നീലിമ: നോവൽ, ലാലി രംഗനാഥ്  

Nov 21, 2026 - 07:04
 0  11
നീലിമ: നോവൽ,   ലാലി രംഗനാഥ്  


ഭാഗം 6


 പരിണയം

ശാരിയും അച്ഛനും വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ മരണത്തിന്റെ
നിശ്ശബ്ദത അവർക്ക് അനുഭവിച്ചറിയാനാകുമായിരുന്നു.

 നീലുവിന്റെ അമ്മൂമ്മയുടെ ചലനമറ്റ ശരീരത്തോടൊപ്പം, അവരുടെ തേങ്ങലുകളും അലിഞ്ഞുചേർന്നു.

" ശാരീ ".. എന്ന് വിളിച്ച് അവൾ തേങ്ങുമ്പോൾ അവളുടെ അമ്മയുടെ കണ്ണുകളിലെ നിർജ്ജീവത ഒറ്റപ്പെടലിന്റെ നീറ്റൽ വിളിച്ചറിയിക്കുന്നതായിരുന്നു.

 ആ വലിയ വീട്ടിനുള്ളിൽ കട്ടപിടിച്ചു നിന്ന മൂകതയ്ക്ക് വിരാമമിട്ടത് ചുരുക്കം ചില അയൽക്കാരുടെ സംഭാഷണങ്ങളാണ്.

 ഒരാൾ..
" രമേശിനെ വിവരമറിയിച്ചോ.. എവിടെയാണയാൾ?
 ദൂരെയുള്ള ബന്ധുക്കളെയൊക്കെ അറിയിച്ചോ?

 മറ്റൊരാൾ..

" ആവോ..അറിയിച്ചിട്ടുണ്ടാവും. ഇവർക്ക് ബന്ധുക്കളും കുറവാണല്ലോ? "

 അവ്യക്തതകൾക്ക് മറുപടി എന്നോണം ശാരിയുടെ അച്ഛൻ പറഞ്ഞു.

" രമേശിനെ വിവരമറിയിച്ചിട്ടുണ്ട്, അയാൾ ടൗണിലുണ്ട്. ഇപ്പോഴെത്തും. "

 നീലുവിന്റെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ അർത്ഥം അറിയുന്ന ശാരി അവളെ ചേർത്തുപിടിച്ചു. എന്നും അന്തർമുഖിയായിരുന്ന അവളുടെ അമ്മയുടെ ചിന്തകൾ അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെട്ടല്ലോ എന്ന് ഉള്ളുരുകുന്നു ണ്ടായിരുന്നു. ആ മനസ്സറിഞ്ഞോണം അവൾ അമ്മയോട് ചോദിച്ചു.

" ഒന്നുറക്കെ കരഞ്ഞൂടെ അമ്മയ്ക്ക്? "

 ഇങ്ങനെ ചോദിച്ച നീലുവിന്റെ ശബ്ദത്തിന് ഒരു നിശ്ചയദാർഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു.

 കുറച്ചു ബന്ധുക്കൾ വീടിനുള്ളിലേക്ക് കടന്നുവന്ന്,നീലുവിനെയും അമ്മയെയും ആശ്വസിപ്പിച്ചും മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കുമൊക്കെയായി വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മുറിക്കുള്ളിലേക്ക് രമേശും കുറച്ചു കൂട്ടുകാരും കുറച്ചു ബന്ധുക്കളുമായി കടന്നുവന്നു. അയാളുടെ ഉള്ളിലെ വികാരം എന്തായിരുന്നുവെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കുവാനാകുമായിരുന്നില്ല.

 എന്നും അയാൾ അങ്ങനെയായിരുന്നു. പക്ഷേ അമ്മൂമ്മയെ ചേർത്തുപിടിക്കുമ്പോൾ, അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു.

 അധികമാരും വരാനില്ലാതിരുന്നതുകൊണ്ട് ഏറെ വൈകാതെ ചടങ്ങുകളെല്ലാം കഴിച്ച്,ആ ശരീരം ചിതയിലേയ്ക്കെടുത്തപ്പോൾ നീലുവിന് പിടിച്ചുനിൽക്കാനായില്ല. അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെനേരം കഴിഞ്ഞ് ചിതയെരിയുമ്പോൾ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അമ്മയെ തലോടി അവൾ മന്ത്രിച്ചു.

" അമ്മയ്ക്ക് ഞാനുണ്ട്. ഈ ജീവിതം നമ്മൾ ജീവിച്ചു തന്നെ തീർക്കണം. അമ്മുമ്മയുടെ ആത്മാവ് നമ്മളോടൊപ്പമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്."

 സാന്ത്വനത്തിന്റെ ഒരു കുളിർമഴ സാധുവായ  ആ അമ്മയിലേക്ക് പകരുമ്പോൾ ഒരു യോദ്ധാവിന്റെ ഇച്ഛാശക്തി അവളിൽ ഉണരുകയായിരുന്നു.

 ഏകദേശം ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും ഒരു ദിവസം ശാരിയുടെ വീട്ടിൽ വന്നിട്ട് നീലു വളരെ ഗൗരവത്തോടെ പറഞ്ഞു.

" എടീ...ഞാൻ സൂര്യയോടൊപ്പം ജീവിതം തുടങ്ങാൻ തീരുമാനിച്ചു.  എല്ലാ വിവരങ്ങളും ഞാനിന്നലെ അമ്മയോട് പറഞ്ഞു. ചേട്ടൻ എനിക്ക് വേണ്ടി ഒരു വിവാഹാലോചന ഉറപ്പിക്കാൻ തീരുമാനിച്ചത്രേ. അവരെന്നെ കാണാൻ വരുമെന്ന് എന്നോട് പറയാൻ അമ്മയെ പറഞ്ഞേൽപ്പിച്ചിരിക്കുന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ സൂര്യയാണ് എന്നോട് പറഞ്ഞത്.
 പരിമിതികൾ പകുത്തെടുക്കാമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിച്ചു തുടങ്ങാമെന്ന്. പണമല്ല ജീവിതമെന്ന് തിരിച്ചറിയുന്നുവെങ്കിൽ അമ്മയെയും കൂടെ കൂട്ടിക്കോളൂ എന്നും.

 എന്നിട്ട് എന്തു പറഞ്ഞു അമ്മ? ആകാംക്ഷയോടെ ശാരി ചോദിച്ചു.

" ക്ഷമയോടെ എല്ലാം കേട്ടു.കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നീട് എന്റെ അടുത്ത് വന്നിരുന്ന് ചേർത്തു പിടിച്ചിട്ട് പറഞ്ഞു.

" മോളെ.. സൂര്യയെ ഞാൻ കണ്ടിട്ടില്ലെങ്കിലും നിന്നെ മനസ്സിലാക്കാൻ എനിക്കാവുന്നത് കൊണ്ട് ഈ ബന്ധത്തിന് എതിര് നിൽക്കാനാവുന്നില്ല. പക്ഷേ അമ്മ മോളോടൊപ്പം വരില്ല. രമേശനൊപ്പം മാത്രമേ ജീവിക്കുകയുള്ളൂ.
വിഷപ്പാമ്പിനെയാണ് പ്രസവിച്ചതെങ്കിലും ഒരമ്മയ്ക്ക് പാലൂട്ടി വളർത്താനേ കഴിയുള്ളൂ. അതാണ് അമ്മ.

 "ഒരു ദിവസം സൂര്യയെ ഇവിടേക്ക് വരാൻ പറയൂ, രമേശറിയാതെ."

 കോഴ്സിന്‍റെ ഭാഗമായി രമേശിനോട്,ഹോസ്റ്റലിൽ നിൽക്കാനുള്ള അനുവാദവും വാങ്ങി ഹോസ്റ്റലിൽ താമസം തുടങ്ങിയപ്പോഴും അവളുടെ മനസ്സിൽ സൂര്യയുമായുള്ള ജീവിതം മാത്രമായിരുന്നു ലക്ഷ്യം.

 ശാരിക്ക് അവളുടെ അച്ഛനോട് നീലുവിന്റെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞു ബോധിപ്പിക്കേണ്ടി വന്നു. സത്യത്തിന്റെ വഴികളാണ് സൂര്യയുടേതെന്ന് അദ്ദേഹം അന്വേഷണങ്ങളിലൂടെ മനസ്സിലാക്കിയപ്പോൾ നീലുവും സൂര്യയുമാ യുള്ള ബന്ധത്തിന് അനുകൂലിക്കുകയേ തരമുണ്ടായിരുന്നുള്ളൂ.

 അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഹോസ്റ്റലിൽ നിന്നും താൻ പോകുന്നത് പുതിയൊരു ജീവിതം തുടങ്ങുന്നതിലേയ്ക്കാണെന്ന് ഓർത്തപ്പോൾ നീലുവിന്റെ മനസ്സൊന്നു പിടഞ്ഞു.
ചന്ദന നിറമുള്ള കസവ് സാരിയുടുത്ത്, ഒരു പൊട്ടു മാത്രം തൊട്ട്, മുഖത്ത് ചായങ്ങളൊന്നും തേയ്ക്കാതിരുന്നിട്ടും അവളുടെ മുഖത്ത് ഐശ്വര്യം പൂത്തു വിടർന്നു നിൽക്കുന്നുണ്ടായിരുന്നു. നല്ല ഉയരവും,സ്ത്രീ സൗന്ദര്യത്തിന് ഇണങ്ങിയ ശരീരവടിവുമുള്ള അവൾ ആരുടെ കണ്ണുകൾക്കും മനോഹരിയായിരുന്നു.

 പറഞ്ഞേൽപ്പിച്ചിരുന്നത് പോലെ ശാരി നീലുവിന്റെ അമ്മയുമായി വഴിയിൽ കാത്തു നിന്നു.

 സൂര്യയുടെ ആഗ്രഹപ്രകാരമാണ് അവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാൻ ടൗണിൽ നിന്നും കുറച്ചകലെയുള്ള ഒരു പ്രദേശത്തെ ചെറിയൊരമ്പലം അവർ തിരഞ്ഞെടുത്തത്. അമ്പലത്തിന്റെ മുന്നിൽ ശാരിയും,അച്ഛനും,നീലുവും,അമ്മയും എത്തിയപ്പോൾ അവരെയും കാത്ത് സൂര്യയും അമ്മയുമുണ്ടായിരുന്നു.

 കസവുമുണ്ടും,ഷർട്ടും  ധരിച്ച്,വിടർന്ന തേജസുറ്റ കണ്ണുകളും,നീണ്ട നാസികയും നല്ല ഉയരവും വെട്ടിയൊതുക്കിയ
താടിയുമുള്ള സൂര്യയ്ക്ക് ഒരു യോഗിയുടെ മുഖചൈതന്യമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ സരോജം മനസ്സിലുരുവിട്ടു.

" എന്റെ മോൾക്കായി  ജനിച്ചവൻ തന്നെയാണ് സൂര്യ.വീർപ്പുമുട്ടലുകളിൽ നിന്ന് അവൾ രക്ഷപ്പെടട്ടെ. പ്രിയപ്പെട്ട ഒരാളുമായി അവൾ ജീവിതം ജീവിച്ചു തീർക്കട്ടെ. "

 ആ അമ്മയുടെ മനസ്സ് മന്ത്രിച്ചത് അതായിരുന്നു.

 പരസ്പരം തുളസി മാല ചാർത്തി, ദേവിയുടെ മുന്നിൽ അഗ്നിസാക്ഷിയായി, സൂര്യയും നീലുവും ഒന്നായപ്പോൾ അടുത്തുള്ള കാവിൽ രണ്ട് സർപ്പങ്ങൾ ഉടലൊന്നായി ഇണചേർന്ന നിർവൃതിയിലാ യിരുന്നു. കാടും പടർപ്പുമുള്ള സർപ്പക്കാവിന്റെ ഉള്ളിൽ കടന്ന് പ്രാർത്ഥിച്ചിട്ട്, സൂര്യ അവളെ തന്റെ നെഞ്ചോട് ചേർത്ത് നെറ്റിയിൽ ചുംബിച്ചു. അപ്പോൾ ആ പ്രണയത്തിന്റെ അടയാളപ്പെടുത്തലിൽ പുളകം കൊണ്ട്, അമ്മൂമ്മയെ മനസ്സിലോർത്ത്,പ്രാർത്ഥനയോടെ അവൾ അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്ത് മന്ത്രിച്ചു.

"സൂര്യാ.. ഇനി എന്റെ ആത്മാവിന് ഒറ്റയ്ക്ക് ജീവിക്കാനാവില്ല. രണ്ട് ശരീരവും
ഒരാത്മാവുമാണ് നമ്മൾ ഇനി എന്നും. വേറിട്ടാൽ നമ്മുടെ ശരീരങ്ങൾക്ക് ആത്മാവുണ്ടാവുകയില്ല."

 ശാരി ഓർമ്മകളിൽ നിന്നും തിരിച്ചെത്തി.

" അതെ.. അവൾ അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്. സൂര്യയെ പിരിഞ്ഞ് അവളുടെ ശരീരത്തിന് ആത്മാവില്ലെന്ന്. ഈശ്വരാ...എന്റെ നീലുവിനെ ഈ മാനസികാവസ്ഥയിൽ നിന്നും കരകയറ്റാൻ ഒരു വഴി കാണിച്ചു തരണേ.. "

 മടിയിൽ ഉറങ്ങിക്കിടക്കുന്ന നീലുവിന്റെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ ശാരിയുടെ മനസ്സ് തേങ്ങി.

അപ്പോഴാണ് പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ടത്.സന്ദീപാവും
 എന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേക്കും കോളിംഗ് ബെൽ  ശബ്ദിച്ചു