ഗുരുനാഥൻ: കവിത, ഉഷാ മുരുകൻ 

ഗുരുനാഥൻ: കവിത,  ഉഷാ മുരുകൻ 

ആചന്ദ്രതാരസമപ്രഭാപൂർണ്ണമാം

ലോകഗുരുവിനാകട്ടെയെൻനമസ്കാരം

എന്നുമെന്നാദ്യസാഷ്ടാംഗനമസ്കാരം

ബാഹ്യലോകമാകവേതങ്കരശ്മിയാംകരങ്ങളാൽ

മാർത്താണ്ഡബിംബപ്രദീപ്തംമനോഹരം

എന്നന്തരാത്മാവിൽവിളങ്ങുംതിരിനാളമായ് 

അകക്കണ്ണുതുറപ്പിച്ചൊരിന്ദീവരപ്രഭാവമേ

ഏതോവിമൂകമാമജ്ഞാതപഞ്ജരത്തി-

ലെന്നോപിറവികൊള്ളുന്നൊരാത്മാവിൻ

ശൂന്യതയിങ്കലറിവിന്റെസൂക്തംചൊരിഞ്ഞുള്ള

മന്വന്തരജ്ഞാനശില്പിയാംജ്യോതിരൂപമേ

നീതിസാരതത്വത്തെസംഗ്രഹിച്ചെനിക്ക

മൃതായ് സാരസ്വതമായേകിയധന്വന്തരമൂർത്തിയായ്

 

ജിജ്ഞാസുക്കളാംശതസഹസ്രംഭിക്ഷാംദേഹികളി-

ലറിവിന്റെയഗ്നിനാളങ്ങളങ്കുരിപ്പിച്ചു

മൗനത്തിൻഭാഷയിലുറഞ്ഞവിദ്യാദാനംകൊ-

ണ്ടജ്ഞാനതിമിരമാമന്ധകാരമകറ്റിടൂ

ജ്ഞാനസ്മൃതിബുദ്ധികല്പനാപ്രതിഭാദി

പഞ്ചജ്ഞാനേന്ദ്രിയങ്ങളുമുദ്ദീപനംചെയ്തു

നിസ്വാർത്ഥചിന്തയുംസന്മാർഗ്ഗദർശനവുമാത്മ-

വിശുദ്ധിയുംസർവ്വദാതെളിയട്ടെസർവ്വരിലും

ചോരനാകില്ലപഹരിക്കാനൊരിക്കലുംവിദ്യയി-

തില്ലെങ്കിലീയുലകിൽവ്യർത്ഥമീജിവിതം

മൽപിതാവിനെമാതാവിനെതന്നെയും

പ്രപഞ്ചത്തിനാധാരശക്തിയാംദൈവത്തെ യും

ഏതെന്നുള്ളറിവെനിക്കുളവാക്കിയതുമീസത് -

ത്രിഭുവനതേജസ്വിതൻതൃക്കടാക്ഷമല്ലോ 

നിർമ്മലനിരപേക്ഷമവർണ്ണനീയമാകട്ടെ 

ഗുരു-ശിഷ്യബന്ധമെന്നുമീപ്രപഞ്ചത്തിൽ

 

ആരാണഹംപരബ്രഹ്മവുമെന്തുബന്ധമിവ-

രണ്ടുമെന്നുള്ളദ്ധ്യാത്മികസൂക്ഷ്മതലങ്ങളിൽ

ധർമ്മത്തിൻതത്വമറിഞ്ഞുമോക്ഷമാർഗ്ഗമുപദേശിക്കും

പരമഗുരുതാൻശ്രേഷ്ഠമാമുത്തുംഗപദമലങ്കരിപ്പൂ

ആചന്ദ്രതാരസമപ്രഭാപൂർണ്ണമാം

ലോകഗുരുവിനാകട്ടെയെൻനമസ്ക്കാരം

എന്നുമെന്നാദ്യസാഷ്ടാംഗനമസ്ക്കാരം.