മൂന്നാം ദിനവും മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം താത്ക്കാലികമായി നിർത്തിവെച്ചു
ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ച ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം താത്ക്കാലികമായി നിർത്തിവെച്ചു. ഇന്ന് രണ്ട് ഡോസ് മയക്കുവെടി വെച്ചിട്ടും ആന മയങ്ങിയില്ല. തുടർന്ന് ജലാശയത്തിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ അരമണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന അക്രമാസക്തനായി മാറുകയും ദൗത്യസംഘത്തിന് നേരെയും തിരിയുകയും ചെയ്തു.
വൈകിട്ട് മൂന്ന് മണിയോടെയാണ് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. കഴിഞ്ഞ ദിവസം 301 ഏക്കറിലെ അങ്കണവാടിക്ക് സമീപം മയക്കുവെടി വെച്ച സ്ഥലത്തിനടുത്തായിരുന്നു ഇന്നത്തെയും നടപടി. വെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിലേക്ക് ഇറങ്ങിയത് ആശങ്കയ്ക്ക് കാരണമായി. തുടർന്ന് ബോട്ടിലെത്തിയ ദൗത്യസംഘം ആനയെ കരയ്ക്കെത്തിച്ചു.
അൽപ്പനേരം അനങ്ങാതെ നിന്ന ചക്കക്കൊമ്പൻ പിന്നീട് ഈട്ടിക്കവല ഭാഗത്തേക്ക് ഓടുകയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങൾ നിറഞ്ഞ പ്രദേശത്തു നിന്ന് ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയ ആന മറുകരയിലേക്ക് നീന്താനും തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ചക്കക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ദൗത്യത്തിന്റെ മൂന്നാം ദിവസമായ ഇന്നും വനംവകുപ്പ് നടപടികൾ തുടർന്നത്.