകാരനും പ്രസാധകനുമായ B.S. ബാലചന്ദ്രൻ്റെ (സദ്ഭാവന ട്രസ്റ്റ്) നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകൃതമാകുന്നത്.
ഐ ആം ആൻ ഓർഫൻ (I am an Orphan) - സിനോപ്സിസ്
സണ്ണി മാളിയേക്കൽ രചിച്ച ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവലറ്റാണ് 'ഐ ആം ആൻ ഓർഫൻ'. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജോൺ എബ്രഹാം എന്ന പ്രവാസി മലയാളി, ഇന്ത്യയിൽ നിന്ന് ദത്തെടുത്ത മെറിൻ എന്ന പിഞ്ചുകുഞ്ഞിന്റെ ദാരുണമായ മരണവും തുടർന്നുണ്ടാകുന്ന നിയമപോരാട്ടങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ചെയ്യാത്ത കുറ്റത്തിന് അമേരിക്കൻ കോടതിയിൽ വിചാരണ നേരിടുന്ന സഹോദരൻ ജോണിനെ രക്ഷിക്കാനായി മാധ്യമപ്രവർത്തകയായ ആനി നടത്തുന്ന സത്യാന്വേഷണ യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ആനി ആദ്യം എത്തുന്നത് ഉത്തരേന്ത്യയിലെ പട്നയിലുള്ള അനാഥമന്ദിരങ്ങളുടെയും അനധികൃത ശിശുക്കടത്ത് ശൃംഖലകളുടെയും ഇരുണ്ട ഇടനാഴികളിലേക്കാണ്. ശേഖർസായ് എന്ന ഏജന്റിന്റെ സഹായത്തോടെയും, അമേരിക്കയിലെ ഒരു മതതീവ്ര കൾട്ട് ഗ്രൂപ്പിന്റെ നേതാവായ മാർക്വസ് ഇഗ്നേഷ്യസിന്റെ ഇടപെടലിലൂടെയുമാണ് 'ലക്ഷ്മി' എന്ന പെൺകുട്ടി 'മെറിൻ' ആയി അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടതെന്ന് ആനി കണ്ടെത്തുന്നു. തുടർന്ന് തെളിവുകൾ തേടി അമേരിക്കയിലെ ബോസ്റ്റണിലെത്തുന്ന ആനി, അവിടുത്തെ കർശനമായ നിയമവ്യവസ്ഥയ്ക്കും (Law and Order) സാഹചര്യത്തെളിവുകൾക്കും മുന്നിൽ പതറിപ്പോകുന്നു.
അയൽക്കാരനായ ഫാദർ അഗസ്റ്റിൻ വർഗീസിലൂടെ കുഞ്ഞിന്റെ മരണത്തിന് പിന്നിലെ അന്ധവിശ്വാസങ്ങളുടെയും ഭൂതോച്ചാടനത്തിന്റെയും (Exorcism) ഞെട്ടിക്കുന്ന വിവരങ്ങൾ ആനി അറിയുന്നുണ്ടെങ്കിലും, നിർണ്ണായക വിധിക്ക് തൊട്ടുമുമ്പ് ഫാദർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും നാട്ടിൽ അമ്മ മരണപ്പെടുകയും ചെയ്യുന്നു. കോടതിയിൽ മൗനം പാലിക്കുന്ന ജോണിന് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതോടെ എല്ലാം അവസാനിച്ചെന്ന് കരുതി ആനി നാട്ടിലേക്ക് മടങ്ങുന്നു. എന്നാൽ, വിമാനയാത്രയ്ക്കിടെ ഫാദർ അഗസ്റ്റിൻ തനിക്ക് കൈമാറിയ ചിത്രങ്ങളിൽ നിന്ന് യഥാർത്ഥ കുറ്റവാളിയെ തിരിച്ചറിയുന്നിടത്ത് കഥ അപ്രതീക്ഷിതവും അതിശക്തവുമായ ഒരു ക്ലൈമാക്സിലേക്ക് എത്തുന്നു. വായനക്കാരെ അവസാന നിമിഷം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മികച്ചൊരു വഴിത്തിരിവോടെയാണ് ഈ നോവലറ്റ് അവസാനിക്കുന്നത്.