മേരി അലക്സ് രചിച്ച ‘എന്റെ ആദ്യകാല കഥകൾ’ പുസ്തക പ്രകാശനവും വില്പന ഉദ്ഘാടനവും നടന്നു
തിരുവഞ്ചൂർ: ശിശുദിനമായ നവംബർ 14-ന് തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയിൽ വെച്ച്മേരി അലക്സ് ( മണിയ) രചിച്ച ‘എന്റെ ആദ്യകാല കഥകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വില്പന ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ നടന്നു. 1969 മുതൽ ദീപിക, മനോരമ, വനിത, മംഗളം തുടങ്ങിയ പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 25 ചെറുകഥകളുടെ സമാഹാരമാണിത്.
ലണ്ടൻ ആസ്ഥാനമായ ലിമ വേൾഡ് ലൈബ്രറി സാഹിത്യ കൂട്ടായ്മയുടെ അഡ്മിൻ ചീഫും ഏഷ്യൻ കോർഡിനേറ്ററും എഴുത്തുകാരിയുമായ ശ്രീമതി മിനി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളം ബ്ലോക്ക് മെമ്പറും ലൈബ്രറി കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ ശ്രീ കെ.സി. ഐപ്പ് കിഴക്കനത്ത് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. പ്രശസ്ത നോവലിസ്റ്റ് അന്തരിച്ച കാനം ഇ.ജെ. ഫിലിപ്പിന്റെ മകളും എട്ട് പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീമതി സോഫി ഐസക് കാനം ആദ്യ പ്രതി സ്വീകരിച്ചു.
പുസ്തക വില്പന ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന അയർക്കുന്നം പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീമതി മഞ്ജു സുരേഷിന് അസൗകര്യം നേരിട്ടതിനാൽ, ചടങ്ങിൽ പങ്കെടുക്കാനായി മാത്രം ബാംഗ്ലൂരിൽ നിന്ന് 325 കിലോമീറ്റർ കാറോടിച്ച് അപ്രതീക്ഷിതമായി എത്തിയ ലിമ വേൾഡ് ലൈബ്രറി അംഗം ശ്രീ റെജി ഇലഞ്ഞിത്തറ വില്പന ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ സാൻ ജിയോ ഫ്യൂവൽസ് ഉടമ ശ്രീ ഷാനു ജോർജ് വെങ്കടത്തിന് പുസ്തകം കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നടത്തിയത്.
ലിമ അഡ്മിൻ അംഗവും ആസ്ഥാന ഗായികയും കളത്തിപ്പടി മ്യൂസിക് വേവ്സ് സി.ഇ.ഒയും സ്കെയിൽ ആൻഡ് സ്കോർ മ്യൂസിക് സ്കൂൾ ഡയറക്ടറുമായ ശ്രീമതി റാണി വിനോദ് സ്വാഗതവും അവതരണവും നിർവഹിച്ചു. റിട്ടയേർഡ് അധ്യാപകനും എഴുത്തുകാരനും ചിത്രകാരനും ഏറ്റുമാനൂർ കാവ്യവേദി ഡെപ്യൂട്ടി കൺവീനറുമായ ശ്രീ ബ്രസീലി തോപ്പിൽ പുസ്തകത്തിലെ കഥകളെ സദസ്സിന് പരിചയപ്പെടുത്തി.
അധ്യക്ഷ പ്രസംഗത്തിൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ അധ്യാപകനായിരുന്ന പുതുശ്ശേരി നാരായണപിള്ളയുടെ പൗത്രി കൂടിയായ ശ്രീമതി മിനി സുരേഷ്, എഴുത്തുകാരിയുടെ സാഹിത്യ സംഭാവനകളെ പ്രകീർത്തിച്ചു. എഴുത്തുകാരിയുടെ ‘എന്റെ കാവ്യാരാമരചനകൾ’ എന്ന കവിതാസമാഹാരത്തിന് 2024-ൽ കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് ലണ്ടൻ മലയാളി കൗൺസിൽ നൽകിയ 25,000 രൂപയുടെ പുരസ്കാരത്തെയും പ്രശസ്തിഫലകത്തെയും ഈ വർഷം ലിമ സംഗമത്തിൽ നൽകിയ ആദരവിനെയും അവർ അനുസ്മരിച്ചു.
ഡിസംബർ 4-ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന എഴുത്തുകാരിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തിരുവഞ്ചൂർ ലൈബ്രറി പ്രസിഡന്റ് ശ്രീ സാബു കോലത്ത്, സെക്രട്ടറി ശ്രീ സാബു കല്ലക്കടമ്പിൽ, പകൽ വീട് പ്രസിഡന്റും എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയുമായ ശ്രീ ശശിധരൻ നായർ, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും ലിൻസ്റ്റൺ ലൈഫ് കെയർ ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒയുമായ ഷെവലിയാർ ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് ശ്രീമതി ബിന്ദു ഉമ്മന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗായികമാരായ ഐഡ തോമസ് (സ്മിത), റാണി വിനോദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ എഴുത്തുകാരി ശിശുദിനത്തെക്കുറിച്ച് രചിച്ച കവിത ആലപിച്ച് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് അഞ്ച് മണിയോടെ ദേശീയഗാനാലാപനത്തോടെ യോഗം സമാപിച്ചു.